Kerala

നിയന്ത്രിതമേഖലകളിലെ രോഗികള്‍ക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രത്യേക ചികില്‍സാകേന്ദ്രം

ട്രീറ്റ്മെന്റ് ഏരിയ, പ്രൊസീജിയര്‍ റൂം, വാര്‍ഡ്, ഐസിയു, സ്രവ പരിശോധനാകേന്ദ്രം, പ്രത്യേക എക്സ്റേ സംവിധാനം, ഓപറേഷന്‍ തിയറ്റര്‍ എന്നിവ പ്രത്യേകമായി ഇവിടെ തയ്യാറാക്കിയിട്ടുണ്ട്. സ്രവമെടുക്കുന്നതിനായി വിസ്‌ക് സംവിധാനവും സജ്ജമാക്കിയിട്ടുണ്ട്.

നിയന്ത്രിതമേഖലകളിലെ രോഗികള്‍ക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രത്യേക ചികില്‍സാകേന്ദ്രം
X

തിരുവനന്തപുരം: ഹോട്ട്‌സ്പോട്ടുകള്‍, കണ്ടെയ്ന്‍മെന്റ് സോണുകള്‍ തുടങ്ങിയ നിയന്ത്രണമേഖലകളില്‍നിന്നും തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് പ്രത്യേക ചികില്‍സാകേന്ദ്രം സജ്ജമായി. മെഡിക്കല്‍ കോളജ് പ്രവേശന കവാടത്തിന് സമീപമുള്ള പുതിയ അത്യാഹിത വിഭാഗത്തിലാണ് എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക ചികില്‍സാകേന്ദ്രം അടിയന്തരമായി സജ്ജീകരിച്ചിരിക്കുന്നത്. ആരോഗ്യമന്ത്രി കെ കെ ശൈലജ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം വഴി പുതിയ ചികില്‍സാ സംവിധാനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.


രോഗികള്‍ക്ക് കൊവിഡ് ഭീതിയില്ലാതെ ചികില്‍സ ലഭ്യമാക്കാനും ജീവനക്കാര്‍ക്ക് സുരക്ഷിതമായി ജോലിചെയ്യാനുമാണ് പ്രത്യേക ചികില്‍സാകേന്ദ്രം സജ്ജമാക്കിയത്. പുതിയ സംവിധാനം വഴി കൊവിഡ് രോഗികളും മറ്റു രോഗികളും തമ്മിലുള്ള സമ്പര്‍ക്കം ഒഴിവാക്കാനും കൊവിഡ് പ്രതിരോധം ശക്തിപ്പെടുത്താനുമാവുമെന്നും മന്ത്രി വ്യക്തമാക്കി. ട്രയേജ് മുതല്‍ ഓപറേഷന്‍ തീയറ്റര്‍വരെയുള്ള വിപുലമായ സംവിധാനമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

ട്രീറ്റ്മെന്റ് ഏരിയ, പ്രൊസീജിയര്‍ റൂം, വാര്‍ഡ്, ഐസിയു, സ്രവ പരിശോധനാകേന്ദ്രം, പ്രത്യേക എക്സ്റേ സംവിധാനം, ഓപറേഷന്‍ തിയറ്റര്‍ എന്നിവ പ്രത്യേകമായി ഇവിടെ തയ്യാറാക്കിയിട്ടുണ്ട്. സ്രവമെടുക്കുന്നതിനായി വിസ്‌ക് സംവിധാനവും സജ്ജമാക്കിയിട്ടുണ്ട്. ഹോട്ട്‌സ്പോട്ടില്‍നിന്നും കണ്ടെയ്ന്‍മെന്റ് സോണില്‍നിന്നും ആശുപത്രിയിലെ ഒപിയിലും അത്യാഹിതവിഭാഗത്തിലും ചികില്‍സയ്ക്കെത്തുന്ന രോഗികളെ അവിടത്തെ ഹെല്‍പ്പ് ഡെസ്‌കില്‍ സ്‌ക്രീനിങ് ചെയ്ത ശേഷം പുതിയ ചികില്‍സാകേന്ദ്രത്തിലേയ്ക്ക് വിടും. ഈ രോഗികളെ ട്രയേജിലുള്ള ഡോക്ടര്‍മാര്‍ പരിശോധിച്ച ശേഷം മറ്റ് സൂപ്പര്‍ സ്പെഷ്യാലിറ്റി ചികിത്സ ആവശ്യമുള്ളവരെ അതാത് ബന്ധപ്പെട്ട ഡോക്ടര്‍മാരെത്തി ഇവിടെ തന്നെയുള്ള വാര്‍ഡിലോ ഐസിയുവിലോ പ്രവേശിപ്പിച്ച് ചികില്‍സിക്കും.

തുടര്‍ന്ന് കൊവിഡ് പരിശോധനയും നടത്തുന്നതാണ്. ഫലം പോസിറ്റീവാണെന്ന് കണ്ടാല്‍ കൊവിഡ് ചികില്‍സാകേന്ദ്രത്തിലേയ്ക്കും നെഗറ്റീവാണെങ്കില്‍ അതാത് ചികില്‍സാവിഭാഗങ്ങളിലേക്കും മാറ്റുന്നതായിരിക്കും. സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ജില്ലാ കലക്ടര്‍ ഡോ. നവജ്യോത് ഖോസ എന്നിവര്‍ ആശംസകളറിയിച്ചു. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. സാറ വര്‍ഗീസ്, ആശുപത്രി സൂപ്രണ്ട് ഡോ. എം എസ് ഷര്‍മദ്, എസ്എടി സൂപ്രണ്ട് ഡോ. എ സന്തോഷ് കുമാര്‍, ഡെപ്യൂട്ടി സൂപ്രണ്ടുമാരായ ഡോ. ജോബി ജോണ്‍, ഡോ. സുനില്‍കുമാര്‍, ആര്‍എംഒ ഡോ. മോഹന്‍ റോയ്, എആര്‍എംഒ ഡോ. ഷിജു മജീദ്, ഡോ. എസ് സുജാത, മെഡിസിന്‍ വിഭാഗം മേധാവി ഡോ. രവികുമാര്‍ കുറുപ്പ്, നോഡല്‍ ഓഫിസര്‍ ഡോ. എം കെ സുരേഷ്, ഇന്‍ഫെഷ്യസ് ഡിസീസ് വിഭാഗം മേധാവി ഡോ.അരവിന്ദ്, എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം മേധാവി ഡോ. മായ, നഴ്സിങ് ഓഫിസര്‍ സുഭദ്ര, സെക്യൂരിറ്റി ഓഫിസര്‍ ഇന്‍ചാര്‍ജ് ശ്രീകുമാര്‍, മറ്റ് വകുപ്പ് മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it