Kerala

തുടർച്ചയായ ജാതീയാധിക്ഷേപം; ദലിത് സോപാനഗായകന്‍ ജോലി ഉപേക്ഷിക്കാനൊരുങ്ങുന്നു

കൊച്ചി ദേവസ്വം ബോര്‍ഡിന് കീഴില്‍ ദലിത് വിഭാഗത്തില്‍ നിന്ന് നിയമിതനായ ആദ്യ ഉദ്യോഗാര്‍ഥിയാണ് വിനില്‍ ദാസ്.

തുടർച്ചയായ ജാതീയാധിക്ഷേപം; ദലിത് സോപാനഗായകന്‍ ജോലി ഉപേക്ഷിക്കാനൊരുങ്ങുന്നു
X

കൊച്ചി: ദലിത് സോപാന ഗായകനെ ക്ഷേത്ര ഉപദേശക സമിതി അംഗങ്ങള്‍ ഉപദ്രവിക്കുന്നതായി ആരോപിച്ച് ജോലി ഉപേക്ഷിക്കാനൊരുങ്ങുന്നു. കൊച്ചി ദേവസ്വം ബോര്‍ഡിനു കീഴിലെ ചേരാനെല്ലൂര്‍ കാര്‍ത്ത്യായനി ഭഗവതി ക്ഷേത്രത്തിലെ സോപാന ഗായകന്‍ ഡി വിനില്‍ ദാസാണ് ജോലി ഉപേക്ഷിക്കാനൊരുങ്ങുന്നത്. കൊച്ചി ദേവസ്വം ബോര്‍ഡിന് കീഴില്‍ ദലിത് വിഭാഗത്തില്‍ നിന്ന് നിയമിതനായ ആദ്യ ഉദ്യോഗാര്‍ഥിയാണ് വിനില്‍ ദാസ്.

2019 ജൂലായിലാണ് വിനില്‍ദാസ് ചേരാനല്ലൂര്‍ കാര്‍ത്ത്യായനി ഭഗവതി ക്ഷേത്രത്തിലെ സോപാന ഗായകനായി ജോലിയില്‍ പ്രവേശിക്കുന്നത്. എന്നാല്‍ ക്ഷേത്ര ഉപദേശക സമിതി അംഗങ്ങളുടെ തുടര്‍ച്ചയായ ജാതീയ അധിക്ഷേപവും ഉപദ്രവും ഏല്‍ക്കേണ്ടി വരുകയും ചെയ്തിരുന്നു. ഇതിനിടെ ദലിതനായ വിനില്‍ ദാസിന് ക്ഷേത്രത്തിനകത്ത് സോപാന വിലക്ക് ഏര്‍പ്പെടുത്തിയത് വിവാദമായിരുന്നു. ഇതേത്തുടര്‍ന്ന് ക്ഷേത്ര ഉപദേശക സമിതി രാജിവെക്കുകയും കോടതി ഇടപെടലുകളിലൂടെ വിനില്‍ ദാസ് ജോലിയില്‍ തിരിച്ചെത്തുകയുമായിരുന്നു. അതേസമയം വിനില്‍ ദാസിനെ ഇപ്പോള്‍ സ്ഥലം മാറ്റിയിരിക്കുകയാണ് ദേവസ്വം ബോര്‍ഡ്.

സോപാന വിലക്കേര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം ഫെബ്രുവരി അഞ്ചിനാണ് ക്ഷേത്ര ഉപദേശക സമിതി രാജി വെക്കുന്നത്. തുടര്‍ന്ന് ആറാം തീയതി ഇവര്‍ ബാങ്ക് അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിക്കുകയും ചെയ്തിരുന്നു. ഇത് സംബന്ധിച്ച് ഒരു ഭക്തന്റെ പരാതി വിനില്‍ ദാസ് ദേവസ്വംബോര്‍ഡ് ഓഫീസറിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇക്കഴിഞ്ഞ 31ാം തീയതി കൗണ്ടര്‍ ഡ്യൂട്ടിയില്‍ നിന്ന് വിനില്‍ ദാസിനെ മാറ്റുകയായിരുന്നു. ബാങ്ക് തിരിമറിയടക്കമുള്ള കാര്യങ്ങള്‍ ദേവസ്വംബോര്‍ഡിനെ അറിയിച്ചതോടെയാണ് തനിക്കെതിരേ വീണ്ടും അധിക്ഷേപങ്ങള്‍ നടത്തുകയും സ്ഥലംമാറ്റുകയും ചെയ്തിരിക്കുന്നതെന്നാണ് വിനില്‍ദാസ് ആരോപിക്കുന്നത്.

ക്ഷേത്ര ഉപദേശക സമിതിയിലെ ചില ജീവനക്കാരാണ് ഇത്തരത്തില്‍ ഉപദ്രവിച്ചുകൊണ്ടിരിക്കുന്നത്. ഇനിയും ജോലിയില്‍ തുടരാനുള്ള മാനസികാവസ്ഥയിലല്ല ഞാന്‍. അധികാരവും സമ്പത്തുമുള്ളവരാണ് അവര്‍. എന്നെ അപായപ്പെടുത്തുമോ എന്ന ഭയം എനിക്കുണ്ട്. അതിനാല്‍ ജോലി ഉപേക്ഷിക്കുകയല്ലാതെ എന്റെ മുന്നില്‍ മറ്റ് മാര്‍ഗങ്ങളൊന്നുമില്ല. ജോലിയില്‍ എന്തെങ്കിലും വീഴ്ച വരുകയോ എന്റെ ഭാഗത്ത് നിന്ന് മറ്റ് തെറ്റുകളോ ഉണ്ടായിട്ടുണ്ടെങ്കില്‍ ഇത്തരമൊരു നടപടി സ്വീകരിച്ചാല്‍ പ്രശ്നമില്ലായിരുന്നു. എന്നാല്‍ ഇത്തരത്തില്‍ യാതൊരു വീഴ്ചയും വരുത്താതെ തനിക്കെതിരേ നടപടിയെടുത്തതില്‍ വിഷമമുണ്ടെന്ന് വിനില്‍ ദാസ് പറഞ്ഞു.


Next Story

RELATED STORIES

Share it