Kerala

എംഎൽഎക്ക് മർദ്ദനം: പ്രതിപക്ഷം നിയമസഭ സ്തംഭിപ്പിച്ചു; സഭ നിർത്തിവച്ച് സ്പീക്കര്‍ ഇറങ്ങിപ്പോയി

പ്രതിപക്ഷ നിരയിൽ നിന്നും ഐ സി ബാലകൃഷ്ണന്‍, അന്‍വര്‍ സാദത്ത്, റോജി എം ജോണ്‍ എന്നിവരാണ് ഡയസിൽ കയറി മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചത്. ഇതോടെ സഭാ നടപടികള്‍ നിര്‍ത്തിവെച്ച് സ്പീക്കര്‍ ഇറങ്ങിപ്പോയി.

എംഎൽഎക്ക് മർദ്ദനം: പ്രതിപക്ഷം നിയമസഭ സ്തംഭിപ്പിച്ചു; സഭ നിർത്തിവച്ച് സ്പീക്കര്‍ ഇറങ്ങിപ്പോയി
X

തിരുവനന്തപുരം: കേരള സർവകലാശാലയിലെ മാർക്ക് തട്ടിപ്പിനെതിരെ കെ.എസ്‍.യു നടത്തിയ മാര്‍ച്ചിനിടെ ഷാഫി പറമ്പില്‍ എംഎല്‍എ ഉള്‍പ്പടെയുള്ളവര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ പ്രതിപക്ഷം നിയമസഭ സ്തംഭിപ്പിച്ചു. പ്രതിഷേധം ശക്തമായതോടെ സഭ നിർത്തിവച്ചു. മൂന്ന് എംഎല്‍എമാര്‍ സ്പീക്കറുടെ ഡയസില്‍ കയറി പ്രതിഷേധിച്ചതോടെ സ്പീക്കർ ശ്രീരാമകൃഷ്ണൻ എഴുന്നേറ്റ് പോയി.

പ്രതിപക്ഷ നിരയിൽ നിന്നും ഐ സി ബാലകൃഷ്ണന്‍, അന്‍വര്‍ സാദത്ത്, റോജി എം ജോണ്‍ എന്നിവരാണ് സ്പീക്കറുടെ ഇരിപ്പിടത്തിന് സമീപത്തേക്ക് കയറി മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചത്. ഇതോടെ സഭാ നടപടികള്‍ നിര്‍ത്തിവെച്ച് സ്പീക്കര്‍ ഇറങ്ങിപ്പോയി. ഷാഫി പറമ്പില്‍ എംഎല്‍എക്ക് മര്‍ദ്ദനമേറ്റതടക്കമുള്ള സംഭവങ്ങള്‍ ആഭ്യന്തര സെക്രട്ടറി അന്വേഷിക്കുമെന്ന് മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു.

ഷാഫിയുടെ രക്തം പുരണ്ട വസ്ത്രവുമായാണ് പ്രതിപക്ഷം സഭയിലെത്തിയത്.ചോദ്യോത്തരവേള റദ്ദാക്കി അടിയന്തര പ്രമേയം പരിഗണിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ആവശ്യം സ്പീക്കര്‍ അംഗീകരിക്കാത്തതിനെ തുടര്‍ന്ന് പ്രതിപക്ഷം ചോദ്യോത്തരവേള ബഹിഷ്കരിച്ചു. തുടർന്ന് അടിയന്തര പ്രമേയമായി വിഷയം പരിഗണിച്ചപ്പോഴായിരുന്നു ബഹളം. അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതാണ് ബഹളത്തിലേക്ക് നയിച്ചത്. ഭരണ- പ്രതിപക്ഷ അംഗങ്ങൾ പരസ്പരം വാക്പ്പോര് നടത്തി. മർദ്ദനത്തിന് നേതൃത്വം നൽകിയ പോലിസ് ഉദ്യോഗസ്ഥരുടെ പേര് പറഞ്ഞാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. ഈ ഉദ്യോഗസ്ഥരെ അടിയന്തരമായി സസ്പെന്റ് ചെയ്ത് അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

സഭാ സ്തംഭനത്തെ തുടര്‍ന്ന് സ്പീക്കറും മുഖ്യമന്ത്രിയും തമ്മില്‍ ചര്‍ച്ച നടത്തി. സ്പീക്കറുടെ ഡയസില്‍ കയറിയ എംഎല്‍എമാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഭരണപക്ഷം ആവശ്യപ്പെട്ടു. തുടർന്ന് നടപടികൾ വേഗത്തിലാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞു.


Next Story

RELATED STORIES

Share it