Kerala

ലാബ് പരിശോധനയില്‍ ഗുരുതര പിഴവ്: 15,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

തുക നല്‍കിയ ശേഷം രണ്ടുമാസത്തിനകം ജില്ലാ മെഡിക്കല്‍ ഓഫിസര്‍ കമ്മീഷനില്‍ നടപടി റിപോര്‍ട്ട് സമര്‍പ്പിക്കണം. 67 വയസ്സുള്ള പ്രസന്നയുടെ രക്തപരിശോധനയിലാണ് പിഴവ് കണ്ടെത്തിയത്.

ലാബ് പരിശോധനയില്‍ ഗുരുതര പിഴവ്: 15,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍
X

തിരുവനന്തപുരം: ചെമ്മരുതി പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ലാബില്‍ നടത്തിയ രക്തപരിശോധനയില്‍ പ്ലേറ്റ് ലെറ്റ് കൗണ്ടില്‍ ഗുരുതര പിഴവ് കണ്ടെത്തിയ സംഭവത്തില്‍ വയോധികയായ രോഗിക്ക് 15,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ നഷ്ടപരിഹാരം നല്‍കിയ ശേഷം പ്രസ്തുത തുക ആവശ്യമെങ്കില്‍ ബന്ധപ്പെട്ട ജീവനക്കാരില്‍നിന്ന് നിയമപ്രകാരം ഈടാക്കാവുന്നതാണെന്നും കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവില്‍ പറഞ്ഞു. തുക നല്‍കിയ ശേഷം രണ്ടുമാസത്തിനകം ജില്ലാ മെഡിക്കല്‍ ഓഫിസര്‍ കമ്മീഷനില്‍ നടപടി റിപോര്‍ട്ട് സമര്‍പ്പിക്കണം. 67 വയസ്സുള്ള പ്രസന്നയുടെ രക്തപരിശോധനയിലാണ് പിഴവ് കണ്ടെത്തിയത്.

ചെമ്മരുതി സ്വദേശിനി സ്വപ്‌നാ സുജിത് സമര്‍പ്പിച്ച പരാതിയിലാണ് നടപടി. സ്വപ്‌നയുടെ അമ്മ പ്രസന്നയ്ക്ക് തുക നല്‍കണമെന്നാണ് ഉത്തരവ്. പ്രമേഹരോഗ ചികില്‍സയുടെ ഭാഗമായാണ് പ്രസന്നയുടെ പ്ലേറ്റ്‌ലെറ്റ് കൗണ്ട് ഇക്കഴിഞ്ഞ ജനുവരി 4ന് ചെമ്പരുതി പ്രാധമികാരോഗ്യകേന്ദത്തിലെ ലാബില്‍ പരിശോധിച്ചത്. ഫലം വന്നപ്പോള്‍ 10,000 സെല്‍സ് മാത്രമാണ് കണ്ടെത്തിയത്.

ഒന്നര ലക്ഷം മുതല്‍ നാലുലക്ഷം വരെയാണ് അവശ്യം വേണ്ട സെല്‍സ്. രോഗിക്ക് അടിയന്തരമായി വിദഗ്ധചികില്‍സ നല്‍കണമെന്ന നിര്‍ദേശത്തെ തുടര്‍ന്ന് കൊല്ലത്തെ സ്വകാര്യാശുപത്രിയിലെത്തിച്ച് പരിശോധിച്ചപ്പോള്‍ 1,82,000 സെല്‍സ് കണ്ടെത്തി. ഇതുസംബന്ധിച്ച് പരാതി പറയാന്‍ ആശുപത്രിയിലെത്തിയ പരാതിക്കാരിയോട് പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഡോക്ടറും ഹെല്‍ത്ത് ഇന്‍സ്‌പെക്ടറും മോശമായി പെരുമാറിയെന്നും പരാതിയില്‍ പറയുന്നു.

കമ്മീഷന്‍ ജില്ലാ മെഡിക്കല്‍ ഓഫിസറില്‍നിന്നും അന്വേഷണ റിപോര്‍ട്ട് വാങ്ങി. ജീവനക്കാരുടെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് റിപോര്‍ട്ടില്‍ പറയുന്നത്. ലാബ് റിപോര്‍ട്ട് തെറ്റാണെന്ന് കമ്മീഷന്‍ വിലയിരുത്തി. തെറ്റായ റിപോര്‍ട്ട് കാരണം പരാതിക്കാരുടെ മാതാവിന് കൊല്ലത്ത് വിദഗ്ധചികില്‍സ തേടേണ്ടിവന്നു. ഇവര്‍ക്ക് മാനസിക വിഷമവും സാമ്പത്തിക നഷ്ടവുമുണ്ടായിട്ടുണ്ടെന്നും കമ്മീഷന്‍ ഉത്തരവില്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it