Kerala

സഹകരണ സ്ഥാപനങ്ങളിലെ പകല്‍ക്കൊള്ള: സര്‍ക്കാര്‍ അന്വേഷണം ഊര്‍ജ്ജിതമാക്കണമെന്ന് റോയ് അറയ്ക്കല്‍

സഹകരണ സ്ഥാപനങ്ങളിലെ പകല്‍ക്കൊള്ള:  സര്‍ക്കാര്‍ അന്വേഷണം ഊര്‍ജ്ജിതമാക്കണമെന്ന് റോയ് അറയ്ക്കല്‍
X

തിരുവനന്തപുരം: സഹകരണ സ്ഥാപനങ്ങളെ സിപിഎം നിയന്ത്രണത്തിലാക്കി പകല്‍ക്കൊള്ള നടത്തുകയാണെന്നും ഇതു സംബന്ധിച്ച് സര്‍ക്കാര്‍ അന്വേഷണം ഊര്‍ജ്ജിതമാക്കണമെന്നും എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍. സംസ്ഥാനത്ത് സിപിഎം നിയന്ത്രണത്തിലുള്ളതും പാര്‍ട്ടി നേതാക്കള്‍ക്ക് ബന്ധമുള്ളതുമായ എല്ലാ സഹകരണ സ്ഥാപനങ്ങളിലും വിജിലന്‍സ് പരിശോധന നടത്തണം. സിപിഎം ഭരണസമിതി നിയന്ത്രിക്കുന്ന തൃശൂര്‍ കരുവന്നൂര്‍ സഹകരണ ബാങ്കില്‍ 300 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നതായാണ് റിപോര്‍ട്ടുകള്‍. സിപിഎം നിയന്ത്രണത്തിലുള്ള കോട്ടയം വെള്ളൂര്‍ സര്‍വീസ് സഹകരണ ബാങ്കിലും കോടികളുടെ തട്ടിപ്പാണ് നടന്നിരിക്കുന്നത്. ഇതില്‍ പ്രതികളെല്ലാം സിപിഎമ്മുകാര്‍ തന്നെയാണ്. പാര്‍ട്ടി നിയന്ത്രണത്തിലുള്ള ബാങ്കില്‍ പാര്‍ട്ടിക്കാര്‍ തന്നെ കോടികളുടെ ക്രമക്കേട് നടത്തിയ സംഭവത്തില്‍ പാര്‍ട്ടി തന്നെ അന്വേഷിക്കുമെന്ന സംസ്ഥാന നേതൃത്വത്തിന്റെ പ്രഖ്യാപനം പരിഹാസ്യമാണ്. സഹകരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാനും സംസ്ഥാന തലത്തിലും ജില്ലാ പ്രാദേശിക തലങ്ങളിലും സിപിഎമ്മിന് സഹകരണ സബ് കമ്മിറ്റികളുണ്ട്. ഈ കമ്മിറ്റികള്‍ ക്രമക്കേട് നടത്തുന്നതിനും പ്രതികളെ സംരക്ഷിക്കാനുമാണ് ശ്രമിക്കുന്നതെന്നാണ് സംശയിക്കേണ്ടത്. വായ്പ എടുത്തവരറിയാതെ അതേ ഈടിന്‍മേല്‍ കൂടുതല്‍ തുക വായ്പയായി മറ്റുള്ളവര്‍ക്ക് അനുവദിച്ചും, വ്യാജ രേഖചമച്ചും സോഫ്റ്റ് വെയറില്‍ ക്രമക്കേട് നടത്തിയുമാണ് കോടികളുടെ തട്ടിപ്പ് നടത്തിയിരിക്കുന്നത്. ഇത് സ്ഥാപനങ്ങളുടെ ഭരണ സ്വാധീനം ഉപയോഗിച്ചാണെന്നു വ്യക്തമാണ്.

വളരെ അത്യാവശ്യ ഘട്ടത്തില്‍ വായ്പയെടുക്കാന്‍ ബാങ്കിലെത്തുന്ന ഉപഭോക്താക്കളെ അനാവശ്യ രേഖകള്‍ പോലും ആവശ്യപ്പെട്ട് വട്ടം കറക്കുന്നവര്‍ തന്നെ ഈ തട്ടിപ്പ് നടത്തിയിരിക്കുന്നു എന്നത് ഞെട്ടിക്കുന്നതാണ്. യുഡിഎഫ് ഭരണസമിതി നിയന്ത്രിക്കുന്ന സഹകരണ സ്ഥാപനങ്ങളിലും സമാന രീതിയില്‍ തട്ടിപ്പ് നടന്നതു സംബന്ധിച്ച റിപോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. സംസ്ഥാനത്തെ മുഴുവന്‍ സഹകരണ സ്ഥാപനങ്ങളിലും അടിയന്തര വിജിലന്‍സ് പരിശോധന നടത്തണമെന്നും തട്ടിപ്പ് നടത്തിയവരെയും അവരെ സംരക്ഷിക്കുന്നവരെയും നിയമത്തിനു മുമ്പില്‍ കൊണ്ടുവരണമെന്നും റോയ് അറയ്ക്കല്‍ വാര്‍ത്താക്കുറുപ്പില്‍ ആവശ്യപ്പെട്ടു.


Next Story

RELATED STORIES

Share it