Kerala

സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറന്നു; ഒരു ബെഞ്ചില്‍ ഒരു വിദ്യാര്‍ഥി മാത്രം

മാര്‍ച്ച് 17 മുതല്‍ 30 വരെ പൊതുപരീക്ഷ നടക്കുന്ന ക്ലാസുകളിലെ വിദ്യാര്‍ഥികളെന്ന നിലയിലാണ് എസ്എസ്എല്‍സി, പ്ലസ്ടു ക്ലാസുകളിലെ വിദ്യാര്‍ഥികളെ ബാച്ചുകളായി സ്‌കൂളുകളിലെത്തിക്കുന്നത്.

സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറന്നു; ഒരു ബെഞ്ചില്‍ ഒരു വിദ്യാര്‍ഥി മാത്രം
X

തിരുവനന്തപുരം: ഒമ്പതുമാസത്തെ ഇടവേളയ്ക്കുശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറന്നു. പത്ത്, പ്ലസ്ടു ക്ലാസുകളിലെ വിദ്യാര്‍ഥികളാണ് കര്‍ശന കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സ്‌കൂളുകളിലെത്തിയത്. കൊവിഡും ലോക്ക് ഡൗണും മൂലം 286 ദിവസമായി അടച്ചിട്ടിരുന്ന സംസ്ഥാനത്തെ സ്‌കൂളുകളാണ് ഇന്ന് ഭാഗികമായി പ്രവര്‍ത്തനം തുടങ്ങിയത്. മാര്‍ച്ച് 17 മുതല്‍ 30 വരെ പൊതുപരീക്ഷ നടക്കുന്ന ക്ലാസുകളിലെ വിദ്യാര്‍ഥികളെന്ന നിലയിലാണ് എസ്എസ്എല്‍സി, പ്ലസ്ടു ക്ലാസുകളിലെ വിദ്യാര്‍ഥികളെ ബാച്ചുകളായി സ്‌കൂളുകളിലെത്തിക്കുന്നത്.

പത്താം ക്ലാസില്‍ 4.25 ലക്ഷം വിദ്യാര്‍ഥികളും രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറിയില്‍ 3.84 ലക്ഷവും വിഎച്ച്എസ്ഇയില്‍ 28,000 വിദ്യാര്‍ഥികളുമാണ് സ്‌കൂളുകളിലെത്തുക. സ്‌കൂളുകളില്‍ ഒരേസമയം 50 ശതമാനം കുട്ടികളെ മാത്രമേ അനുവദിക്കാവൂ എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്. വായും മൂക്കും മൂടുന്ന രീതിയില്‍ മാസ്‌ക് ധരിച്ച് മാത്രമേ സ്‌കൂളിലെത്താവൂ. പരമാവധി കുട്ടികള്‍ സാനിറ്റൈസറുമായി എത്തണമെന്നാണ് നിര്‍ദേശം.

10, 12 ക്ലാസുകളില്‍ 300ല്‍ കൂടുതല്‍ കുട്ടികളുള്ള സ്‌കൂളുകളില്‍ ഒരേസമയം 25 ശതമാനം കുട്ടികളെ അനുവദിക്കുന്നതാണ് ഉചിതമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. ആദ്യത്തെ ആഴ്ച ഒരു ബെഞ്ചില്‍ ഒരു കുട്ടി എന്ന നിലയില്‍ ക്ലാസുകള്‍ ക്രമീകരിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം, രക്ഷിതാക്കളുടെ സമ്മതപത്രമുണ്ടെങ്കില്‍ മാത്രമേ കുട്ടികളെ സ്‌കൂളില്‍ പ്രവേശിപ്പിക്കൂ.

Next Story

RELATED STORIES

Share it