Kerala

സേവ് ലക്ഷദ്വീപ്: കേരള ജനകീയ കൂട്ടായ്മ ജൂണ്‍ 21 ന് പ്രക്ഷോഭം തുടങ്ങും

ജൂണ്‍ 21 ന് തിരുവനന്തപുരം,കൊച്ചി,കോഴിക്കോട് എന്നീ മൂന്നു മേഖലകളില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സേവ് ലക്ഷദ്വീപ് കേരള ജനകീയ കൂട്ടായ്മ ചെയര്‍മാന്‍ ഭാസുരേന്ദ്രബാബു,കോ-ഓര്‍ഡിനേറ്റര്‍ ടി എ മുജീബ് റഹ്മാന്‍ എന്നിവര്‍ പറഞ്ഞു

സേവ് ലക്ഷദ്വീപ്: കേരള ജനകീയ കൂട്ടായ്മ ജൂണ്‍ 21 ന് പ്രക്ഷോഭം തുടങ്ങും
X

കൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഭുല്‍ പട്ടേലിനെ മുന്‍ നിര്‍ത്തി കേന്ദ്രസര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്ന ജനാധിപത്യ വിരുദ്ധ നടപടികള്‍ക്കെതിരെ സംയുക്ത പ്രക്ഷോഭത്തിന് കേരളത്തില്‍ കൂട്ടായ്മ രൂപീകരിച്ചു. ജൂണ്‍ 21 ന് തിരുവനന്തപുരം,കൊച്ചി,കോഴിക്കോട് എന്നീ മൂന്നു മേഖലകളില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സേവ് ലക്ഷദ്വീപ് കേരള ജനകീയ കൂട്ടായ്മ ചെയര്‍മാന്‍ ഭാസുരേന്ദ്രബാബു,കോ-ഓര്‍ഡിനേറ്റര്‍ ടി എ മുജീബ് റഹ്മാന്‍ എന്നിവര്‍ പറഞ്ഞു.

ലക്ഷദ്വീപില്‍നടത്തിക്കൊണ്ടിരിക്കുന്ന മനുഷ്യത്വരഹിതമായ നടപടികളില്‍ പ്രതിഷേധിക്കുന്നതിനും നീതിക്ക് വേണ്ടി സമരം ചെയ്യുന്ന ദ്വീപ് ജനതയ്ക്ക് ഐക്യദാര്‍ഢ്യം അര്‍പ്പിക്കുന്നതിനും ജസ്റ്റിസ് പി കെ ഷംസുദ്ദീന്‍ മുഖ്യ രക്ഷധികാരിയായും ഭാസുരേന്ദ്ര ബാബു ചെയര്‍മാനായും വിവിധ മത, രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖ നേതാക്കളെ ഉള്‍പ്പെടുത്തിയാണ് സേവ് ലക്ഷദ്വീപ്-കേരള ജനകീയ കൂട്ടായ്മക്ക് രൂപം കൊടുത്ത് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്.കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഭരണകൂട ഭീകരതയ്‌ക്കെതിരെ കേരളത്തിലെ മുഴുവന്‍ ജനങ്ങളേയും കൂട്ടി ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും

. അനീതിക്കെതിരെ ശബ്ദമുയര്‍ത്തിയതിന് ലക്ഷദ്വീപ് സ്വദേശിനി ഐഷ സുല്‍ത്താനക്കെതിരെ അന്യായമായി രാജ്യദ്രോഹക്കുറ്റം ചുമത്തിയ നടപടിയില്‍ കേരള ജനകീയകൂട്ടായ്മ പ്രതിഷേധിക്കുന്നതായും ഇവര്‍ വ്യക്തമാക്കി.ഐഷ സുല്‍ത്താനക്ക് എതിരെ എടുത്ത രാജ്യദ്രോഹ കുറ്റം ആരോപിച്ചുള്ള കേസ് ഉടന്‍ പിന്‍വലിക്കണം ആവശ്യമായി വരുന്ന സാഹചര്യത്തില്‍ ഐഷ സുല്‍ത്താനയടക്കം ലക്ഷദീപിലെ മുഴുവന്‍ ജനങ്ങള്‍ക്കും നിയമ സഹായം എത്തിക്കുമെന്നും, ലക്ഷദീപ് ജനതയെ ചേര്‍ത്ത് പിടിക്കുമെന്നും കൂട്ടായ്മ ഭാരവാഹികള്‍ അറിയിച്ചു.

തിരുവനന്തപുരം ഏജീസ് ഓഫിസിനു മുന്നില്‍ നടക്കുന്ന ധര്‍ണ്ണ കെ മുരളീധരന്‍ എംപി ഉദ്ഘാടനം ചെയ്യും.ബിനോയ് വിശ്വം എംപി മുഖ്യപ്രഭാഷണം നടത്തും.കൊച്ചിയില്‍ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ ഓഫീസിനു മുന്നില്‍ നടക്കുന്ന ധര്‍ണ്ണ എ എം ആരിഫ് എം പി ഉദ്ഘാടനം ചെയ്യും. ഹൈബി ഈഡന്‍ എം പി മുഖ്യ പ്രഭാഷണം നടത്തും.കോഴിക്കോട് ബേപ്പൂരില്‍ ദ്വീപ് അഡ്മിനിസ്‌ട്രേറ്റീവ് മാര്‍ക്കറ്റിങ് ഓഫീസിനു മുന്നില്‍ നടക്കുന്ന ധര്‍ണ ഇ ടി മുഹമ്മദ് ബഷീര്‍ എം പി ഉദ്ഘാടനം ചെയ്യും കെ ടി ജലീല്‍ എം എല്‍ എ മുഖ്യപ്രഭാഷണം നടത്തുമെന്നും ഭാരവാഹികള്‍ പറഞ്ഞു.

Next Story

RELATED STORIES

Share it