Kerala

സര്‍ഫാസി ആക്ട്: അടവ് മുടങ്ങി ഒരുവര്‍ഷത്തിന് ശേഷം നടപടി; കർഷകരുടെ എല്ലാ കടങ്ങളും കാര്‍ഷിക കടമായി കാണണം

കേരളത്തിന്റെ പ്രത്യേക സാഹചര്യത്തില്‍ തോട്ടവിളകള്‍ ഉള്‍പ്പെടെയുളള എല്ലാത്തരം കൃഷിയും ചെയ്യുന്ന ഭൂമി കൃഷിഭൂമിയായിത്തന്നെ കണക്കാക്കി വായ്പ നല്‍കാന്‍ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടണം.

സര്‍ഫാസി ആക്ട്: അടവ് മുടങ്ങി ഒരുവര്‍ഷത്തിന് ശേഷം നടപടി; കർഷകരുടെ എല്ലാ കടങ്ങളും കാര്‍ഷിക കടമായി കാണണം
X

തിരുവനന്തപുരം: സര്‍ഫാസി ആക്ട് പ്രകാരമുള്ള നടപടികള്‍ മൂലം സംസ്ഥാനത്തുളവായ അവസ്ഥാവിശേഷത്തെക്കുറിച്ച് അഡ്ഹോക് കമ്മിറ്റി പഠിച്ച് നിര്‍ദേശങ്ങള്‍ നിയമസഭയില്‍ സമര്‍പ്പിച്ചു.

പ്രധാന ശിപാര്‍ശകള്‍:

സര്‍ഫാസി നിയമത്തിന്റെ പരിധിയില്‍ നിന്നും സഹകരണ ബാങ്കുകളെ ഒഴിവാക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്ന് കമ്മിറ്റി ശിപാര്‍ശ ചെയ്തു. ഒരു വര്‍ഷത്തെ കാലയളവിനു ശേഷവും തിരിച്ചടവ് നടത്താതെ കുടിശ്ശിക വരുത്തുന്ന വായ്പക്കാര്‍ക്ക് എതിരെ മാത്രമേ സര്‍ഫാസി നിയമപ്രകാരമുളള നടപടി ആരംഭിക്കാവൂ എന്നരീതിയില്‍ നിയമഭേദഗതി വരുത്താനും ഒരുലക്ഷം രൂപയ്ക്ക് മുകളിലുളള എന്നതുമാറ്റി പത്തുലക്ഷം രൂപയ്ക്കുമുകളിലുളള വായ്പയ്ക്ക് മാത്രമേ നിയമം ബാധകമാവുകയുളളൂ എന്ന് നിയമത്തില്‍ ഭേദഗതി വരുത്തുന്നതിന് കേന്ദ്ര സര്‍ക്കാരിനോട് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടണം.

കര്‍ഷകര്‍ എടുക്കുന്ന എല്ലാത്തരം കടങ്ങളും കാര്‍ഷിക കടമായി കണ്ട് സര്‍ഫാസി നിയമത്തിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കണം. വിദ്യാഭ്യാസ വായ്പയെടുത്ത ശേഷം നിശ്ചിത കാലയളവിനുള്ളില്‍ ജോലി ലഭിക്കാത്തതിനാല്‍ തിരിച്ചടവ് മുടങ്ങിയവരെ സര്‍ഫാസി നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കാനോ തിരിച്ചടവിനു കാലാവധി നീട്ടി നല്‍കാനോ ഉതകുന്ന നിയമഭേദഗതി കൊണ്ടുവരണമെന്നും കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്ന് ശിപാര്‍ശ ചെയ്തു.

കേരളത്തിന്റെ പ്രത്യേക സാഹചര്യത്തില്‍ തോട്ടവിളകള്‍ ഉള്‍പ്പെടെയുളള എല്ലാത്തരം കൃഷിയും ചെയ്യുന്ന ഭൂമി കൃഷിഭൂമിയായിത്തന്നെ കണക്കാക്കി വായ്പ നല്‍കാന്‍ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടണം. ധനകാര്യസ്ഥാപനങ്ങളില്‍ നിന്ന് വായ്പയെടുത്തവര്‍ തിരിച്ചടവില്‍ മൂന്നില്‍ രണ്ട് ഗഡുക്കള്‍ അടച്ചിട്ടുണ്ടെങ്കില്‍ ബാക്കി തുകയെ സര്‍ഫാസി നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കുന്നതിനും ഇതുമായി ബന്ധപ്പെട്ടുവരുന്ന പരാതികളില്‍ ബാങ്കിങ് ഓംബുഡ്സ്മാന്‍ പ്രത്യേകമായ പരിഗണന നല്‍കുന്നതിനും ഉതകുന്ന തരത്തില്‍ നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടണം.

ബാങ്കുകള്‍/ ധനകാര്യസ്ഥാപനങ്ങള്‍ വായ്പ നല്‍കുമ്പോള്‍ വായ്പയെടുക്കുന്നതിനുളള അപേക്ഷാഫോറത്തില്‍ മലയാളം ഉള്‍പ്പെടെയുളള തദ്ദേശീയ ഭാഷകള്‍ കൂടി ഉള്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിക്കണം. മുഴുവന്‍ കടക്കാരുടെയും വായ്പാ കുടിശ്ശിക സംബന്ധിച്ച് പത്രപ്പരസ്യം നല്‍കുന്നതിന് ഓരോ വായ്പാക്കാരില്‍ നിന്നും ഭീമമായ തുക ഈടാക്കുന്ന പ്രവണത ഇല്ലാതാക്കണം. അപ്രകാരമുളള പരസ്യങ്ങള്‍ക്ക് ബാങ്കുകള്‍ മിതമായ നിരക്ക് മാത്രമേ ഈടാക്കാവൂ എന്ന് നിര്‍ദ്ദേശം നല്‍കാന്‍ നടപടി സ്വീകരിക്കണമെന്നും ശിപാര്‍ശ ചെയ്തു.

വായ്പയെടുത്ത് തിരിച്ചടവില്‍ വീഴ്ച വരുത്തിയവരെ സര്‍ഫാസി നിയമത്തിന്റെ മറവില്‍ മാനസികമായും ശാരീരികമായും ഉപദ്രവിക്കാന്‍ ഗുണ്ടാസംഘങ്ങളെ നിയോഗിക്കുന്നതുള്‍പ്പെടെ സര്‍ഫാസി ആക്ടില്‍ പ്രതിപാദിച്ചിട്ടില്ലാത്ത നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ ബാങ്കിങ് മേഖലയ്ക്ക് മാത്രമല്ല, പണമിടപാട് നടത്തുന്നവര്‍ക്കെല്ലാം ബാധകമാക്കുന്ന വിധത്തില്‍ സമഗ്ര നിയമനിര്‍മ്മാണത്തിന് അടിയന്തര നടപടി സ്വീകരിക്കണം.

സര്‍ഫാസി കടക്കെണിയില്‍പ്പെട്ടവര്‍ക്ക് സൗജന്യമായി നിയമസഹായം നല്‍കുന്നതിന് കഴിവും താല്‍പര്യവും ഉളള സീനിയര്‍ അഭിഭാഷകര്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രത്യേക പാനല്‍ തയ്യാറാക്കി തുടര്‍നടപടി കൈക്കൊള്ളണം. ലീഗല്‍ സര്‍വീസസ് അതോറിറ്റിയോട് ആവശ്യപ്പെട്ട് ഇക്കാര്യത്തില്‍ സത്വര നടപടി കൈക്കൊള്ളണം. ചെറിയ തുക വായ്പയെടുത്ത പട്ടികവിഭാഗങ്ങളിലുളള പലരും ഇടനിലക്കാരുടെ ഇടപെടലുകള്‍ മൂലം വായ്പയെക്കുറിച്ചും തിരിച്ചടവിനെക്കുറിച്ചും കൃത്യമായ അറിയിപ്പുകള്‍ ശ്രദ്ധയില്‍പ്പെടാതെ ചതിക്കുഴിയില്‍പ്പെടാതിരിക്കാന്‍ വായ്പയെടുക്കുന്നതിന് മുമ്പ് അവര്‍ക്ക് ഉപദേശം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ ക്രെഡിറ്റ് കൗണ്‍സിലിങ് സെന്ററുകള്‍ ആരംഭിക്കണം.

ഒരു നിശ്ചിത തുക വായ്പയെടുത്തതും സര്‍ഫാസി നിയമത്തിന്റെ വ്യവസ്ഥപ്രകാരം ഭൂമി നഷ്ടപ്പെടുമെന്ന ഭീഷണിയിലായതുമായ അര്‍ഹരായ പാവപ്പെട്ട പട്ടികവിഭാഗങ്ങളിലുളളവരുടെ കടം സര്‍ക്കാര്‍ തന്നെ തിരിച്ചടച്ച് ജപ്തി നടപടികള്‍ ഒഴിവാക്കാന്‍ കഴിയുമോ എന്ന് പരിശോധിക്കാനും ക്രമവിരുദ്ധ പ്രവര്‍ത്തനങ്ങളിലുടെ തട്ടിയെടുത്ത ആധാരങ്ങള്‍ അവര്‍ക്ക് തിരികെ ലഭിക്കാനുമുളള ബൃഹദ്പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ ബന്ധപ്പെട്ട വകുപ്പുകള്‍ അടിയന്തരമായി തയ്യാറാക്കി നടപ്പാക്കണം.

വായ്പാ കുടിശ്ശിക വരുത്തുന്നവര്‍ക്കെതിരെയുളള നടപടിയുടെ ഭാഗമായി ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും വായ്പക്കാരുടേയും അവരുടെ കുടുംബാംഗങ്ങളുടെയും ഫോട്ടോ/ മേല്‍വിലാസം സഹിതം പരസ്യങ്ങള്‍ നല്‍കുന്നതും ബോര്‍ഡുകള്‍ വയ്ക്കുന്നതും വ്യക്തിയുടെ സ്വകാര്യതയുടെ ലംഘനമായി കണ്ട് അപ്രകാരം ചെയ്യുന്ന ബാങ്കുകള്‍/ ധനകാര്യ സ്ഥാപനങ്ങള്‍ക്കെതിരെ ക്രിമിനല്‍ നിയമ വ്യവസ്ഥകള്‍ പ്രകാരം നടപടി സ്വീകരിക്കണം.

ഈ ശിപാര്‍ശകളില്‍ കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താനുളളത് അടിയന്തര പ്രാധാന്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ ചെയ്യുമെന്നും സര്‍ഫാസി നിയമത്തിന്റെ മറവില്‍ നടക്കുന്ന ജനദ്രോഹനടപടികള്‍ക്കെതിരെ ശക്തവും സമഗ്രവുമായ നിയമനിര്‍മ്മാണം നടത്തുന്നതിന് സര്‍ക്കാര്‍ മുന്‍കൈയെടുക്കുമെന്നും കമ്മിറ്റി പ്രത്യാശിക്കുന്നതായി ചെയര്‍മാന്‍ എസ് ശര്‍മ എംഎല്‍എ പറഞ്ഞു.

Next Story

RELATED STORIES

Share it