Kerala

ശബരിമല: നിലപാടിലുറച്ച് മുഖ്യമന്ത്രി; വര്‍ഗീയതയ്‌ക്കെതിരായ പ്രതിഷേധം ധാര്‍ഷ്ട്യമെങ്കില്‍ അത് തുടരും

ദര്‍ശനത്തിന് വന്ന സ്ത്രീകളെ അക്രമികളുടെ ഇടയില്‍നിന്നും സംരക്ഷണം നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ശബരിമലയിലെ സംഘപരിവാര്‍ അക്രമങ്ങളെ ചെറുക്കാന്‍ കഴിഞ്ഞു. സുപ്രിംകോടതി വിധി നടപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ഭരണഘടനാപരമായ ബാധ്യതയാണ്.

ശബരിമല: നിലപാടിലുറച്ച് മുഖ്യമന്ത്രി; വര്‍ഗീയതയ്‌ക്കെതിരായ പ്രതിഷേധം ധാര്‍ഷ്ട്യമെങ്കില്‍ അത് തുടരും
X

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ നിലപാടിലുറച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നവോത്ഥാന മൂല്യസംരക്ഷണത്തിനായി സര്‍ക്കാര്‍ തുടര്‍ന്നും നിലകൊള്ളുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. നിയമവാഴ്ച നിലനില്‍ക്കുന്ന സ്ഥലത്ത് ഈ നിലപാട് സ്വീകരിക്കാനേ കഴിയൂ. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ എന്ത് ധൃതി കാണിച്ചെന്നാണ് പറയുന്നത്. സുപ്രിംകോടതി വിധി അനുസരിക്കുകയാണ് ഉത്തരവാദിത്വമുള്ള ഒരു സര്‍ക്കാരിന്റെ കടമ. മുഖ്യമന്ത്രി ആരായാലും ഇതേ ചെയ്യാനാവൂ എന്നും നിയമസഭയില്‍ ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്കിടെ മുഖ്യമന്ത്രി വ്യക്തമാക്കി.

വിധി മറിച്ചായിരുന്നുവെങ്കില്‍ സര്‍ക്കാര്‍ അതിനൊപ്പം നില്‍ക്കുമായിരുന്നു. കോടതി ഉത്തരവ് അനുസരിച്ച് ദര്‍ശനത്തിന് വരുന്നവരെ തടയാനാവുമോ. അങ്ങനെ ചെയ്താല്‍ കോടതി അലക്ഷ്യമാവില്ലേ എന്നും മുഖ്യമന്ത്രി ചോദിച്ചു. സ്ത്രീകളുടെ അവകാശ സംരക്ഷണത്തിന് സര്‍ക്കാരിന് വ്യക്തമായ കാഴ്ചപ്പാടുണ്ട്. പുരുഷന് കിട്ടുന്ന എല്ലാ അവകാശവും സ്ത്രീക്കും ലഭിക്കണം. വര്‍ഗീയശക്തികള്‍ക്ക് വിധേയമായി നിലകൊള്ളില്ല. വര്‍ഗീയതക്കെതിരായ പ്രതിഷേധം ധാര്‍ഷ്ട്യമെങ്കില്‍ അത് തുടരും. ശബരിമലയില്‍ സ്ത്രീകളെയെത്തിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ല.

ദര്‍ശനത്തിന് വന്ന സ്ത്രീകളെ അക്രമികളുടെ ഇടയില്‍നിന്നും സംരക്ഷണം നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ശബരിമലയിലെ സംഘപരിവാര്‍ അക്രമങ്ങളെ ചെറുക്കാന്‍ കഴിഞ്ഞു. സുപ്രിംകോടതി വിധി നടപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ഭരണഘടനാപരമായ ബാധ്യതയാണ്. ശബരിമലയുടെ പേരില്‍ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമം നടന്നു. അതുകൊണ്ടാണ് ചിദാനന്ദപുരിയൊക്കെ യുഡിഎഫിനെ പിന്തുണച്ചത്. അടുത്ത മണ്ഡലകാലത്ത് ശബരിമലയെ കൂടുതല്‍ സൗകര്യമുള്ള തരത്തിലാക്കും. ശബരിമലയ്ക്കായി 917 പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കിവരുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it