Kerala

വിദ്വേഷ പ്രചാരണം: പരാതിയുമായി ആര്‍എസ്എസ് നേതാക്കള്‍ ഗവര്‍ണറേയും മുഖ്യമന്ത്രിയേയും കണ്ടു

തങ്ങൾക്കെതിരെ 'മതമൗലിക വാദ ' സംഘടനകളും രാജ്യ വിരുദ്ധ ശക്തികളും കടുത്ത വിദ്വേഷ പ്രചാരണമാണ് സംസ്ഥാനത്തൊട്ടാകെ നടത്തിയതെന്നാണ് പരാതി.

വിദ്വേഷ പ്രചാരണം: പരാതിയുമായി ആര്‍എസ്എസ് നേതാക്കള്‍ ഗവര്‍ണറേയും മുഖ്യമന്ത്രിയേയും കണ്ടു
X

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതി നിയമം നിലവില്‍ വന്ന ശേഷം കേരളത്തിലു ണ്ടായ പ്രതിഷേധ പ്രക്ഷോഭങ്ങളെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് രാഷ്ട്രീയ സ്വയംസേവക സംഘം.

തങ്ങൾക്കെതിരെ 'മതമൗലിക വാദ ' സംഘടനകളും രാജ്യ വിരുദ്ധ ശക്തികളും കടുത്ത വിദ്വേഷ പ്രചാരണമാണ് സംസ്ഥാനത്തൊട്ടാകെ നടത്തിയതെന്നാണ് പരാതി. അതിനെതിരെ ശക്തമായ കര്‍ശന നടപടി വേണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവരെ നേരിട്ട് കണ്ട് ആര്‍എസ്എസ് നേതാക്കള്‍ ആവശ്യപ്പെട്ടു.

മിന്നല്‍ ഹര്‍ത്താലുകള്‍, വ്യക്തികളെയും സ്ഥാപനങ്ങളെയും വ്യാപാര കേന്ദ്രങ്ങളെയും ബഹിഷ്‌കരിക്കല്‍, സാമൂഹിക മാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണങ്ങള്‍ എന്നിവയിലൂടെ സമൂഹത്തില്‍ കടുത്ത ഭിന്നിപ്പും ആശങ്കകളുമാണ് സൃഷ്ടിച്ചതെന്ന് ഇരുവര്‍ക്കും നല്‍കിയ നിവേദനത്തില്‍ ആർഎസ്എസ് വ്യക്തമാക്കുന്നു.

വിയോജിപ്പ് പ്രകടിപ്പിക്കുകയല്ല മറിച്ച് ഭിന്നിപ്പിക്കുകയാണ് ലക്ഷ്യമിട്ടത്. കേരളത്തിലെ ഇരുമുന്നണികളും ഈ നിലപാടുകളെ പിന്തുണക്കുകയായിരുന്നു. പൗരത്വനിയമത്തിനെതിരായ പ്രക്ഷോഭത്തെ വളരെ സങ്കുചിതമായും ആസൂത്രിതമായും വര്‍ഗ്ഗീയധ്രുവീകരണം ലക്ഷ്യമിട്ട് വഴിതിരിച്ചുവിട്ടു. പോപ്പുലര്‍ഫ്രണ്ട്, എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി എന്നീ സംഘടനകളാണ് നേതൃത്വം നല്‍കിയത്.

വാട്‌സ് ആപ്പിലൂടെ മിന്നല്‍ ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത് നിര്‍ബന്ധിച്ച് കടകള്‍ അടപ്പിക്കുന്ന വ്യക്തികള്‍ക്കെതിരെയും സംഘടനകള്‍ക്കെതിരെയും നടപടി വേണം. സമൂഹമാധ്യമങ്ങളിലൂടെ മതവിദ്വേഷം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നിലപാട് സ്വീകരിക്കണം.

ആലുവയില്‍ ജനജാഗരണ സമിതി സംഘടിപ്പിച്ച പൊതുയോഗം അലങ്കോലപ്പെടുത്താനും അതുവഴി വര്‍ഗ്ഗീയ കലാപം സൃഷ്ടിക്കാനും ആസൂത്രിത ശ്രമം നടത്തി. പ്രകടനം തടയാനും ശ്രമമുണ്ടായി. മലപ്പുറം ജില്ലയില്‍ കുറ്റിപ്പുറത്തിനടുത്ത് വളാഞ്ചേരിയിലെ ചെറുകുന്ന് പട്ടികജാതികോളനിയില്‍ താമസിക്കുന്നവര്‍ക്ക് പൗരത്വനിയമത്തെ അനുകൂലിച്ചതിന്റെ പേരില്‍ കുടിവെള്ളം നിഷേധിക്കുന്നു. ഒരു സ്വകാര്യവ്യക്തിയുടെ വീട്ടില്‍ നിന്നും അനുവദിച്ചിരുന്ന കുടിവെള്ളം ഭീഷണിപ്പെടുത്തി വിലക്കി. ആ കോളനിയില്‍ ശുദ്ധജലമെത്തിക്കാനുള്ള അടിയന്തര നിര്‍ദ്ദേശം നല്‍കണം.

ഹര്‍ത്താലുകളുടെ മറവില്‍ വാഹനങ്ങളും കടകളും തകര്‍ക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടിയെടുക്കണം. ഇരകളാക്കപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം അനുവദിക്കണം. ഗള്‍ഫ് രാഷ്ട്രങ്ങളിൽ നിരവധിപേരെ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയും കേസുകളില്‍ കുടുക്കുകയും ചെയ്തിട്ടുണ്ട്. പലരും നാട്ടില്‍ തിരിച്ചുവരേണ്ടി വന്നു. ഇത്തരം നിരപരാധികളെ പുനരധിവസിപ്പിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണം.

തെറ്റായ വാര്‍ത്തകള്‍ നല്‍കി മതവിദ്വേഷം പ്രചരിപ്പിക്കുന്ന മാധ്യമ നടപടികളെക്കുറിച്ച് അന്വേഷിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു. ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് പി ഗോപാലന്‍കുട്ടി മാസ്റ്റര്‍, വിദ്യാര്‍ത്ഥി പ്രമുഖ് വല്‍സന്‍ തില്ലങ്കേരി, ബിജെപി നേതാക്കളായ പി കെ കൃഷ്ണദാസ്, എം ഗണേഷ് എന്നിവരാണ് നിവേദന സംഘത്തിലുണ്ടായിരുന്നത്.

Next Story

RELATED STORIES

Share it