Kerala

തിരഞ്ഞെടുപ്പിലെ തിരിച്ചടി; ബിജെപി നേതൃനിരയിൽ മാറ്റമുണ്ടാവും

ജൂണില്‍ കാൺപൂരിൽ നടക്കുന്ന ആർഎസ്എസ് ബൈഠക്കിൽ ഇതുസംബന്ധിച്ച നിർദേശങ്ങൾ സമർപ്പിക്കും. ദേശീയ നേതൃത്വം ആർഎസ്എസ് നേതൃത്വവുമായി സംസാരിച്ചാവും അന്തിമ തീരുമാനമെടുക്കുക.

തിരഞ്ഞെടുപ്പിലെ തിരിച്ചടി; ബിജെപി നേതൃനിരയിൽ മാറ്റമുണ്ടാവും
X

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ അക്കൗണ്ട് തുറക്കാനുള്ള മോഹത്തിന് ഇക്കുറിയും തിരിച്ചടി നേരിട്ടതോടെ സംസ്ഥാനത്ത് ബിജെപിയില്‍ കാര്യമായ അഴിച്ചുപണിയുണ്ടാകും. ജൂണില്‍ കാൺപൂരിൽ നടക്കുന്ന ആർഎസ്എസ് ബൈഠക്കിൽ ഇതുസംബന്ധിച്ച നിർദേശങ്ങൾ സമർപ്പിക്കും. ദേശീയ നേതൃത്വം ആർഎസ്എസ് നേതൃത്വവുമായി സംസാരിച്ചാവും അന്തിമ തീരുമാനമെടുക്കുക.

സംസ്ഥാന ഭാരവാഹികളായും ജില്ലാ പ്രസിഡന്‍റുമാരായും കൂടുതൽ പുതുമുഖങ്ങളെയാവും പരിഗണിക്കുക. വക്താക്കൾക്കും മാറ്റമുണ്ടാവും. കൂടുതൽ വനിതകളേയും നേതൃനിരയിലേക്ക് പരിഗണിക്കും. സംസ്ഥാനത്ത് ഉടൻ നടക്കാനിരിക്കുന്ന ആറ് നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിൽ സ്ഥാനാർഥികളെയും നിശ്ചയിക്കും. ആർഎസ്എസ് നേതൃത്വം ഇടപെട്ടാവും സ്ഥാനാർഥി നിർണയം നടത്തുക.

സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ളയെ മാറ്റാനാണ് സാധ്യത. പിള്ളക്കെതിരേ പാർട്ടിയിൽ അതൃപ്തി ഉയർന്നിട്ടുണ്ട്. ശബരിമല വിഷയത്തിലൂടെ അണികളിൽ കൂടുതൽ സ്വീകാര്യനായ നിലവിലെ ജന.സെക്രട്ടറി കെ സുരേന്ദ്രനെയാണ് അധ്യക്ഷ സ്ഥാനത്ത് പരിഗണിക്കുന്നത്. എന്നാൽ മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിൽ സുരേന്ദ്രൻ മൽസരിക്കുകയാണെങ്കിൽ ഇതിനുള്ള സാധ്യത കുറയും. എങ്കിലും പത്തനംതിട്ടയിൽ മികച്ച പ്രകടനം നടത്തിയ സുരേന്ദ്രനെ അധ്യക്ഷനാക്കണമെന്നാണ് പൊതുവികാരം. മുൻ സംസ്ഥാന അധ്യക്ഷനും മിസോറാം ഗവർണറുമായിരുന്ന കുമ്മനം രാജശേഖരന്‍ കേന്ദ്രമന്ത്രിസഭയില്‍ എത്തിയേക്കുമെന്നും സൂചനയുണ്ട്. അത്തരമൊരു സാഹചര്യമുണ്ടായാൽ വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പിൽ സുരേഷ് ഗോപിയെ മൽസരിപ്പിക്കാനും നീക്കമുണ്ട്.

ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി ദേശീയ നേതൃത്വം ഏറെ പ്രതീക്ഷ പുലർത്തിയ സംസ്ഥാനമായിരുന്നു കേരളം. എന്നാൽ തിരഞ്ഞെടുപ്പിൽ കൈക്കൊണ്ട പരിശ്രമങ്ങൾക്ക് അനുസരിച്ചുള്ള ഫലം ലഭിച്ചിട്ടില്ലെന്നാണ് ദേശീയ- സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തൽ. തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ മണ്ഡലങ്ങളിൽ വിജയം ഉറപ്പിച്ചിരുന്നെങ്കിലും ഫലം മറിച്ചായിരുന്നു. തിരുവനന്തപുരം ഒഴികെയുള്ള മണ്ഡലങ്ങളിൽ മൂന്നാം സ്ഥാനത്താവുകയും ചെയ്തു. ഈ സാഹചര്യത്തിൽ കേരളത്തിൽ നടപ്പാക്കേണ്ട പുതിയ തന്ത്രങ്ങൾ മെനയാനുള്ള നീക്കങ്ങളും ആരംഭിച്ചിട്ടുണ്ട്. ബംഗാളിലും ത്രിപുരയിലും നടപ്പാക്കിയ രീതികൾ കേരളത്തിലേക്കും കൊണ്ടുവരാനുള്ള സാധ്യതയാണ് ബിജെപി തേടുന്നത്.

Next Story

RELATED STORIES

Share it