Kerala

ശിവകുമാറിനെതിരായ വിജിലന്‍സ് നടപടി രാഷ്ട്രീയ പകപോക്കല്‍: രമേശ് ചെന്നിത്തല

കഴമ്പില്ലെന്ന് ഒരിക്കല്‍ കണ്ടെത്തിയത് വീണ്ടും കുത്തിപ്പൊക്കുമ്പോള്‍ സര്‍ക്കാരിന്റെ ദുരുദ്ദേശം പകല്‍ പോലെ വ്യക്തമാവുകയാണ്. ഇതിനെ കോണ്‍ഗ്രസും യുഡിഎഫും നിയമപരമായും രാഷ്ട്രീയമായും നേരിടും.

ശിവകുമാറിനെതിരായ വിജിലന്‍സ് നടപടി രാഷ്ട്രീയ പകപോക്കല്‍: രമേശ് ചെന്നിത്തല
X

തിരുവനന്തപുരം: പോലിസിന്റെ തലപ്പത്ത് നടക്കുന്ന പകല്‍ക്കൊള്ളയെക്കുറിച്ചുള്ള സിഎജി റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ പ്രതിക്കൂട്ടിലായ സര്‍ക്കാര്‍ ജനശ്രദ്ധ തിരിച്ചു വിടുന്നതിനാണ് വി എസ് ശിവകുമാറിനെതിരെ വിജിലന്‍സ് കേസെടുക്കുയും വീട്ടില്‍ റെയ്ഡ് നടത്തുകയും ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

സിഎജി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളെക്കുറിച്ച് ഒരക്ഷരം മറുപടി പറയാന്‍ മുഖ്യമന്ത്രിക്കോ സര്‍ക്കാരിനോ ഇത് വരെ കഴിഞ്ഞിട്ടില്ല. ഈ പ്രതിസന്ധിയില്‍ നിന്ന് കരകയറുന്നതിന് വേണ്ടിയുള്ള കുറുക്കു വഴിയായിട്ടാണ് ശിവകുമാറിനെതിരെയുള്ള പഴയ വിജിലന്‍സ് കേസ് വീണ്ടും കുത്തിപ്പൊക്കുകയും വീട്ടില്‍ റെയ്ഡ് നടത്തുകയും ചെയ്തത്. ഇത് രാഷ്ട്രീയ പകപോക്കലാണ്. നേരത്തെ ഈ കേസില്‍ അന്വേഷണം നടത്തുകയും കഴമ്പില്ലെന്ന് കണ്ടെത്തുകയും ചെയ്തതാണ്. കഴമ്പില്ലെന്ന് ഒരിക്കല്‍ കണ്ടെത്തിയത് വീണ്ടും കുത്തിപ്പൊക്കുമ്പോള്‍ സര്‍ക്കാരിന്റെ ദുരുദ്ദേശം പകല്‍ പോലെ വ്യക്തമാവുകയാണ്. ഇതിനെ കോണ്‍ഗ്രസും യുഡിഎഫും നിയമപരമായും രാഷ്ട്രീയമായും നേരിടും.

ആരോപണങ്ങള്‍ നേരിടാന്‍ കഴിയാതെ വരുമ്പോള്‍ എതിര്‍പക്ഷത്തെ നേതാക്കളെ കള്ളക്കേസുകളില്‍ കുടുക്കുന്ന കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിന്റെ നയം തന്നെയാണ് കേരളത്തില്‍ പിണറായിയും പിന്തുടരുന്നത്. എല്ലാ കാര്യത്തിലും നരേന്ദ്ര മോദിയെ അനുകരിക്കുകയാണ് പിണറായി.

പക്ഷേ ഇത്തരം കള്ളക്കേസുകള്‍ കൊണ്ടൊന്നും യുഡിഎഫിനെ തളര്‍ത്താനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാരും ഓര്‍ക്കുന്നത് നന്ന്. ഇടതു സര്‍ക്കാരിന്റെ എല്ലാ രംഗത്തും നടമാടുന്ന അഴിമതിക്കെതിരെ കോണ്‍ഗ്രസും യുഡിഎഫും ശക്തമായി തുടരുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Next Story

RELATED STORIES

Share it