Kerala

ഭാഷാടിസ്ഥാനത്തില്‍ ജനങ്ങളെ വിഭജിക്കാനുള്ള ബിജെപിയുടെ ശ്രമം തടയണം: രമേശ് ചെന്നിത്തല

എല്ലാ ഭാഷകള്‍ക്കും തുല്യപ്രധാന്യമാണുള്ളതെന്നും ഹിന്ദിക്ക് പ്രത്യേക രാഷ്ട്രഭാഷാ പദവിയില്ലെന്നും നിരവധി കോടതി വിധികളുണ്ട്. ഇവയെല്ലാം മറികടന്നാണ് ബിജെപി തങ്ങളുടെ രഹസ്യ അജണ്ടയുമായി മുന്നോട്ടുപോവുന്നതെന്നും രമേശ് ചെന്നിത്തല വാര്‍ത്താക്കുറിപ്പില്‍ കുറ്റപ്പെടുത്തി.

ഭാഷാടിസ്ഥാനത്തില്‍ ജനങ്ങളെ വിഭജിക്കാനുള്ള ബിജെപിയുടെ ശ്രമം തടയണം: രമേശ് ചെന്നിത്തല
X

തിരുവനന്തപുരം: ജനങ്ങളെ തമ്മിലടിപ്പിച്ചും ഭിന്നിപ്പിച്ചും രാജ്യം ഭരിക്കുകയെന്ന ബിജെപിയുടെ തന്ത്രമാണ് ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതിലൂടെ പുറത്തുവരുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഭാഷാടിസ്ഥാനത്തില്‍ രാജ്യത്തെ വിഭജിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. വിഭജനത്തിന്റെയും വേര്‍തിരിവിന്റെയും സംഘപരിവാര്‍ അജണ്ടയാണ് ഇതിലൂടെ പുറത്തുവരുന്നത്.

എല്ലാ ഭാഷകള്‍ക്കും തുല്യപ്രധാന്യമാണുള്ളതെന്നും ഹിന്ദിക്ക് പ്രത്യേക രാഷ്ട്രഭാഷാ പദവിയില്ലെന്നും നിരവധി കോടതി വിധികളുണ്ട്. ഇവയെല്ലാം മറികടന്നാണ് ബിജെപി തങ്ങളുടെ രഹസ്യ അജണ്ടയുമായി മുന്നോട്ടുപോവുന്നതെന്നും രമേശ് ചെന്നിത്തല വാര്‍ത്താക്കുറിപ്പില്‍ കുറ്റപ്പെടുത്തി. മൂന്നാഴ്ചയ്ക്കിടെ മൂന്ന് സാമ്പത്തിക പാക്കേജുകള്‍ വന്നിട്ടും രാജ്യത്തെ കരകയറ്റാന്‍ കേന്ദ്രസര്‍ക്കാരിന് കഴിഞ്ഞില്ല. ഈ പരാജയം മറച്ചുവയ്ക്കാന്‍ വേണ്ടിയാണ് മറ്റു വിവാദങ്ങളിലേക്ക് ജനശ്രദ്ധ തിരിച്ചുവിടാന്‍ ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ അമിത് ഷാ ശ്രമിക്കുന്നത്.

ഇന്ത്യയുടെ നിലനില്‍പുതന്നെ വൈവിധ്യമാര്‍ന്ന ഭാഷാ, വര്‍ഗവേഷങ്ങളില്‍ അധിഷ്ടിതമാണ്. വിവേചനങ്ങള്‍ നിലനില്‍ക്കെ തന്നെ മറുഭാഗത്ത് കേരളത്തില്‍ പിഎസ്‌സി പരീക്ഷയടക്കം മലയാളത്തിലെഴുതാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തേണ്ട ഗതികേടിലാണ് കേരളം. കേന്ദ്രസര്‍ക്കാര്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ മലയാളത്തില്‍ തൊഴില്‍ പരീക്ഷ എഴുതാനുള്ള അവകാശത്തിനായി കേരളത്തില്‍ നിരാഹാരസമരം നടക്കുകയാണ്. കേന്ദ്രസര്‍ക്കാരിന്റെ അളവറ്റ ഹിന്ദിപ്രേമവും കേരള സര്‍ക്കാരിന്റെ മലയാളത്തോടുള്ള അവഗണനയും ഒരേപോലെ എതിര്‍ക്കപ്പെടേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it