Kerala

മഴയുടെ ശക്തി കുറയുന്നു; ഇന്ന് മൂന്നു ജില്ലകളില്‍ റെഡ് അലര്‍ട്ട്

ശനിയാഴ്ച വൈകിട്ട് മുതല്‍തന്നെ വടക്കന്‍ കേരളത്തില്‍ ഉള്‍പ്പെടെ പലയിടത്തും മഴ കുറഞ്ഞിരുന്നു. കനത്തമഴയില്‍ വെളളത്തില്‍ മുങ്ങിയിരുന്ന നിലമ്പൂരിലെ പല പ്രദേശങ്ങളിലും ശനിയാഴ്ച രാത്രിയോടെ വെള്ളമിറങ്ങി തുടങ്ങി.

മഴയുടെ ശക്തി കുറയുന്നു; ഇന്ന് മൂന്നു ജില്ലകളില്‍ റെഡ് അലര്‍ട്ട്
X

കോഴിക്കോട്: ദിവസങ്ങളായി തുടരുന്ന കേരളത്തിലെ പെരുമഴയ്ക്ക് ഞായറാഴ്ച ഉച്ചയോടെ കാര്യമായി ശക്തികുറയും. ശനിയാഴ്ച വൈകിട്ട് മുതല്‍തന്നെ വടക്കന്‍ കേരളത്തില്‍ ഉള്‍പ്പെടെ പലയിടത്തും മഴ കുറഞ്ഞിരുന്നു. കനത്തമഴയില്‍ വെളളത്തില്‍ മുങ്ങിയിരുന്ന നിലമ്പൂരിലെ പല പ്രദേശങ്ങളിലും ശനിയാഴ്ച രാത്രിയോടെ വെള്ളമിറങ്ങി തുടങ്ങി.

രുള്‍പൊട്ടലുണ്ടായ നിലമ്പൂരിലെ കവളപ്പാറയിലും വയനാട്ടിലെ പുത്തുമലയിലും ഞായറാഴ്ച രാവിലെ മുതല്‍ രക്ഷാപ്രവര്‍ത്തനം ആരംഭിക്കും. ഇതുവരെ ഒന്‍പത് പേരുടെ മൃതദേഹങ്ങളാണ് കവളപ്പാറയില്‍നിന്ന് കണ്ടെടുത്തത്. വാണിയമ്പുഴയില്‍ കുടുങ്ങിയ 200ഓളം പേരെ പുറത്തെത്തിക്കാന്‍ ഞായറാഴ്ച രാവിലെ മുതല്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ സമഗ്രരക്ഷാപ്രവര്‍ത്തനം ആരംഭിക്കും.

കനത്തമഴയില്‍ കനത്ത നാശനഷ്ടമുണ്ടായ വയനാട്ടിലും ഞായറാഴ്ച രാവിലെ തെളിഞ്ഞ ആകാശമാണ്. ഉരുള്‍പൊട്ടലുണ്ടായ മേപ്പാടി പുത്തുമലയില്‍ ഞായറാഴ്ചയും രക്ഷാപ്രവര്‍ത്തനം തുടരും. ഇനി ഒമ്പതുപേരെ ഇവിടെനിന്ന് കണ്ടെടുക്കാനുണ്ടെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. ശനിയാഴ്ച രാത്രിമുതല്‍ വയനാട്ടില്‍ മഴ കുറഞ്ഞിട്ടുണ്ട്.

വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഞായറാഴ്ച റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും നല്‍കിയിട്ടുണ്ട്. ഇവിടങ്ങളില്‍ ജാഗ്രതപുലര്‍ത്താനും മുന്‍കരുതല്‍ തുടരാനും ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.

ഞായറാഴ്ച ഉച്ചയോടെ മഴയുടെ അളവ് കുറയുമെന്ന് കാലാവസ്ഥ പ്രവചനത്തിലൂടെ ശ്രദ്ധനേടിയ തമിഴ്‌നാട് വെതര്‍മാനും അറിയിച്ചു. കേരളം, കര്‍ണാടക, തമിഴ്‌നാട് നീലഗിരി മേഖലകളില്‍ ഇനി ശക്തമായ മഴയുണ്ടാകില്ലെന്നും സാധാരണ മണ്‍സൂണ്‍ മാത്രമേ അനുഭവപ്പെടുകയുള്ളുവെന്നും അദ്ദേഹം പറയുന്നു.

നെടുമ്പാശ്ശേരി വിമാനത്താവളം ഇന്ന് തുറക്കും. ഇന്ന് ഉച്ചയ്ക്ക് 12 മണി മുതല്‍ സര്‍വീസ് പുനരാരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it