Kerala

കേരളം വിട്ട് മണ്‍സൂണ്‍; മഴയിൽ 41 ശതമാനം കുറവ്

ജൂണ്‍ മാസം 100 വര്‍ഷത്തെ ഏറ്റവും വരണ്ട അഞ്ചു മാസങ്ങളിലോന്നാണെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്ത് ജൂണില്‍ ലഭിക്കേണ്ട ശരാശരി മഴയില്‍ 35 ശതമാനം ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഈ മാസം രാജ്യത്ത് ലഭിച്ച മഴയുടെ ശരാശരി 97.9 മി.മീ ആണ്. സാധാരണ ഈ സമയത്ത് 157.1 മി.മീ മഴയാണ് ലഭിക്കാറുള്ളത്.

കേരളം വിട്ട് മണ്‍സൂണ്‍; മഴയിൽ 41 ശതമാനം കുറവ്
X

തിരുവനന്തപുരം: കേരളത്തില്‍ മഴക്കാലം പേരില്‍ മാത്രം ഒതുങ്ങുമെന്ന സൂചന നല്‍കി കാലാവസ്ഥാ വകുപ്പിന്റെ പുതിയ റിപ്പോര്‍ട്ട്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ ജൂണില്‍ 41 ശതമാനം കുറവ് മഴയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ശരാശരി മഴ കണക്കാക്കുമ്പോള്‍ കുറവ് 35 ശതമാനമാണ്.

കേരളത്തില്‍ ഈയിടെയുണ്ടായ 'വായു' ചുഴലിക്കാറ്റാണു നിലവില്‍ മഴ വൈകിപ്പിക്കുന്നതെന്നാണു കാലാവസ്ഥാ വിദഗ്ധരുടെ നിഗമനം. ഇതിന്റെ സ്വാധീനം മൂലം മഴയ്ക്ക് അനുകൂല സാഹചര്യങ്ങള്‍ ഇല്ലാതായി. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപം കൊള്ളാനും വൈകി. അടുത്തയാഴ്ചയോടെ ഈ ഘടകങ്ങളെല്ലാം ഒത്തുവരുമെന്നാണു വിലയിരുത്തല്‍. സംസ്ഥാന കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തലില്‍ 22 മുതല്‍ 26 വരെ കാലവര്‍ഷത്തില്‍ 50 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് കാലവര്‍ഷ മഴ ഏറ്റവും കുറഞ്ഞ ജില്ലകളുടെ പട്ടികയില്‍ തൃശൂര്‍, ആലപ്പുഴ, എറണാകുളം, ഇടുക്കി, കൊല്ലം, കോട്ടയം, വയനാട് എന്നിവയാണുള്ളത്.

ജൂണില്‍ സാധാരണ 395- 400 മില്ലീമീറ്റര്‍ മഴയാണ് കേരളത്തില്‍ ലഭിക്കേണ്ടത്. എന്നാല്‍ കഴിഞ്ഞ 21 വരെ ലഭിച്ചത് 236.3 മില്ലീമീറ്റര്‍ മഴ മാത്രം. തിരവനന്തപുരം ഒഴികെ 13 ജില്ലകളിലും മഴയുടെ അളവ് ഏറെ കുറഞ്ഞു. ഏറ്റവും കുറവ് മഴ രേഖപ്പെടുത്തിയത് കാസര്‍കോട് ആണ്- 57 ശതമാനം.

അതേസമയം, ജൂണ്‍ മാസം 100 വര്‍ഷത്തെ ഏറ്റവും വരണ്ട അഞ്ചു മാസങ്ങളിലോന്നാണെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്ത് ജൂണില്‍ ലഭിക്കേണ്ട ശരാശരി മഴയില്‍ 35 ശതമാനം ഇടിവാണ് ഉണ്ടായിരിക്കുന്നത്. മാസം അവസാനിക്കാന്‍ ഒരുദിവസം മാത്രം ബാക്കിയിരിക്കെ ദൗര്‍ലഭ്യം പരിഹരിക്കാനുള്ള മഴ ലഭിക്കാന്‍ സാദ്ധ്യതയില്ല. ഈ മാസം രാജ്യത്ത് ലഭിച്ച മഴയുടെ ശരാശരി 97.9 മി.മീ ആണ്. സാധാരണ ഈ സമയത്ത് 157.1 മി.മീ മഴയാണ് (ജൂണ്‍ 28 വരെ) ലഭിക്കാറുള്ളത്. രണ്ടു ദിവസം കൂടി മഴ ലഭിച്ചാലും അത് 106-112 മി.മീ മഴയാവാനെ സാധ്യതയുള്ളു. 1920നു ശേഷം നാലുതവണ മാത്രമാണ് മഴ ഇത്രയും കുറയുന്നത്. 2009 ജൂണില്‍ 85.7 മി.മീ, 2014- 95.4 മി.മീ, 1926- 98.7 മി.മീ, 1923-102 മി.മീ മഴയും ലഭിച്ചു. എല്‍ നീനോ (ചൂട് കാറ്റ്) പ്രതിഭാസത്തെ തുടര്‍ന്നാണ് 2009ലും 2014ലും മഴ കുറഞ്ഞത്. പസഫിക് സമുദ്രത്തിലെ ചൂട് സാധാരണയിലും വര്‍ധിക്കുന്നതാണ് എല്‍നീനോ. ഇതുണ്ടായാല്‍ കാറ്റിന്റെ ഗതി മാറുകയും ഇന്ത്യയിലേക്കുള്ള മേഘങ്ങളുടെ വരവ് കുറയുകയും ചെയ്യും.

ഈ വര്‍ഷവും എല്‍ നീനോ പ്രതിഭാസം ഇന്ത്യയിലെ മഴ കുറയ്ക്കുമെന്നു കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നു. എന്നാല്‍ ബംഗാള്‍ ഉള്‍ക്കടലില്‍ 30ന് താഴ്ന്ന മര്‍ദ്ദം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും ഇത് ഒഡീഷയിലും വടക്ക്-പടിഞ്ഞാറന്‍ മധ്യേന്ത്യ സംസ്ഥാനങ്ങളിലും മഴ നല്‍കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നു.

രാജ്യത്തെ 91 സുപ്രധാന ജലസംഭരണികളിലെ ജലനിരപ്പ് 16 ശതമാനം മാത്രമാണെന്നു കേന്ദ്ര ജല കമ്മീഷന്റെ റിപ്പോര്‍ട്ട് കാണിക്കുന്നു. ഏറ്റവും കൂടുതല്‍ വരള്‍ച്ച അനുഭവപ്പെടുന്ന ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ ജല സംഭരണികളില്‍ 9 ശതമാനം വെള്ളം മാത്രമാണുള്ളത്. കഴിഞ്ഞ വര്‍ഷം ഈ സമയം ജലനിരപ്പ് 13 ശതമാനമായിരുന്നു. 10 വര്‍ഷത്തെ ശരാശരി 17 ശതമാനവുമാണ്. സാധാരണ ഈ സമയത്ത് ഉണ്ടാകുന്ന ജലനിരപ്പിന്റെ പകുതി (17 ശതമാനം) ജലം മാത്രമാണ് സംഭരണികളിലുള്ളത്. ദക്ഷിണേന്ത്യയിലെ പ്രധാന സംഭരണികളില്‍ 10 ശതമാനം വെള്ളം മാത്രമാണുള്ളത്. കഴിഞ്ഞ വര്‍ഷം ഇതേസമയം 44 ശതമാനം വെള്ളമുണ്ടായിരുന്നു.

Next Story

RELATED STORIES

Share it