Kerala

കൊല്ലം-ചെങ്കോട്ട റെയില്‍പാതയിലെ പതിനായിരം കുടുംബങ്ങളെ കുടിയൊഴിപ്പിക്കാന്‍ റെയില്‍വേ

റെയില്‍വേയിലെ ഒരു ട്രേഡ് യൂനിയന്‍ നേതാവ് ചെന്നൈ ഹൈക്കോടതിയുടെ മധുര ബഞ്ചില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എത്രയും പെട്ടെന്ന് ഒഴിഞ്ഞുപോവണമെന്ന് റെയില്‍വേ മധുര ഡിവിഷനാണ് ഇവരോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

കൊല്ലം-ചെങ്കോട്ട റെയില്‍പാതയിലെ പതിനായിരം കുടുംബങ്ങളെ കുടിയൊഴിപ്പിക്കാന്‍ റെയില്‍വേ
X

തിരുവനന്തപുരം: കൊല്ലം-ചെങ്കോട്ട റെയില്‍വേ പാതയോരത്തെ പതിനായിരത്തോളം കുടുംബങ്ങളെ ഒഴിപ്പിക്കാന്‍ റെയില്‍വേയുടെ നിര്‍ദേശം. 65 വര്‍ഷത്തിലധികമായി കുടിയേറി പാര്‍ത്തവരെയാണ് റെയില്‍വേയിലെ ഒരു ട്രേഡ് യൂനിയന്‍ നേതാവ് ചെന്നൈ ഹൈക്കോടതിയുടെ മധുര ബഞ്ചില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കുടിയൊഴിപ്പിക്കുന്നത്. എത്രയും പെട്ടെന്ന് ഒഴിഞ്ഞു പോവണമെന്ന് റെയില്‍വേ മധുര ഡിവിഷനാണ് ഇവരോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

കൊല്ലം -തിരുനെല്‍വേലി റെയില്‍പ്പാതയുടെ വികസനത്തിന് 1899 ല്‍ തിരുവിതാംകൂര്‍ മഹാരാജാവ് ബ്രിട്ടീഷ് സര്‍ക്കാരിനു കൈമാറിയ ഭൂമിയാണിതെന്നാണ് റെയില്‍വേ പറയുന്നത്. ഇതനുസരിച്ച് 1974ല്‍ റെയില്‍വേ ഭൂമിയുടെ സ്‌കെച്ച് തയാറാക്കി. ഇതില്‍പ്പെടുന്ന എല്ലാ സ്ഥലവും ഒഴിഞ്ഞുകൊടുക്കണമെന്നാണു റെയില്‍വേ ഇപ്പോള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ എത്ര ഭൂമി വിട്ടുകൊടുക്കുന്നുവെന്ന് ആ ഉത്തരവില്‍ വ്യക്തമല്ല.

റെയില്‍പ്പാത കടന്നുപോകുന്നിടങ്ങളില്‍ 150 മീറ്റര്‍ വീതിയില്‍ ഭൂമി വിട്ടുകൊടുത്തിട്ടുണ്ടെന്നും പാത കമ്മിഷന്‍ ചെയ്തുകഴിയുമ്പോള്‍ ബാക്കി വരുന്ന സ്ഥലം തിരിച്ചു നല്‍കണമെന്നും പിന്നീട് വ്യവസ്ഥയുണ്ടായിരുന്നുവെന്നും ഇതിനു വനംവകുപ്പില്‍ രേഖയുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. 1988ല്‍ പാത കമ്മിഷന്‍ ചെയ്തു. ഗാട്ട് സ്റ്റേഷന്‍ മേഖലയായതിനാല്‍ പാതയ്ക്കു വളവും തിരിവും ഏറെയുണ്ടാകുമെന്നു കണ്ടാണു 150 മീറ്റര്‍ വീതിയില്‍ ഭൂമി വിട്ടുകൊടുത്തത്.

1977 നു മുന്‍പ് കൃഷിയാവശ്യത്തിനു കയ്യേറിയ ഭൂമിയില്‍ കൈവശാവകാശ രേഖ നല്‍കാമെന്ന വ്യവസ്ഥയിന്മേല്‍ കൈവശാവകാശവും പട്ടയവും ലഭിച്ച ഭൂമിയാണു ഒഴിഞ്ഞു പോകണമെന്നു റെയില്‍വേ പറയുന്ന ഭൂമിയില്‍ ഏറെയും. മിക്കവര്‍ക്കും പഞ്ചായത്തില്‍ നിന്നു കെട്ടിട നമ്പറും വൈദ്യുതി കണക്ഷനും ലഭിച്ചിട്ടുണ്ട്. പട്ടയത്തിന്റെ ബലത്തില്‍ ഭവന പദ്ധതിയുടെ ആനുകൂല്യവും പലര്‍ക്കും കിട്ടിയിട്ടുണ്ട്. ഇവരൊക്കെ വീടും സ്ഥലവും വിട്ടു പോകണമെന്നാണു റെയില്‍വേ പറയുന്നത്.

തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന കോട്ടവാസല്‍ മുതല്‍ കൊല്ലം കിളികൊല്ലൂര്‍ വരെയുള്ളവര്‍ക്ക് ഈ നിര്‍ദേശം ബാധകമാണ്. ആദ്യഘട്ടമെന്ന നിലയില്‍ കൊല്ലം ജില്ലയിലെ അതിര്‍ത്തിയായ തെന്മല, ആര്യങ്കാവ് ഗ്രാമപ്പഞ്ചായത്തുകളില്‍ റെയില്‍പ്പാതയ്ക്കു സമീപത്തു താമസിക്കുന്നവര്‍ക്കാണു കുടിയൊഴിപ്പിക്കല്‍ നോട്ടീസ് നല്‍കിയത്. ഏതാണ്ട് 3000 കുടുംബങ്ങളെയാണു ഇതു ബാധിക്കുക. കിളികൊല്ലൂര്‍ വരെയാകുമ്പോള്‍ പതിനായിരത്തിലേറെ കുടുംബങ്ങളെ ബാധിക്കും.

റെയില്‍വേ ലൈനിനു സമീപത്തായി കേരളത്തില്‍ 246 ഹെക്ടറും തമിഴ്നാട്ടില്‍ 179 ഹെക്ടറും സ്വകാര്യ വ്യക്തികള്‍ കൈവശം വച്ചിരിക്കുകയാണെന്നും അത് ഒഴിപ്പിക്കണമെന്നും കാണിച്ചു റെയില്‍വേയിലെ ഒരു ട്രേഡ് യൂനിയന്‍ നേതാവ് ചെന്നൈ ഹൈക്കോടതിയുടെ മധുര ബഞ്ചില്‍ നല്‍കിയ പരാതിയാണു നടപടിക്കു കാരണം. റെയില്‍പ്പാതയ്ക്കു 30 മീറ്ററിനുള്ളില്‍ മറ്റു നിര്‍മാണ പ്രവര്‍ത്തനങ്ങളോ വീടോ കെട്ടിടങ്ങളോ പാടില്ലെങ്കിലും 120-150 മീറ്ററിനുള്ളില്‍ സ്ഥിതി ചെയ്യുന്ന വീടുകള്‍ വരെ ഒഴിയണമെന്നാണ് ആവശ്യം .

ചിലയിടങ്ങളില്‍ നോട്ടിസ് പോലും നല്‍കാതെ കുറ്റി അടിച്ചു. വീടുകള്‍ മാത്രമല്ല, കച്ചവട സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍, അങ്കണവാടികള്‍, ഗ്രാമപഞ്ചായത്ത് ഓഫിസ്, ആശുപത്രി, മാര്‍ക്കറ്റ്, സഹകരണ ബാങ്ക് തുടങ്ങിയവയെല്ലാം ഒഴിയേണ്ടവയില്‍പ്പെടും. ഇതിനെതിരെ നാട്ടുകാര്‍ സൈലന്റ് വാലി ഫാര്‍മേഴ്സ് അസോസിയേഷന്‍ എന്ന പേരില്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു സമരത്തിനും നിയമപോരാട്ടത്തിനും ഒരുങ്ങുകയാണ്.

Next Story

RELATED STORIES

Share it