Kerala

പി എസ് സി പരീക്ഷകള്‍ ജൂണ്‍ മുതല്‍ നടത്താനുള്ള നടപടികള്‍ക്ക് തുടക്കമായി

പൊതുഗതാഗതം പുനസ്ഥാപിക്കുന്ന മുറയ്ക്കാണ് പരീക്ഷ നടത്തുക. അപേക്ഷകര്‍ കുറവുള്ളതും മാറ്റിവെച്ചതുമായ പരീക്ഷകൾക്കാവും മുന്‍ഗണന നല്‍കുക.

പി എസ് സി പരീക്ഷകള്‍ ജൂണ്‍ മുതല്‍ നടത്താനുള്ള നടപടികള്‍ക്ക് തുടക്കമായി
X

തിരുവനന്തപുരം: പി എസ് സി പരീക്ഷകള്‍ ജൂണ്‍ മുതല്‍ നടത്താനുള്ള നടപടികള്‍ക്ക് തുടക്കമായി. പൊതുഗതാഗതം പുനസ്ഥാപിക്കുന്ന മുറയ്ക്കാണ് പരീക്ഷ നടത്തുക. അപേക്ഷകര്‍ കുറവുള്ളതും മാറ്റിവെച്ചതുമായ പരീക്ഷകൾക്കാവും മുന്‍ഗണന നല്‍കുക. കൊവിഡ് പ്രതിരോധ സംവിധാനങ്ങളോടെയായിരിക്കും പരീക്ഷകള്‍ നടത്തുക.

ചെറിയ പരീക്ഷകള്‍ സ്വന്തം പരീക്ഷാ കേന്ദ്രങ്ങളില്‍ വച്ച് ഓണ്‍ലൈനില്‍ നടത്താനാണ് പി എസ് സിയുടെ തീരുമാനം. അപേക്ഷകര്‍ കൂടുതലുള്ള ഒഎംആര്‍ പരീക്ഷകള്‍ അഗസ്തില്‍ തുടങ്ങാനാണ് ആലോചന. 62 തസ്തികകള്‍ക്കായി 26 പരീക്ഷകളാണ് മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളില്‍ നടത്താന്‍ പി എസ് സി നിശ്ചയിച്ചിരുന്നത്. ഈ പരീക്ഷകള്‍ക്കുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തീകരിച്ചിരുന്നു. പരീക്ഷ എഴുതുമെന്ന ഉറപ്പ് അപേക്ഷകരില്‍നിന്ന് വാങ്ങുകയും ചോദ്യക്കടലാസുകള്‍ തയ്യാറാക്കുകയും ചെയ്തിരുന്നു. ഇവ കൂടുതല്‍ സമയം സൂക്ഷിക്കുന്നതില്‍ ബുദ്ധിമുട്ടുണ്ട്. അതിനാല്‍ മാറ്റിവെച്ച പരീക്ഷകള്‍ എത്രയും വേഗം നടത്തണം. പരീക്ഷയെഴുതുമെന്ന ഉറപ്പ് നല്‍കാന്‍ അപേക്ഷകര്‍ക്ക് ഇനിയും അവസരം നല്‍കേണ്ടെന്ന് പി എസ് സി യോഗം തീരുമാനിച്ചിട്ടുണ്ട്.

ലാസ്റ്റ്ഗ്രേഡിന് 14 ജില്ലകളിലായി 6.90 ലക്ഷം അപേക്ഷകരുണ്ട്. ഇത് സപ്തംബറില്‍ തുടങ്ങാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഒക്ടോബറിലോ നവംബറിലോ നടത്താനാണ് സാധ്യത. ലാസ്റ്റ്ഗ്രേഡിന്റെ നിലവിലെ റാങ്ക് പട്ടികയ്ക്ക് 2021 ജൂണ്‍ 29 വരെ കാലാവധിയുണ്ട്. എല്‍പി, യുപി അധ്യാപക പരീക്ഷകളും ഈവര്‍ഷം നടത്തേണ്ടതുണ്ട്.

Next Story

RELATED STORIES

Share it