Kerala

സിനിമാ ഷൂട്ടിങ് തടഞ്ഞ ആർഎസ്എസ് നടപടിയിൽ പ്രതിഷേധിക്കുക: പുകസ

പാട്ടുപാടാനും സിനിമ ചിത്രീകരിക്കാനും മതരാഷ്ട്രവാദീ ഭീകരന്മാരുടെ മുൻകൂർ അനുവാദം വേണ്ടി വരുന്ന മഹാദുരന്തത്തിലേക്ക് നമ്മുടെ നാട് നീങ്ങുകയാണോ എന്ന് സംശയിക്കണം.

സിനിമാ ഷൂട്ടിങ് തടഞ്ഞ ആർഎസ്എസ് നടപടിയിൽ പ്രതിഷേധിക്കുക: പുകസ
X

പാലക്കാട്: പാലക്കാട് കടമ്പഴിപ്പുറത്ത് നടന്നു വന്ന സിനിമാ ചിത്രീകരണം തടഞ്ഞ ആർഎസ്എസ് ക്രിമിനലുകളുടെ നടപടിയിൽ പുരോഗമന കലാസാഹിത്യ സംഘം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. 'നിയാംനദി' എന്ന സിനിമയുടെ ഷൂട്ടിങ് കടമ്പഴിപ്പുറം വായില്ലാക്കുന്ന് ക്ഷേത്രമതിൽക്കെട്ടിന് പുറത്തു വെച്ചാണ് നടത്തിയിരുന്നത്. ആർഎസ്എസുകാർ കടന്നുചെന്ന് സിനിമയുടെ കഥ വിശദീകരിക്കാൻ ആവശ്യപ്പെടുകയും അക്രമം നടത്തുകയും ചെയ്തു. നിരവധി ഉപകരണങ്ങൾ അവർ നശിപ്പിച്ചു. സിനിമയിൽ ഹിന്ദു-മുസ്ലിം പ്രണയം ഉണ്ടെന്ന് പറഞ്ഞായിരുന്നു അക്രമം.

കേന്ദ്രത്തിൽ നരേന്ദ്രമോദി ഭരിക്കുന്നുണ്ട് എന്ന അഹന്തയിൽ അഫ്ഘാനിസ്ഥാനിലെ താലിബാൻ മോഡലിലുള്ള ഭീകരനീക്കമാണ് ആർഎസ്എസ് രാജ്യത്ത് നടത്തിക്കൊണ്ടിരിക്കുന്നത്. കലയും സാഹിത്യവും സർഗ്ഗാവിഷ്ക്കാരങ്ങളും മനുഷ്യന് ജീവവായു പോലെ പ്രധാനപ്പെട്ടതാണ്. സിനിമയാകട്ടെ ജനലക്ഷങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട ആസ്വാദനോപാധിയാണ്. പാട്ടുപാടാനും സിനിമ ചിത്രീകരിക്കാനും മതരാഷ്ട്രവാദീ ഭീകരന്മാരുടെ മുൻകൂർ അനുവാദം വേണ്ടി വരുന്ന മഹാദുരന്തത്തിലേക്ക് നമ്മുടെ നാട് നീങ്ങുകയാണോ എന്ന് സംശയിക്കണം.

എന്തായാലും ജനാധിപത്യകേരളത്തിൽ ആർഎസ്എസിൻ്റെ ഈ നീക്കം അനുവദിക്കുന്ന പ്രശ്നമില്ല. സിനിമ തടയുന്ന ആർഎസ്എസ് ഭീകരത ചെറുത്തു തോൽപ്പിക്കുക തന്നെ ചെയ്യും. കടമ്പഴിപ്പുറത്തെ സംഭവത്തിൽ ജനാധിപത്യബോധമുള്ള മുഴുവൻ ജനങ്ങളും പ്രതിഷേധിക്കണമെന്ന് സംഘം പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it