Kerala

മുസ്‌ലിം ന്യൂനപക്ഷ അവകാശ സംരക്ഷണം: മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി ഉലമ സംയുക്ത സമിതി

മുസ്‌ലിം ന്യൂനപക്ഷ അവകാശ സംരക്ഷണം: മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി ഉലമ സംയുക്ത സമിതി
X

തിരുവനന്തപുരം: സംസ്ഥാനത്ത് മുസ്‌ലിംകളുടെ ന്യൂനപക്ഷ അവകാശങ്ങള്‍ സംരക്ഷിക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന് ഉലമ സംയുക്ത സമിതി നിവേദനം നല്‍കി. ന്യൂനപക്ഷ അവകാശം സംബന്ധിച്ച് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കേരളത്തില്‍ മുസ്‌ലിം വിരുദ്ധ വര്‍ഗീയപ്രചരണത്തിനും വര്‍ഗീയധ്രുവീകരണത്തിനുമുള്ള ആസൂത്രിതമായ ശ്രമങ്ങള്‍ നടന്നുവരികയാണെന്ന് ഉലമ സംയുക്തസമിതിക്കുവേണ്ടി ചെയര്‍മാന്‍ എസ് അര്‍ഷദ് അല്‍ ഖാസിമി നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.

ന്യൂനപക്ഷവിഭാഗ ആനുകൂല്യവുമായി ബന്ധപ്പെട്ട് സാമൂഹിക വിഭജനം സൃഷ്ടിക്കാനും വര്‍ഗീയത ഇളക്കി വിടാനും ഇക്കൂട്ടര്‍ ശ്രമിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ അര്‍ഹമായതല്ലാതെ മറ്റൊന്നും ഒരു സമുദായവും നേടുന്നില്ലെന്നും ഒരു വിഭാഗത്തിനും ഒരവകാശവും നഷ്ടപ്പെടുന്നില്ലെന്നും ഉറപ്പുവരുത്തേണ്ടത് ഒരു മതേതര സര്‍ക്കാരിന്റെ ബാധ്യതയാണ്. ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഏത് മന്ത്രി കൈകാര്യം ചെയ്താലും അത് നീതിപൂര്‍വകമായിരിക്കണം.

എന്നാല്‍, ഒരു സമുദായം അവിഹിതവും അനര്‍ഹവുമായി സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നേടിയെടുത്തുവെന്ന് കേരളത്തിന്റെ സാമൂഹികാന്തരീക്ഷത്തെ വര്‍ഗീയവല്‍ക്കരിക്കുന്ന തരത്തിലുള്ള ആരോപണങ്ങളുയര്‍ത്തുമ്പോള്‍ മൗനം തുടരുന്നത് ആ ആരോപണങ്ങള്‍ സര്‍ക്കാര്‍ ശരിവയ്ക്കുന്നതിന് തുല്യമാണ്. ഈ ഘട്ടത്തില്‍ ന്യൂനപക്ഷ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്ന സമുദായങ്ങള്‍ക്ക് ഇതുവരെ ലഭിച്ച ആനുകൂല്യങ്ങള്‍ എന്തൊക്കെയാണെന്ന് സമുദായം തിരിച്ച് പുറത്തുവിടാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് സമിതി നിവേദനത്തില്‍ ആവശ്യപ്പെട്ടു.

സച്ചാര്‍, പാലോളി കമ്മിറ്റികളുടെ ശുപാര്‍ശ പ്രകാരവും പതിനഞ്ചിന പരിപാടിയിലെ ഇനമെന്ന നിലയിലും നരേന്ദ്രന്‍ കമ്മീഷന്‍ ചൂണ്ടിക്കാണിച്ച ഏറ്റവും കൂടുതല്‍ തസ്തിക നഷ്ടം സംഭവിച്ചതും എസ്‌സി, എസ്ടി കഴിഞ്ഞാല്‍ സംസ്ഥാനത്ത് ഏറ്റവും കുറഞ്ഞ ഉദ്യോഗസ്ഥ പ്രാതിനിധ്യമുള്ളതും ആനുകുല്യങ്ങള്‍ കുറവുള്ളതും മുസ്‌ലിം സമുദായത്തിനാണ്. എന്നിട്ടും മുസ്‌ലിംകള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ക്ക് മാത്രമായി സര്‍ക്കാര്‍ എന്തോ പ്രത്യേക സാമ്പത്തിക സഹായം നല്‍കുന്നുവെന്ന പ്രചാരണം തെറ്റിദ്ധാരണ പരത്താനുള്ള ബോധപൂര്‍വമായ ശ്രമമാണ്.

ക്രിസ്ത്യന്‍ ജനവിഭാഗത്തിനായി പരിവര്‍ത്തിത ക്രിസ്ത്യന്‍ കോര്‍പറേഷനും മുന്നോക്ക വിഭാഗത്തിനായി മുന്നോക്ക കോര്‍പറേഷനും പിന്നാക്ക വിഭാഗത്തിനായി പിന്നാക്ക കോര്‍പറേഷനും പ്രവര്‍ത്തിക്കുന്നു. ക്രിസ്ത്യന്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക് വിവിധ പദ്ധതികളുണ്ട്. ഇതിനു പുറമേ എല്ലാ വിഭാഗങ്ങള്‍ക്കും ഭവനപദ്ധതികളുമുണ്ട്. കേന്ദ്രത്തിന്റെ പതിനഞ്ചിന പരിപാടിയിലെ നിര്‍ദേശങ്ങള്‍ മുഖ്യമായും പിന്നാക്ക ന്യൂനപക്ഷ മുസ്‌ലിംകള്‍ക്ക് മാത്രമായുള്ളതാണ്.

കേരളത്തില്‍ മുഴുവന്‍ മുസ്‌ലിംകളെയും പിന്നാക്ക വിഭാഗമായിട്ടാണ് പരിഗണിച്ചുവരുന്നത്. എന്നാല്‍, ക്രിസ്ത്യന്‍ സമുദായത്തിലെ ലാറ്റിന്‍ കത്തോലിക്ക, പരിവര്‍ത്തിത ക്രിസ്ത്യാനികള്‍, ആംഗ്ലോ ഇന്ത്യന്‍സ് മുതലായവരാണ് പിന്നാക്ക സമുദായത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ക്രിസ്ത്യന്‍ സമുദായത്തിലെ മറ്റു വിഭാഗങ്ങള്‍ക്ക് മുന്നാക്ക കോര്‍പറേഷനില്‍നിന്നും ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനൊപ്പം ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന മുന്നാക്ക സംവരണവ്യവസ്ഥ പ്രകാരം 10 ശതമാനം സംവരണവും നല്‍കിവരുന്നു.

വസ്തുത ഇതായിരിക്കെ സംസ്ഥാനത്ത് ന്യൂനപക്ഷങ്ങള്‍ക്കുള്ള 80 ശതമാനം ആനുകൂല്യങ്ങളും മുസ്‌ലിം സമുദായത്തിന് നല്‍കുന്നുവെന്ന കള്ള പ്രചാരണമാണ് നടക്കുന്നത്. സാമൂഹികനീതി ഉറപ്പുവരുത്താനുള്ള സര്‍ക്കാരിന്റെ ഇടപെടലുകളെ വര്‍ഗീയതയും ന്യൂനപക്ഷ പ്രീണനവും ആരോപിച്ച് തടയിടാനും വിഭാഗീയത വളര്‍ത്താനുമുള്ള സംഘപരിവാര്‍ രാഷ്ട്രീയത്തെ തുറന്നുകാട്ടുന്നതിനൊപ്പം ന്യൂനപക്ഷങ്ങള്‍ക്ക് അര്‍ഹതപ്പെട്ട അവകാശങ്ങള്‍ നീതിപൂര്‍വമായി നല്‍കണമെന്നും നിവേദനത്തില്‍ സമിതി മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ചു.

Next Story

RELATED STORIES

Share it