Kerala

പകര്‍ച്ചവ്യാധി പ്രതിരോധത്തിന് ഏകീകൃത നെറ്റ് വര്‍ക്കിങ് സംവിധാനം

നിപ പോലെയുള്ള പകര്‍ച്ച വ്യാധികള്‍ കഴിഞ്ഞ വര്‍ഷം ഉണ്ടായതിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ മുന്‍കരുതലുകള്‍ എടുക്കുവാന്‍ കൂടിയായിരുന്നു ഏകോപന യോഗം വിളിച്ചത്.

പകര്‍ച്ചവ്യാധി പ്രതിരോധത്തിന് ഏകീകൃത നെറ്റ് വര്‍ക്കിങ് സംവിധാനം
X

തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചവ്യാധികളുടെ നിയന്ത്രണത്തിനും നിരീക്ഷണത്തിനും സര്‍ക്കാര്‍-സ്വകാര്യ മെഡിക്കല്‍ കോളജുകളുടെ ഏകോപനം. പകര്‍ച്ചവ്യാധി വിവരങ്ങള്‍ അപ്പപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് ഏകീകൃത നെറ്റ് വര്‍ക്കിങ് സംവിധാനവും രൂപീകരിച്ചു. ആരോഗ്യ മന്ത്രി കെ കെ ശൈലജയുടെ അധ്യക്ഷതയില്‍ സെക്രട്ടറിയേറ്റില്‍ ചേര്‍ന്ന സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ മെഡിക്കല്‍ കോളജുകളിലേയും സൂപ്രണ്ടുമാരുടേയും മറ്റ് വിദഗ്ധ ഡോക്ടര്‍മാരുടേയും യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.

സംസ്ഥാന പീഡ് സെല്ലിന്റെ നേതൃത്വത്തിലാണ് (PEID CELL- Prevention of Epidemics and Infectious Disease Cell) യോഗം വിളിച്ചു കൂട്ടിയത്. നിപ പോലെയുള്ള പകര്‍ച്ച വ്യാധികള്‍ കഴിഞ്ഞ വര്‍ഷം ഉണ്ടായതിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ മുന്‍കരുതലുകള്‍ എടുക്കുവാന്‍ കൂടിയായിരുന്നു ഏകോപന യോഗം വിളിച്ചത്. ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ മാത്രമേ മഴക്കാലപൂര്‍വ ശുചീകരണവും പകര്‍ച്ചവ്യാധി പ്രതിരോധവും നിയന്ത്രണവും സാധ്യമാകുകയുള്ളൂവെന്ന് മന്ത്രി കെ കെ ശൈലജ വ്യക്തമാക്കി.

പലപ്പോഴും സ്വകാര്യ ആശുപത്രികളിലെ രോഗ വിവരങ്ങള്‍ ലഭ്യമാകാതെ വരുന്നു. അതുകൊണ്ട് പകര്‍ച്ചവ്യാധി പ്രതിരോധം പൂര്‍ണമാകുന്നില്ല. സ്വകാര്യ ആശുപത്രികളെക്കൂടി ഇതില്‍ ഉള്‍പ്പെടുത്തിയാലേ പകര്‍ച്ച വ്യാധികളുടെ പൂര്‍ണമായ വിവരങ്ങള്‍ ലഭ്യമാകുകയുള്ളൂ. അതിനാലാണ് ആദ്യമായി സര്‍ക്കാര്‍ സ്വകാര്യ ആശുപത്രി പ്രതിനിധികളുടേ യോഗം വിളിച്ചുകൂട്ടിയത്. സമൂഹത്തിന്റെ ആരോഗ്യത്തിന് വേണ്ടിയാണ് ആശുപത്രികളെല്ലാം പ്രവര്‍ത്തിക്കുന്നത്. ഇതുള്‍ക്കൊണ്ടുകൊണ്ട് സര്‍ക്കാര്‍, സ്വകാര്യ വ്യത്യാസമില്ലാതെ എല്ലാവരും ഒന്നിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലെ പകര്‍ച്ചവ്യാധി പ്രതിരോധ മാര്‍ഗങ്ങള്‍ യോഗത്തില്‍ അവതരിപ്പിച്ചു. അതില്‍ സ്വീകരിക്കാവുന്ന നല്ല മാതൃകകള്‍ യോഗം ചര്‍ച്ച ചെയ്തു. രോഗ പ്രതിരോധത്തിന് മതിയായ പരിശീലനങ്ങള്‍ നല്‍കണം. ഓരോ ആശുപത്രിയും ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ വളരെയധികം ശ്രദ്ധിക്കണം. മാലിന്യ സംസ്‌കരണത്തിന് പ്രത്യേക പ്രാധാന്യം നല്‍കണം. മഴക്കാലത്തിന് മുമ്പ് ആശുപത്രിയും പരിസരവും പൂര്‍ണമായി വൃത്തിയാക്കണം. പകര്‍ച്ചവ്യാധി പ്രതിരോധത്തിന് ആശുപത്രി വികസന സമിതിവഴി ജീവനക്കാരെ നിയമിക്കാവുന്നതാണ്. ജീവനക്കാരില്ലെന്ന പരാതി പറയാതെ ഉള്ള ജീവനക്കാര്‍ക്ക് കൃത്യമായ ക്രമീകരണത്തോടെ ഡ്യൂട്ടി നല്‍കിയാല്‍ തന്നെ പ്രശ്‌നം പരിഹരിക്കാവുന്നതാണ്. മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച മെഡിക്കല്‍ കോളേജുകളെ മന്ത്രി അഭിനന്ദിക്കുകയും ചെയ്തു.

Next Story

RELATED STORIES

Share it