Kerala

അബ്ദുല്ലക്കുട്ടി തെറിച്ചു, കേരളത്തിന്റെ ചുമതല പ്രകാശ് ജാവദേക്കറിന്; സംഘടനാ തലത്തില്‍ വന്‍ അഴിച്ചുപണിയുമായി ബിജെപി

കേരളം കൂടാതെ പഞ്ചാബ്, തെലങ്കാന, ചണ്ഡീഗഡ്, ഗുജറാത്ത്, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലും ചുമതല മാറ്റി നിശ്ചയിച്ചിട്ടുണ്ട്.

അബ്ദുല്ലക്കുട്ടി തെറിച്ചു, കേരളത്തിന്റെ ചുമതല പ്രകാശ് ജാവദേക്കറിന്; സംഘടനാ തലത്തില്‍ വന്‍ അഴിച്ചുപണിയുമായി ബിജെപി
X

ന്യൂഡല്‍ഹി: സംഘടനാ തലത്തില്‍ വന്‍ അഴിച്ചുപണിയുമായി ബിജെപി. കേരള ബിജെപി ഘടകത്തിന്റെ ചുമതല മുന്‍ മന്ത്രി പ്രകാശ് ജാവദേക്കറിന് നല്‍കി. രാധാ മോഹന്‍ അഗര്‍വാളിന് ആണ് കേരള ഘടകത്തിന്റെ സഹ ചുമതല. കേരളം കൂടാതെ പഞ്ചാബ്, തെലങ്കാന, ചണ്ഡീഗഡ്, ഗുജറാത്ത്, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലും ചുമതല മാറ്റി നിശ്ചയിച്ചിട്ടുണ്ട്.

ലക്ഷദ്വീപിന്റെ ചുമതലയില്‍ നിന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് അബ്ദുല്ലക്കുട്ടിയെ നീക്കി. മുന്‍ കേന്ദ്രമന്ത്രിമാര്‍, മുഖ്യമന്ത്രിമാര്‍, മുതിര്‍ന്ന നേതാക്കള്‍ എന്നിവരെയാണ് ബിജെപി വിവിധ സംസ്ഥാനങ്ങളുടെ ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. മലയാളിയായ അരവിന്ദ് മേനോന് ആണ് തെലങ്കാനയുടെ സഹ ചുമതലയുള്ളത്.

ചണ്ഡീഗഡിലെ ബിജെപി സംസ്ഥാന ഘടകത്തിന്റെ ചുമതല ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിക്കാണ്. കൂടാതെ പഞ്ചാബും വിജയ് രൂപാണിക്കായിരിക്കും. ത്രിപുര മുന്‍ മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിന് ഹരിയാനയുടേയും മംഗള്‍ പാണ്ഡെയ്ക്ക് പശ്ചിമ ബംഗാളിന്റെ ചുമതലയും ആണ് നല്‍കിയിരിക്കുന്നത്.

ബിഹാറിന്റെ ചുമതല ജനറല്‍ സെക്രട്ടറി വിനോദ് താവ്‌ഡെക്കാണ്. സംസ്ഥാനത്ത് ജെഡിയു കാലുമാറിയതോടെ ഭരണം നഷ്ടപ്പെട്ടതിനു പിന്നാലെയാണ പരിചയ സമ്പന്നനായ വിനോദ് താവ്‌ഡെയെ ബി ജെ പി ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മറ്റി അംഗവുമായ ഓം മാത്തൂര്‍ ഛത്തീസ്ഗഡിലെ പാര്‍ട്ടി ചുമതല നിര്‍വഹിക്കും.

മുന്‍ ഉത്തര്‍പ്രദേശ് സംസ്ഥാന പ്രസിഡന്റ് ലക്ഷ്മികാന്ത് ബാജ്‌പേയ് ജാര്‍ഖണ്ഡിലെ ചുമതലയും നിര്‍വഹിക്കും. അതേസമയം ബി ജെ പി വക്താവ് സംബിത് പത്രയെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളുടെ കോര്‍ഡിനേറ്ററായി നിയമിച്ചിട്ടുണ്ട്. ബി ജെ പി ദേശീയ സെക്രട്ടറി ഋതുരാജ് സിന്‍ഹ ജോയിന്റ് കോര്‍ഡിനേറ്ററായിരിക്കും.

നിലവില്‍ സംഘടനാ പദവിയില്ലാത്ത ഒട്ടേറെ മുതിര്‍ന്ന നേതാക്കള്‍ക്ക് ഇപ്പോള്‍ പുതിയ ചുമതലകള്‍ ലഭിച്ചതിനാല്‍ ഈ നിയമനത്തിന് പ്രാധാന്യമേറെയാണ്. പ്രസ്താവനയിലൂടെയാണ് പദവി മാറ്റം ബി ജെ പി അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം മുതിര്‍ന്ന നേതാക്കളെ വിവിധ സംസ്ഥാനങ്ങളുടെ ചുമതലയേല്‍പ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.

2024 ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ബിജെപിയുടെ പുതിയ നീക്കം. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേരിയ മാര്‍ജിനില്‍ പരാജയപ്പെട്ട 144 ലോക്‌സഭാ മണ്ഡലങ്ങളില്‍ ബിജെപി പ്രത്യേകമായി ശ്രദ്ധ ചെലുത്തും. ഇതിനോടൊപ്പം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ ലക്ഷ്യമാക്കിയുള്ള പദ്ധതികളും ബിജെപി അണിയറയില്‍ തയ്യാറാക്കുന്നുണ്ട്.

Next Story

RELATED STORIES

Share it