Kerala

രാജ്യത്തിന്റെ അധികാരം ഭരണഘടന അട്ടിമറിക്കുന്നവരുടെ കൈകളില്‍: അഡ്വ.കാളീശ്വരം രാജ്

കുറഞ്ഞ സര്‍ക്കാര്‍ കൂടുതല്‍ സ്വാതന്ത്ര്യം എന്നതിന് പകരം കൂടുതല്‍ അധികാരവും കുറഞ്ഞ സ്വാതന്ത്ര്യവുമെന്ന അവസ്ഥയാണിപ്പോഴുള്ളത്. എന്തും സംഭവിക്കാമെന്ന അവസ്ഥയിലേക്ക് രാജ്യം പോയിക്കൊണ്ടിരിക്കുന്നു.

രാജ്യത്തിന്റെ അധികാരം ഭരണഘടന അട്ടിമറിക്കുന്നവരുടെ കൈകളില്‍: അഡ്വ.കാളീശ്വരം രാജ്
X

കൊച്ചി: രാജ്യത്തിന്റെ അധികാരം ഇന്ന് ഭരണഘടന അട്ടിമറിക്കുന്നവരുടെ കൈകളിലാണെന്ന് പ്രമുഖ അഭിഭാഷകന്‍ കാളീശ്വരം രാജ്. ഭരണഘടന സംരക്ഷണ സംഘാടകസമിതി റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കൊച്ചിയില്‍ സംഘിപ്പിച്ച ഭരണഘടന സംരക്ഷണസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യം ഭരിക്കുന്നവര്‍ ഭരണഘടനയില്‍ വിശ്വസിക്കുന്നവരോ അതിന്റെ സംസ്‌കാരം ഉയര്‍ത്തിപ്പിടിക്കുന്നവരോ അല്ല. അധികാരത്തിനുവേണ്ടി അതിനെ ഉപയോഗിക്കുന്നവര്‍ മാത്രമാണ്. അതിന്റെ പ്രത്യാഘാതമാണ് കശ്മിരില്‍ സംഭവിച്ചതും പൗരത്വ നിയമഭേദഗതിയും. ഏറെ ബുദ്ധിമുട്ടിയുണ്ടാക്കിയ ഇന്ത്യയുടെ സ്വാതന്ത്ര്യത്തെയും ഭരണഘടനയെയും നശിപ്പിക്കപ്പെട്ടതിനെക്കുറിച്ച് അടുത്ത തലമുറ നമ്മെ ചോദ്യംചെയ്യും. പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താന്‍ വേണ്ടി 144 ദുരുപയോഗിച്ചത് ഒരു പക്ഷേ ഇതാദ്യമായിരിക്കും. ഫാഷിസ്റ്റുവല്‍ക്കരണം രാജ്യത്ത് അതിവേഗം പടരുകയാണ്.


കുറഞ്ഞ സര്‍ക്കാര്‍ കൂടുതല്‍ സ്വാതന്ത്ര്യം എന്നതിന് പകരം കൂടുതല്‍ അധികാരവും കുറഞ്ഞ സ്വാതന്ത്ര്യവുമെന്ന അവസ്ഥയാണിപ്പോഴുള്ളത്. എന്തും സംഭവിക്കാമെന്ന അവസ്ഥയിലേക്ക് രാജ്യം പോയിക്കൊണ്ടിരിക്കുന്നു. ജനങ്ങളുടെ അവകാശങ്ങള്‍ സ്ഥാപിച്ചുകൊടുക്കേണ്ട കോടതികള്‍ പോലും ഭരണഘടനാമൂല്യങ്ങള്‍ പാലിക്കുന്നില്ല. ഭരണകൂടങ്ങള്‍ക്കെതിരേ വിധി പറയാന്‍ കോടതികള്‍ക്ക് സാധിക്കുന്നില്ല. നാസികളുടെ ആംഗ്യം ഇപ്പോള്‍ ജര്‍മനിയില്‍ കുറ്റകൃത്യമാണ്. ഇന്ത്യയില്‍ ഇപ്പോള്‍ സംഘപരിവാര്‍ കാണിക്കുന്ന എല്ലാ ചെയ്തികളും വരുംകാലത്ത് കുറ്റകൃത്യമാവുന്ന ജനാധിപത്യകാലം വരാതിരിക്കില്ല. ഇന്ത്യന്‍ റിപബ്ലിക് ഭരണഘടനയുടെ മഹത്വം ഉയര്‍ത്തിപ്പിടിക്കാന്‍ തയ്യാറാവണം. പുതിയ തലമുറയ്ക്ക് അത് പകര്‍ന്നുനല്‍കണം. ഭരണഘടനയുടെ സംരക്ഷണം രാജ്യത്തെ ജനങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്. വ്യക്തികളും സംഘടനകളും അവരുടെ ഉത്തരവാദിത്വം നിര്‍വഹിക്കണം.

പൊതുസമൂഹത്തിന്റെതും ജനങ്ങളുടേതുമാണ് റിപബ്ലിക് എന്ന് നാം തിരിച്ചറിയണം. ഇതോടൊപ്പംതന്നെ ഇന്ത്യ അനുഭവിക്കുന്ന അടിസ്ഥാനപ്രശ്‌നങ്ങള്‍ നാം ചര്‍ച്ച ചെയ്യണം. ലോകത്തിന് മുമ്പില്‍ ഇന്ത്യയുടെ പ്രതിച്ഛായ മുമ്പെങ്ങുമില്ലാത്തവിധം തകര്‍ന്നിരിക്കുന്നു. ദാരിദ്ര്യം, ജനങ്ങളുടെ കൈയില്‍ പണമില്ലായ്മ, സാമ്പത്തിക പരാധീനതകള്‍ ഉള്‍പ്പടെയുള്ളവ മറച്ചുവയ്‌വക്കാനും കൂടിയാണ് ഇപ്പോഴത്തെ ഭീകരനിയമങ്ങളെന്നും അദ്ദേഹം പറഞ്ഞു. മുന്‍മന്ത്രി ഡോ. നീലലോഹിതദാസന്‍ നാടാര്‍ അധ്യക്ഷത വഹിച്ചു. ഡോ. സെബാസ്റ്റ്യന്‍ പോള്‍, മുവാറ്റുപുഴ അഷ്‌റഫ് മൗലവി, എം കെ മനോജ് കുമാര്‍, സി പി മുഹമ്മദ് ബഷീര്‍, പി കെ ഉസ്മാന്‍, വി എം അലിയാര്‍, എം എ അബ്ദുല്‍ ലത്തീഫ്, മാവുടി മുഹമ്മദ് ഹാജി, കെ എച്ച് അബ്ദുല്‍ ഹാദി, പാസ്റ്റര്‍ പ്രിന്‍സ് ജോണ്‍, ബിനു ജോണ്‍ വയനാട് സംസാരിച്ചു.

Next Story

RELATED STORIES

Share it