Kerala

കാനത്തിനെതിരേ പോസ്റ്ററൊട്ടിച്ച മൂന്നുപേരെ സിപിഐ പുറത്താക്കി

എഐവൈഎഫ് നേതാക്കളായ ജയേഷ്, ഷിജു എന്നിവരെയും കിസാന്‍സഭ നേതാവ് കൃഷ്ണകുമാറിനെയുമാണ് പുറത്താക്കിയത്. ജയേഷിനെയും ഷിജുവിനെയും പോലിസ് അറസ്റ്റ് ചെയ്തതിനുപിന്നാലെയാണ് പാര്‍ട്ടി നപടി. എഐവൈഎഫ് ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗമാണ് ജയേഷ്.

കാനത്തിനെതിരേ പോസ്റ്ററൊട്ടിച്ച മൂന്നുപേരെ സിപിഐ പുറത്താക്കി
X

ആലപ്പുഴ: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരേ പോസ്റ്റര്‍ ഒട്ടിച്ചവരെ സിപിഐ പുറത്താക്കി. എഐവൈഎഫ് നേതാക്കളായ ജയേഷ്, ഷിജു എന്നിവരെയും കിസാന്‍സഭ നേതാവ് കൃഷ്ണകുമാറിനെയുമാണ് പുറത്താക്കിയത്. ജയേഷിനെയും ഷിജുവിനെയും പോലിസ് അറസ്റ്റ് ചെയ്തതിനുപിന്നാലെയാണ് പാര്‍ട്ടി നപടി. എഐവൈഎഫ് ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗമാണ് ജയേഷ്. മണ്ഡലം കമ്മിറ്റി അംഗമാണ് ഷിജു. കൃഷ്ണകുമാര്‍ കിസാന്‍സഭ മണ്ഡലം പ്രസിഡന്റാണ്. ഇയാള്‍ ഒളിവില്‍പോയിരിക്കുകയാണ്. ഇയാള്‍ക്കായി പോലിസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

എല്‍ദോ എബ്രഹാം എംഎല്‍എയെയും മറ്റ് സിപിഐ നേതാക്കളെയും എറണാകുളത്ത് പോലിസ് മര്‍ദിച്ച സംഭവത്തെ പാര്‍ട്ടി സെക്രട്ടറി ന്യായീകരിച്ചതില്‍ പ്രതിഷേധിച്ചാണ് പോസ്റ്റര്‍ പതിച്ചതെന്നാണ് അറസ്റ്റിലായ യുവനേതാക്കള്‍ പോലിസിന് നല്‍കിയ മൊഴി. ഇവര്‍ എത്തിയ കാര്‍ രാവിലെ പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു. പുന്നപ്ര സ്വദേശിയുടെ കാറിലെത്തിയാണ് ഇവര്‍ പോസ്റ്റര്‍ പതിച്ചത്. ഇയാള്‍ കാര്‍ വാടകയ്ക്ക് നല്‍കുന്നയാളാണ്. ഇയാള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലിസ് നേതാക്കളെ അറസ്റ്റുചെയ്തത്.

വെള്ളിയാഴ്ച പുലര്‍ച്ചെയാണ് കാനത്തിനെതിരേ ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫിസിന് മുന്നില്‍ ഉള്‍പ്പടെ മൂന്നിടങ്ങളില്‍ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. കാനത്തെ മാറ്റൂ, സിപിഐയെ രക്ഷിക്കൂ, എല്‍ദോ എംഎല്‍എ, രാജു സിന്ദാബാദ് എന്നീ മുദ്രാവാക്യങ്ങളോടെ തിരുത്തല്‍വാദികള്‍ സിപിഐ അമ്പലപ്പുഴ എന്ന പേരിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. സംഭവത്തിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് എസ്പിക്ക് പരാതി നല്‍കിയിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു പോലിസ് നടത്തിയ അന്വേഷണമാണ് പോസ്റ്റര്‍ ഒട്ടിച്ചവരെ അതിവേഗം പിടികൂടാന്‍ പോലിസിന് സഹായകരമായത്.

Next Story

RELATED STORIES

Share it