Top

മാനസയുടെയും രഖിലിന്റെയും പോസ്റ്റ്‌മോര്‍ട്ടം ഇന്ന്; രഖില്‍ ഉപയോഗിച്ച തോക്കിന്റെ ഉറവിടം തേടി പോലിസ്

മാനസയുടെയും രഖിലിന്റെയും പോസ്റ്റ്‌മോര്‍ട്ടം ഇന്ന്; രഖില്‍ ഉപയോഗിച്ച തോക്കിന്റെ ഉറവിടം തേടി പോലിസ്
X

കൊച്ചി: കോതമംഗലത്ത് വെടിയേറ്റ് കൊല്ലപ്പെട്ട ഡന്റല്‍ കോളജ് വിദ്യാര്‍ഥിനി മാനസ മാധവന്റെയും കൊലപാതത്തിന് ശേഷം ആത്മഹത്യചെയ്ത രഖിലിന്റെയും പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. കോതമംഗലത്തെ സ്വകാര്യാശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ രാവിലെ എട്ടുമണിയോടെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തുക. പ്രതി കൊലപാതകത്തിന് ഉപയോഗിച്ചത് 7.62 എം എം റൈഫിളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതെവിടുന്ന് കിട്ടിയെന്നത് സംബന്ധിച്ച് തലശേരി പോലിസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സംഭവത്തിന് പിന്നാലെ രഖിലിന്റെ ചില അടുത്ത സുഹൃത്തുക്കള്‍ നാട്ടില്‍നിന്നും അപ്രത്യക്ഷരായതായും വിവരമുണ്ട്. ബാലസ്റ്റിക് വിദഗ്ധര്‍ വെടിവയ്പ്പ് നടന്ന സ്ഥലത്തെത്തി ഇന്നും പരിശോധന നടത്തും. നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളജിലെ മെഡിക്കല്‍ വിദ്യാര്‍ഥിയായ മാനസയെ കൊലപ്പെടുത്തിയത് ഒരുമാസത്തോളം നീണ്ടുനിന്ന നിരീക്ഷണത്തിനുശേഷമാണെന്ന് പോലിസ് അന്വേഷണത്തില്‍ വ്യക്തമായി. മാനസ പഠിച്ചിരുന്ന കോളജിന്റെ അടുത്തുതന്നെ രഖില്‍ വാടകയ്ക്ക് മുറിയെടുത്തു. ഇവിടെനിന്ന് നോക്കിയാല്‍ മാനസ കോളജിലേക്ക് പോവുന്നതും ക്ലാസ് കഴിഞ്ഞ് തിരികെ മടങ്ങുന്നതും രഖിലിന് കാണാന്‍ സാധിക്കുമായിരുന്നു.

മാനസ താമസിച്ചിരുന്ന വീടിന് 100 മീറ്റര്‍ അടുത്ത് തന്നെയാണ് രഖിലിന്റെയും മുറി. ഇങ്ങനെ മാനസയുടെ ഓരോ നീക്കവും രഖില്‍ തുടര്‍ച്ചയായി നിരീക്ഷിച്ചു. അതിനുശേഷമാണ് മുന്‍കൂട്ടി കൊലപാതകം ആസൂത്രണം ചെയ്തത്. അവസാനവര്‍ഷ വിദ്യാര്‍ഥിനിയായ മാനസയ്ക്ക് ഇന്നലെ ക്ലാസുണ്ടായിരുന്നില്ല. സുഹൃത്തുക്കള്‍ക്കൊപ്പം കോളജിനു സമീപം വാടകയ്‌ക്കെടുത്ത വീട്ടിലാണ് താമസിച്ചിരുന്നത്. മുറിയില്‍നിന്നും മാനസ പുറത്തുപോയിട്ടില്ലെന്ന് രഖില്‍ ഉറപ്പാക്കി. അതിനുശേഷമാണ് ഇവര്‍ താമസിക്കുന്ന സ്ഥലത്തെത്തുന്നതും കൊല നടക്കുന്നതും. മാനസയും രാഖിലും തമ്മില്‍ രണ്ടുവര്‍ഷത്തിലധികമായി സൗഹൃദത്തിലായിരുന്നുവെന്നാണ് പോലിസ് പറയുന്നത്.

ഇന്‍സ്റ്റഗ്രാം വഴിയാണ് ഇരുവരും പരിചയപ്പെടുന്നത്. ഈ ബന്ധത്തിലുണ്ടായ വിളളലാവാം കൊലയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. വളവട്ടണം പോലിസ് സ്‌റ്റേഷനിലെ ഹോംഗാര്‍ഡ് മാധവന്റെയും രാമതെരു സ്‌കൂളിലെ അധ്യാപിക സെബിനയുടെയും മകളാണ് കൊല്ലപ്പെട്ട മാനസ. കഴിഞ്ഞ മാസം 24നാണ് മാനസ അവസാനമായി വീട്ടിലെത്തിയത്. അപ്പോഴാണ് രാഖില്‍ ശല്യം ചെയ്യുന്ന വിവരം മാതാപിതാക്കളെ അറിയിക്കുന്നത്. തുടര്‍ന്ന് പിതാവ് കണ്ണൂര്‍ ഡിവൈഎസ്പിക്ക് പരാതി നല്‍കി.

പരാതിയുടെ അടിസ്ഥാനത്തില്‍ തലശ്ശേരി മാലൂര്‍ സ്വദേശിയായ രഖിലിനെയും മാതാപിതാക്കളെയും ഡിവൈഎസ്പി സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തി. മാനസയെ ഇനി ശല്യം ചെയ്യില്ലെന്ന് മാതാപിതാക്കള്‍ക്ക് മുന്നില്‍വച്ച് രാഖില്‍ ഉറപ്പുനല്‍കി. തുടര്‍ന്ന് പരാതിയുമായി മുന്നോട്ടുപോവാന്‍ താത്പര്യമില്ലന്ന് മാനസയുടെ വീട്ടുകാര്‍ പോലിസിനെ അറിയിക്കുകയായിരുന്നു. എന്നാല്‍, പരാതി നല്‍കി മൂന്നാഴ്ച കഴിയും മുമ്പാണ് കൊലപാതകം നടന്നത്.

Next Story

RELATED STORIES

Share it