Kerala

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പില്‍ ട്വിസ്റ്റ്: മുഖ്യസൂത്രധാരന്‍ തൃശ്ശൂര്‍ സ്വദേശി; തെളിവ് ശേഖരിച്ച് പോലിസ്

തമിഴ്നാട്ടിലെ തെളിവെടുപ്പിനു ശേഷം റോയി ഡാനിയേലുമായി അന്വേഷണ സംഘം ആന്ധ്രയിലേക്ക് തിരിച്ചു.

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പില്‍ ട്വിസ്റ്റ്: മുഖ്യസൂത്രധാരന്‍ തൃശ്ശൂര്‍ സ്വദേശി; തെളിവ് ശേഖരിച്ച് പോലിസ്
X

പത്തനംതിട്ട: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പുകേസില്‍ വഴിത്തിരിവായി പോലിസ് കണ്ടെത്തല്‍. കേസിലെ മുഖ്യസൂത്രധാരന്‍ തൃശൂർ സ്വദേശിയാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. കേസില്‍ അറസ്റ്റിലായ സ്ഥാപന ഉടമ റോയ് ഡാനിയേലിന്റെ കുടുംബവുമായി അടുപ്പമുള്ള ഇയാളാണ് ഏതെല്ലാം രീതിയില്‍ പണം കടത്താമെന്നും നിയമക്കുരുക്ക് ഒഴിവാക്കാമെന്നും ലിമിറ്റഡ് ലയബലിറ്റി കമ്പനികള്‍ തുടങ്ങുന്നതു സംബന്ധിച്ചുമെല്ലാം പ്രതികളെ ഉപദേശിച്ചത്. ഇയാള്‍ക്കെതിരായ തെളിവുകള്‍ പോലിസ് ശേഖരിച്ചു. വരും ദിവസങ്ങളിലെ അന്വേഷണം പൂര്‍ത്തിയായാല്‍ ഇയാളെ പ്രതിപ്പട്ടികയില്‍ ചേര്‍ക്കുമെന്നാണ് സൂചന.

അതേസമയം, തമിഴ്നാട്ടിലെ തെളിവെടുപ്പിനു ശേഷം റോയി ഡാനിയേലുമായി അന്വേഷണ സംഘം ആന്ധ്രയിലേക്ക് തിരിച്ചു. തമിഴ്നാട്ടിലേക്ക് രണ്ടാമത് ഒരു അന്വേഷണ സംഘം ഇന്നലെ പുറപ്പെട്ടു. റോയിയുമായി തെളിവെടുപ്പു നടത്തിയ സ്ഥലങ്ങളില്‍ വീണ്ടും ഈ സംഘം പരിശോധന നടത്തുമെന്നാണ് റിപ്പോര്‍ട്ട്.

വിവിധ ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്ണര്‍ഷിപ് കമ്പനികളിലേക്ക് സ്വീകരിച്ച നിക്ഷേപത്തിന് ഒരു സുരക്ഷയും നിക്ഷേപകര്‍ക്ക് ലഭിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. പോപ്പുലര്‍ ഫിനാന്‍സിലാണ് നിക്ഷേപമെങ്കിലും വിവിധ എല്‍എല്‍പികളുടെ സര്‍ട്ടിഫിക്കറ്റാണ് നിക്ഷേപകര്‍ക്ക് നല്‍കിയിട്ടുള്ളത്. പോപ്പുലറിന്റെ ഈ എല്‍എല്‍പിയില്‍ നിക്ഷേപകനും പങ്കാളിയാണ്. അതിനാല്‍ എല്‍എല്‍പിക്ക് എന്തെങ്കിലും നഷ്ടം സംഭവിച്ചാല്‍ സംരംഭ പങ്കാളി എന്ന നിലയില്‍ നിക്ഷേപകനും നഷ്ടം സഹിക്കേണ്ടി വരുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. ഫിനാന്‍സില്‍ സ്വീകരിച്ച നിക്ഷേപം എല്‍എല്‍പികളിലേക്ക് മാറ്റിയതിനു പിന്നിലെ ഗൂഢലക്ഷ്യം നിയമക്കുരുക്ക് ഒഴിവാക്കലായിരുന്നുവെന്ന് അന്വേഷണ സംഘവും കണ്ടെത്തിയിട്ടുണ്ട്.

Next Story

RELATED STORIES

Share it