Kerala

പോപ്പുലർ ഫിനാൻസ് സാമ്പത്തിക തട്ടിപ്പ് കേസ് സിബിഐക്ക് കൈമാറും

ഇതരസംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലും പോപ്പുലർ ഉടമകൾ നിക്ഷേപം നടത്തിയതിനാൽ കേന്ദ്ര ഏജൻസി അന്വേഷണം നടത്തുന്നതാണ് ഉചിതമെന്ന് പത്തനംതിട്ട ജില്ലാ പോലിസ് മേധാവി കെ ജി സൈമൺ നേരത്തെ സർക്കാരിനെ അറിയിച്ചിരുന്നു.

പോപ്പുലർ ഫിനാൻസ് സാമ്പത്തിക തട്ടിപ്പ് കേസ് സിബിഐക്ക് കൈമാറും
X

പത്തനംതിട്ട: രണ്ടായിരം കോടിയിലേറെ രൂപയുടെ പോപ്പുലർ ഫിനാൻസ് സാമ്പത്തിക തട്ടിപ്പ് കേസ് സിബിഐക്ക് വിടാൻ സംസ്ഥാന സർക്കാരിന്റെ ശുപാർശ. ഇതുസംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറക്കും. വിദേശരാജ്യങ്ങളിലടക്കം പ്രതികൾ നിക്ഷേപങ്ങൾ നടത്തിയതിനാൽ ഇതേക്കുറിച്ചെല്ലാം അന്വേഷിക്കാൻ പോലിസിന് പരിമിതികളുണ്ട്. ഈ സാഹചര്യത്തിൽ കൂടിയാണ് കേസ് സിബിഐക്ക് വിടുന്നത്. കഴിഞ്ഞദിവസം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കേസിൽ സമാന്തര അന്വേഷണം ആരംഭിച്ചിരുന്നു.

ഇതരസംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലും പോപ്പുലർ ഉടമകൾ നിക്ഷേപം നടത്തിയതിനാൽ കേന്ദ്ര ഏജൻസി അന്വേഷണം നടത്തുന്നതാണ് ഉചിതമെന്ന് പത്തനംതിട്ട ജില്ലാ പോലിസ് മേധാവി കെ ജി സൈമൺ നേരത്തെ സർക്കാരിനെ അറിയിച്ചിരുന്നു. ഇത് കൂടി പരിഗണിച്ചാണ് കേസ് സിബിഐക്ക് വിടാൻ സർക്കാർ തീരുമാനിച്ചത്. രണ്ടായിരം കോടിയിലേറെ രൂപയുടെ സാമ്പത്തിക തട്ടിപ്പാണ് പോപ്പുലർ ഫിനാൻസ് ഉടമകൾ നടത്തിയതെന്നാണ് പോലിസിന്റെ കണ്ടെത്തൽ.

അതിനിടെ, പോപ്പുലർ കേസ് സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് ചില ഹരജികളും ഹൈക്കോടതിയിൽ എത്തിയിരുന്നു. ഈ ഹരജികൾ പരിഗണിച്ച ഹൈക്കോടതി ഓരോ പരാതികളിലും ഓരോ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നും പ്രതികളുടെ വസ്തുവകൾ കണ്ടെടുത്ത് സംരക്ഷിക്കണമെന്നും നിർദേശിച്ചിരുന്നു. ഈ ഹരജികൾ നാളെ ഹൈക്കോടതി വീണ്ടും പരിഗണിക്കാനിരിക്കെയാണ് കേസ് സിബിഐ.ക്ക് വിടാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്.

Next Story

RELATED STORIES

Share it