Kerala

സെക്രട്ടേറിയറ്റിന് മുന്നിലെ ഷഹീൻബാഗ് സമരപ്പന്തൽ രണ്ട് ദിവസത്തിനകം പൊളിച്ചുനീക്കണമെന്ന് പോലിസ്

സുരക്ഷ കാരണങ്ങളുന്നയിച്ച് കന്റോൺമെന്റ് സിഐയാണ് ഷഹീൻബാഗ് സംയുക്ത സമരസമിതി കോർഡിനേറ്റർക്ക് നോട്ടീസ് നൽകിയിരിക്കുന്നത്. പന്തൽ നീക്കാത്ത പക്ഷം പോലിസ് പൊളിച്ചുനീക്കുമെന്ന സൂചനയുമുണ്ട്. പന്തലുകാരോട് ഇക്കാര്യം പറയുമെന്നും പോലിസ് വ്യക്തമാക്കിയിട്ടുണ്ട്.

സെക്രട്ടേറിയറ്റിന് മുന്നിലെ  ഷഹീൻബാഗ് സമരപ്പന്തൽ രണ്ട് ദിവസത്തിനകം പൊളിച്ചുനീക്കണമെന്ന് പോലിസ്
X

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരായി ഡൽഹിയിലെ ഷഹീൻ ബാഗിൽ നടക്കുന്ന സമരത്തിന് ഐക്യദാർഡ്യവുമായി തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നിൽ നടക്കുന്ന ഷഹീൻ ബാഗ് സമരപ്പന്തൽ പൊളിച്ചുനീക്കണമെന്ന് പോലിസ്. രണ്ട് ദിവസത്തിനകം സമരപ്പന്തൽ പൊളിച്ച് നീക്കണമെന്നാവശ്യപ്പെട്ട്​ ഇന്നു രാവിലെ പോലിസ്​ സമരസമിതി ഭാരവാഹികൾക്ക് നോട്ടീസ് നൽകി. സുരക്ഷ കാരണങ്ങളുന്നയിച്ച് കന്റോൺമെന്റ് സിഐയാണ് ഷഹീൻബാഗ് സംയുക്ത സമരസമിതി കോർഡിനേറ്റർക്ക് നോട്ടീസ് നൽകിയിരിക്കുന്നത്. പന്തൽ നീക്കാത്ത പക്ഷം പോലിസ് പൊളിച്ചുനീക്കുമെന്ന സൂചനയുമുണ്ട്. പന്തലുകാരോട് ഇക്കാര്യം പറയുമെന്നും പോലിസ് വ്യക്തമാക്കിയിട്ടുണ്ട്.


ഭാരവാഹികളെ ഇന്ന് രാവിലെ പത്തോടെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. അതീവ സുരക്ഷ മേഖലയായ സെക്രട്ടറിയേറ്റിന് മുൻവശം കാഴ്ച മറക്കുന്ന രീതിയിലും പന്തൽ കെട്ടി സമരം ചെയ്യുന്നത് ഗുരുതര സുരക്ഷ വീഴ്ചക്ക് കാരണമാകുമെന്നാണ് നോട്ടീസിൽ പറയുന്നത്. ഒന്നോ രണ്ടോ ദിവസങ്ങൾക്കാണ് ഇത്തരത്തിൽ പന്തൽ കെട്ടി സമരം നടത്താൻ അനുമതി നൽകാനുള്ളത്. നിരന്തരം പന്തൽ കെട്ടിയിരിക്കുന്നത് കാൽനടയാത്രക്കാർക്കും വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർക്കും അസൗകര്യമുണ്ടാക്കുന്നുണ്ടെന്നും നോട്ടീസിൽ ആരോപിക്കുന്നു.


ഇന്നലെ സമരം രണ്ടാഴ്ച പിന്നിട്ടതിന്റെ ഭാഗമായി നടന്ന അതിജീവിന സമരത്തിന് ആയിരം കരങ്ങൾ എന്ന പരിപാടിയിൽ വലിയ ജനപങ്കാളിത്തമാണുണ്ടായത്. നോട്ടീസിൽ പോലിസ് ഉന്നയിച്ച ആരോപണങ്ങൾ വാസ്തവിരുദ്ധമാണെന്ന് സമരസമിതി വ്യക്തമാക്കി. സാധാരണ സമരപ്പന്തലിന്റെ ഉയരം മാത്രമുണ്ടായിട്ടും എന്താണ് പോലിസിനെ പ്രകോപിച്ചതെന്ന് അറിയില്ല. സമരസമിതി ഭാരവാഹികൾ കൂടിയാലോചിച്ച ശേഷം നോട്ടീസിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും അവർ വ്യക്തമാക്കി.

എവേക്ക് എന്ന വാട്ട്സാപ്പ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ വിദ്യാർഥിനികളും വീട്ടമ്മമാരും ചേർന്നാണ് തലസ്ഥാനത്ത് ഷെഹീൻ ബാഗ് ഐക്യദാർഡ്യ സമരം ആരംഭിച്ചത്. രാഷ്ട്രീയ-സാംസ്കാരിക- സാമൂഹിക മേഖലകളിൽ നിന്ന് വലിയ പിന്തുണയാണ് സമരത്തിന് ലഭിക്കുന്നത്. പൗരത്വ നിയമത്തിനെതിരായ സമരങ്ങൾക്കൊപ്പമാണ് തങ്ങളെന്ന് സംസ്ഥാന സർക്കാർ ആവർത്തിക്കുമ്പോഴും ഇത്തരം നീക്കങ്ങൾ സർക്കാരിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുകയാണ്. സമാധാനപരമായി നടക്കുന്ന സമരത്തിൽ ഇടതു നേതാക്കൾ ഉൾപ്പടെയെത്തി പിന്തുണ പ്രഖ്യാപിച്ചിരുന്നു. പൗരത്വ നിയമത്തിനെതിരെയുള്ള പ്രക്ഷോഭങ്ങൾ കൂടുതൽ ശക്തമായി മുന്നോട്ടു പോകണമെന്നാണ് സർക്കാർ നയമെന്നും സമരങ്ങളെ നിരുത്സാഹപ്പെടുത്തുന്ന ഒരു നടപടിയും സർക്കാർ ഏജൻസികളുടെ ഭാഗത്ത് നിന്നുണ്ടാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിലും പ്രഖ്യാപിച്ചിരുന്നു.

Next Story

RELATED STORIES

Share it