Kerala

നടിയെ പീഡിപ്പിച്ച കേസിൽ വിജയ് ബാബുവിന് അറസ്റ്റ് വാറണ്ട്

ഇയാള്‍ക്ക് സിറ്റി പോലിസ് ഇ-മെയിലില്‍ നോട്ടിസ് നല്‍കിയിരുന്നെങ്കിലും കീഴടങ്ങാന്‍ തയാറായില്ല. പകരം കൂടുതല്‍ സമയം ആവശ്യപ്പെടുകയായിരുന്നു.

നടിയെ പീഡിപ്പിച്ച കേസിൽ വിജയ് ബാബുവിന് അറസ്റ്റ് വാറണ്ട്
X

കൊച്ചി: നടിയെ പീഡിപ്പിച്ച കേസില്‍ പോലിസ് അന്വേഷിക്കുന്ന വിജയ് ബാബുവിനെതിരേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. വിജയ് ബാബു ദുബയില്‍ ഒളിവില്‍ കഴിയുകയാണ് എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ അവിടെ തിരിച്ചില്‍ നടത്തുകയാണ്. ദുബയിലെ വിലാസം കണ്ടെത്തിയാല്‍ ഉടന്‍ റെഡ് കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിക്കുമെന്ന് കൊച്ചി സിറ്റി പോലിസ് കമീഷണര്‍ സി എച്ച് നാഗരാജു പറഞ്ഞു.

പ്രതി താമസിക്കുന്ന രാജ്യത്തോട് അയാളെ താല്‍ക്കാലികമായി അറസ്റ്റ് ചെയ്യാനുള്ള അഭ്യര്‍ഥനയാണ് റെഡ് കോര്‍ണര്‍ നോട്ടിസ്. ഇയാളെ നാട്ടിലെത്തിക്കാന്‍ സിറ്റി പോലിസ് ഇന്റര്‍പോളിന്റെ സഹായം തേടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ആഴ്ച ബ്ലൂ കോര്‍ണര്‍ നോട്ടിസും പുറപ്പെടുവിച്ചു. ഇയാള്‍ക്ക് സിറ്റി പോലിസ് ഇ-മെയിലില്‍ നോട്ടിസ് നല്‍കിയിരുന്നെങ്കിലും കീഴടങ്ങാന്‍ തയാറായില്ല. പകരം കൂടുതല്‍ സമയം ആവശ്യപ്പെടുകയായിരുന്നു. ഈ മാസം 19ന് ഹാജരാകാമെന്നായിരുന്നു നോട്ടിസിന് വിജയ് ബാബുവിന്റെ രേഖാമൂലമുള്ള മറുപടി.

18ന് മധ്യവേനലവധിക്കുശേഷമേ ഹൈക്കോടതി വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യഹരജി പരിഗണിക്കൂ. ഹരജിയില്‍ തീരുമാനം വരാന്‍ പിന്നെയും സമയമെടുക്കുമെന്നതിനാല്‍ 19ന് വിജയ് ബാബു എത്തുമെന്ന് അന്വേഷണ സംഘത്തിന് പ്രതീക്ഷയില്ല.

Next Story

RELATED STORIES

Share it