Kerala

തിരുവനന്തപുരത്ത് എസ്ഡിപിഐ മാർച്ചിന് നേരെ പോലിസ് അതിക്രമം

യാതൊരു പ്രകോപനവുമില്ലാതെ സമാധാനപരമായി നടത്തിയ മാർച്ചിന് നേരെ പോലിസ് ടിയർഗ്യാസും ജലപീരങ്കിയും പ്രയോഗിച്ചു. ടിയർഗ്യാസ് പൊട്ടിത്തെറിച്ച്‌ പരിക്കേറ്റ പ്രവർത്തകനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തിരുവനന്തപുരത്ത് എസ്ഡിപിഐ മാർച്ചിന് നേരെ പോലിസ് അതിക്രമം
X

തിരുവനന്തപുരം: ഡൽഹിയിലെ പൗരത്വ പ്രക്ഷോഭകർക്കെതിരെ പോലിസും ആർഎസ്എസും നടത്തുന്ന നരനായാട്ടിൽ പ്രതിഷേധിച്ച് എസ്ഡിപിഐ നടത്തിയ ഏജീസ് ഓഫീസ് മാർച്ചിനു നേരെ പോലിസ് അതിക്രമം. യാതൊരു പ്രകോപനവുമില്ലാതെ സമാധാനപരമായി നടത്തിയ മാർച്ചിന് നേരെ പോലിസ് ടിയർഗ്യാസും ജലപീരങ്കിയും പ്രയോഗിച്ചു. ടിയർഗ്യാസ് പൊട്ടിത്തെറിച്ച്‌ പരിക്കേറ്റ പ്രവർത്തകനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


എസ്ഡിപിഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്നു രാവിലെ 11 മണിയോടെ അടക്കുളങ്ങരയിൽ നിന്നാരംഭിച്ച മാർച്ച് ഏജീസ് ഓഫീസിന് മുന്നിൽ പോലിസ് തടഞ്ഞു. ബാരിക്കേഡിന് മുന്നിലേക്ക് ഓടിയെത്തി മുദ്രാവാക്യം വിളിച്ച പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ച ശേഷമായിരുന്നു ടിയർഗ്യാസ് പ്രയോഗം. പുലിപ്പാറ സ്വദേശിയായ അൽഅമീൻ എന്ന പ്രവർത്തകനാണ് കാലിന് പരിക്കേറ്റത്.


സംസ്ഥാന വൈസ് പ്രസിഡന്റ് എം കെ മനോജ് കുമാർ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു. ജനാധിപത്യ സമരങ്ങളെ അടിച്ചൊതുക്കുന്ന ഭരണകൂടം രാജ്യത്ത് വംശീയ വിവേചനമുണ്ടാക്കി വർഗീയ ചേരിതിരിവ് നടത്തുന്ന പ്രതികാരബുദ്ധിയുള്ള സമൂഹത്തെ വാർത്തെടുക്കാനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വർഗീയ പ്രചരണം നടക്കുന്നവരെ ശിക്ഷിക്കുമെന്ന് പറയുന്ന ലോക്നാഥ് ബെഹ്റയുടെ പോലിസ് തന്നെ വർഗീയ ചേരിതിരിവിന് കളമൊരുക്കുകയാണ്. സെക്രട്ടേറിയറ്റിന് മുന്നിലെ ഷഹീൻബാഗ്, വാളയാർ സമരപ്പന്തലുകൾ പൊളിച്ചുനീക്കണമെന്നാണ് പോലിസ് പറഞ്ഞിട്ടുള്ളത്. രാജ്യത്തെ സ്ത്രീപീഡകരേയും കലാപകാരികളേയും സംരക്ഷിക്കുന്ന ബിജെപി സർക്കാരിന്റെ അതേ സമീപനമാണ് പിണറായി സർക്കാരും പിന്തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു.


ജില്ലാ പ്രസിഡന്റ് സിയാദ് കണ്ടല അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി അഷ്റഫ് പ്രാവച്ചമ്പലം, സെക്രട്ടറിമാരായ ഷബീർ ആസാദ്, ഇർഷാദ് കന്യാകുളങ്ങര, സിയാദ് തൊളിക്കോട്, ട്രഷറർ ജലീൽ കരമന, നിസാർ സലിം, യൂസുഫ് മണക്കാട്, സജീവ് പൂന്തുറ, നിസാം ആറ്റിങ്ങൽ, ഖാലിദ് പാങ്ങോട്, നാസർ കൊപ്പം, മഹ്ഷൂഫ് വളളക്കടവ് നേതൃത്വം നൽകി.

Next Story

RELATED STORIES

Share it