Kerala

കടലാക്രമണം: ദുരിതബാധിതര്‍ക്ക് അടിയന്തരസഹായം നല്‍കണമെന്ന് പികെ അബ്ദുറബ്ബ്

കടലാക്രമണം: ദുരിതബാധിതര്‍ക്ക് അടിയന്തരസഹായം നല്‍കണമെന്ന് പികെ അബ്ദുറബ്ബ്
X

തിരുവനന്തപുരം: കാലവര്‍ഷത്തെ തുടര്‍ന്ന് സംസ്ഥാനത്തെ തീരദേശമേഖലകളിലെ കടലാക്രമണത്തില്‍ തകര്‍ന്ന കടല്‍ഭിത്തി പുനര്‍നിര്‍മിക്കണമെന്ന് പികെ അബ്ദുറബ്ബ് ആവശ്യപ്പെട്ടു. നിയമസഭയില്‍ സബ്മിഷന്‍ അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലപ്പുറം ജില്ലയിലെ തീരദേശങ്ങള്‍ ഉള്‍പ്പെടെ കടല്‍ഭിത്തി ഇല്ലാത്ത സ്ഥലങ്ങളില്‍ കടല്‍ഭിത്തി നിര്‍മിക്കണമെന്നും കടല്‍ക്ഷോഭത്തില്‍ നാശനഷ്ടം സംഭവിച്ച തോണികള്‍, ഷെഡുകള്‍, മീന്‍ചാപ്പകള്‍ എന്നിവയുടെ ഉടമകള്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പുലിമുട്ടും കടല്‍ഭിത്തിയും സ്ഥാപിച്ച് സംസ്ഥാനത്ത് കടലാക്രമണം തടയാന്‍ സര്‍ക്കാര്‍ നടപടിയെടുത്തുവരികയാണെന്ന് മന്ത്രി ഇ ചന്ദ്രശേഖര്‍ മറുപടി നല്‍കി. കടലാക്രമണത്തെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്രമാനദണ്ഡപ്രകാരമുള്ള ധനസഹായത്തിന് ഇരകള്‍ അര്‍ഹരാണ്. സംസ്ഥാനത്ത് ജൂണ്‍ 12 വരെയുള്ള കണക്ക് പ്രകാരം 25 ലധികം തീരദേശവീടുകള്‍ പൂര്‍ണമായി തകര്‍ന്നു. 140ലേറെ വീടുകള്‍ ഭാഗികമായും തകര്‍ന്നു. ഇതുവരെയുളള കണക്ക് പ്രകാരം ഈ സംഖ്യ ഇനിയും വര്‍ധിക്കാനാണ് സാധ്യതയെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് രൂക്ഷമാകുന്ന കടലാക്രമണത്തില്‍ എല്ലാ നഷ്ടപ്പെട്ട അവസ്ഥയിലാണ് മത്സ്യത്തൊഴിലാളികളെന്ന് അബ്ദുറബ്ബ് പറഞ്ഞു. കേരളത്തിലെ പ്രളയകാലത്ത് നമുക്ക് താങ്ങും തണലുമായിരുന്ന മത്സ്യത്തൊഴിലാളികളെ കേരളത്തിന്റെ സ്വന്തം സൈന്യം എന്നാണ് നാം വിശേഷിപ്പിച്ചത്. എന്നാല്‍ അവര്‍ക്ക് വേണ്ടിയുള്ള എല്ലാം പ്രഖ്യാപനങ്ങളില്‍ ഒതുങ്ങുന്ന അവസ്ഥയാണ്.

തിരൂരങ്ങാടി മണ്ഡലത്തിലെ പരപ്പനങ്ങാടി കടലോര മേഖല കാലവര്‍ഷക്കെടുതി വളരെയധികം ബാധിച്ച പ്രദേശമാണ്. ഒട്ടുമ്മല്‍, ഒട്ടുമ്മല്‍ സൗത്ത്, പുത്തന്‍ കടപ്പുറം, സദ്ദാം ബീച്ച്, കെടി നഗര്‍, ആവിയില്‍ ബീച്ച്, സിഎച്ച് നഗര്‍, കെട്ടുങ്ങല്‍ ബീച്ച് എന്നീ സ്ഥലങ്ങളില്‍ കടല്‍ഭിത്തി ഭൂമിയിലേക്ക് താണു. ഇവ പുനസ്ഥാപിക്കണം. പരപ്പനങ്ങാടി ചാപ്പപ്പടിയിലെ മീന്‍ചാപ്പകള്‍ക്കും നാശം സംഭവിച്ചു. കടല്‍ക്ഷോഭത്തില്‍ വീടുകള്‍ക്കും നാശംസംഭവിച്ചു. ആലുങ്ങല്‍ ബീച്ച് കോളനിയിലെ വീടുകളും തകര്‍ച്ച നേരിടുകയാണ്. ഈ വീടുകള്‍ എംഎല്‍എ പണ്ട് ഉപയോഗിച്ച് നവീകരിക്കുന്നതിന് പണം വകയിരുത്തിയെങ്കിലും സര്‍ക്കാര്‍ അനുമതി നല്‍കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇവിടുത്തെ വീടുകളുടെ പട്ടയങ്ങള്‍ ഇവരുടെ മരണപ്പെട്ട പൂര്‍വികരുടെ പേരിലാണ്. അതുകൊണ്ടു തന്നെ ഇപ്പോള്‍ താമസിക്കുന്ന അവകാശികള്‍ക്ക് യാതൊരു ആനുകൂല്യവും ലഭിക്കുന്നില്ല. ഈ പ്രശ്‌നത്തിന് അടിയന്തര പരിഹാരം കാണണം. പുലിമുട്ടില്ലാതിരുന്നതിനാല്‍ പരപ്പനങ്ങാടി നഗരസഭയിലെ ചെട്ടിപ്പടി ആലുങ്ങല്‍ ഫിഷ് ലാന്‍ഡ് സെന്റര്‍ കടലാക്രമണത്തില്‍ തകര്‍ന്നു. പുലിമുട്ട് നിര്‍മിക്കണമെന്ന് എംഎല്‍എ എന്ന നിലയില്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചില്ല. പരപ്പനങ്ങാടി, പുത്തന്‍കടപ്പുറം ഭാഗത്ത് കടല്‍ഭിത്തി ഉയര്‍ത്തി നിര്‍മിക്കണം. കെട്ടുങ്ങല്‍ പാലത്തിന്റെ സംരക്ഷണാര്‍ത്ഥം അപ്രോച്ച് റോഡില്‍ കടല്‍ഭിത്തി നിര്‍മിക്കണമെന്നും അബ്ദുറബ്ബ് പറഞ്ഞു.

താനൂര്‍ നിയോജമണ്ഡലത്തിലെ എടക്കടപ്പുറം, ചീരാന്‍ കടപ്പുറം, അഞ്ചുടി പുതിയ കടപ്പുറം എന്നിവിടങ്ങളിലെ നൂറോളം വീടുകളും കടലാക്രമണഭീഷണിയിലാണ്. താനൂരില്‍ വള്ളങ്ങള്‍ക്കും ഫിഷിങ് ഹാര്‍ബറിനും കേടുപറ്റി. ഈ ഹാര്‍ബറും പരപ്പനങ്ങാടി ഹാര്‍ബറും അടിയന്തരമായി പൂര്‍ത്തീകരിക്കണം. താനൂരിലെ മത്സ്യത്തൊഴിലാളികള്‍ പ്രതിഷേധത്തിലാണ്. എടക്കപ്പുറത്തെ അങ്കണവാടി ഏത് നിമിഷവും കടലെടുക്കാവുന്ന സ്ഥിതിയിലാണ്. താനൂരില്‍ ഒട്ടുംപുറം മുതല്‍ ഉണ്ണിയാല്‍ വരെയുള്ള 10 കിലോമീറ്റര്‍ സ്ഥലത്തും പരപ്പനങ്ങാടി കെട്ടുങ്ങല്‍ ചെട്ടിപ്പടി ഫിഷറീസ് കോളനി വരെയുള്ള സ്ഥലത്തും കടല്‍ഭിത്തി ഇല്ലാത്ത സ്ഥലങ്ങളില്‍ അത് നിര്‍മിക്കണം. വള്ളികുന്നിലും വ്യാപകമായ നാശനഷ്ടങ്ങളുണ്ടായതായും അബ്ദുറബ്ബ് പറഞ്ഞു.

Next Story

RELATED STORIES

Share it