Kerala

എസ്ഡിപിഐയെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി; നിയമസഭയിൽ ബഹളം

പൗരത്വ നിഷേധത്തിനെതിരേ അങ്കമാലിയിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്ത 200 പേർക്കെതിരെ കേസെടുത്ത സംഭവം റോജി എം ജോൺ എംഎൽഎ ചോദ്യോത്തരവേളയിൽ ഉന്നയിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

എസ്ഡിപിഐയെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി; നിയമസഭയിൽ ബഹളം
X

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരേ നടക്കുന്ന സമരങ്ങളിൽ മുൻനിരയിലുള്ള എസ്ഡിപിഐ വിമർശിച്ച് മുഖ്യമന്ത്രി. നിയമസഭയിൽ ചോദ്യോത്തരവേളയിലാണ് മുഖ്യമന്ത്രിയുടെ വിമർശനം. ഇതേത്തുടർന്ന് സഭയിൽ പ്രതിപക്ഷം ബഹളമുയർത്തി. എസ്ഡിപിഐയെ പറ്റി പറയുമ്പോൾ പ്രതിപക്ഷത്തിന് പൊള്ളുന്നത് എന്തിനെന്ന് മുഖ്യമന്ത്രി ചോദിച്ചു. എസ്ഡിപിഐയെ പ്രതിപക്ഷം സംരക്ഷിക്കുന്നത് എന്തിന്?. സമരങ്ങളിൽ നുഴഞ്ഞുകയറി കുഴപ്പങ്ങൾ ഉണ്ടാക്കാൻ ഇത്തരം സംഘടനകളെ അനുവദിക്കില്ല. ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൗരത്വ നിഷേധത്തിനെതിരേ അങ്കമാലിയിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്ത 200 പേർക്കെതിരെ കേസെടുത്ത സംഭവം റോജി എം ജോൺ എംഎൽഎ ചോദ്യോത്തരവേളയിൽ ഉന്നയിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. പൗരത്വ നിഷേധത്തിനെതിരായ നിയമാനുസൃതമുള്ള സമരത്തിന് നേരെ കേസെടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പൗരത്വ ഭേദഗതി നിയമത്തിനെതിരേ സമരം ചെയ്തവർക്കെതിരേ ജാമ്യമില്ല കേസ് എടുത്തതായി ശ്രദ്ധയിൽ പെട്ടിട്ടില്ല. അത്തരത്തിൽ കേസ് എടുക്കുന്നത് സർക്കാർ നയമല്ല. പൗരത്വ നിഷേധത്തിനെതിരേ വലിയ പ്രക്ഷോഭമാണ് സംസ്ഥാനത്ത് നടക്കുന്നത്.

എന്നാൽ, പൗരത്വ നിഷേധത്തിനെതിരായ പ്രതിഷേധങ്ങളുടെ ഭാഗമായി അക്രമം അഴിച്ച് വിട്ടാൽ വച്ച് പൊറുപ്പിക്കില്ല. സമരത്തിന്റെ മറവിൽ ഭിന്നിപ്പിക്കാനാണ് ശ്രമം. നാട്ടിൽ എസ്ഡിപിഐ എന്ന് പറയുന്നൊരു വിഭാഗമുണ്ട്. തീവ്രവാദപരമായി ചിന്തിക്കുന്നവരാണ് അവർ. ആ വിഭാഗത്തിലുള്ളവർ ചിലയിടങ്ങളിൽ നടക്കുന്ന പ്രക്ഷോഭങ്ങളിൽ നുഴഞ്ഞ് കയറി പ്രശ്നങ്ങളുണ്ടാക്കിയിട്ടുണ്ട്. അവർക്കെതിരേ നടപടി സ്വീകരിച്ചിട്ടുണ്ട്. അക്രമങ്ങൾ ഒരു കാരണവശാലും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

എസ്ഡിപിഐ പരാമർശം വന്നതോടെ പ്രതിപക്ഷം ബഹളമുയർത്തി. എസ്‍ഡിപിഐക്കെതിരെ പറയുമ്പോൾ നിയമസഭയിൽ എന്തിനാണ് പ്രതിപക്ഷത്തിന് പൊള്ളുന്നതെന്നും എന്തിനാണ് ബഹളം വയ്ക്കുന്നതെന്നും പിണറായി വിജയൻ ചോദിച്ചു. അക്രമം ഉണ്ടായാൽ പോലിസ് കണ്ണടച്ച് നിൽക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രി ഉത്തരം മുട്ടിയപ്പോൾ കൊഞ്ഞനം കൊത്തുകയാണു ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അങ്കമാലിയിൽ മഹല്ല് കമ്മിറ്റി നടത്തിയ പൗരത്വ നിയമത്തിനെതിരെ സമാധാനമായി സമരം നടത്തിയവരിൽ 200 പേർക്കെതിരെ ഗതാഗത തടസ്സമുണ്ടാക്കിയെന്നു പറഞ്ഞ് കേസ് എടുത്തത് എംഎൽഎ റോജി ജോൺ ചൂണ്ടിക്കാട്ടിയപ്പോൾ അതിനു മറുപടി പറയാതെ എസ്ഡിപിഐക്കാരാണ് അവരെല്ലാം എന്ന തരത്തിൽ മറുപടി പറഞ്ഞപ്പോളാണു പ്രതിപക്ഷ അംഗങ്ങൾ ബഹളം വെച്ചത്. എന്നാൽ മുഖ്യമന്ത്രി വിഷയം വളച്ചൊടിച്ചതാണു പ്രശ്നങ്ങൾക്ക് കാരണം. മാത്രമല്ല എസ്ഡിപിഐ യുടെ വോട്ട് വാങ്ങിയിട്ടുള്ളത് മുഖ്യമന്ത്രിയുടെ പാർട്ടി തന്നെയെന്ന് പ്രതിപക്ഷ നേതാവ് തിരിച്ചടിയതോടെ ഭരണപക്ഷത്തിനു ഉത്തരംമുട്ടി.

Next Story

RELATED STORIES

Share it