Kerala

ബിരുദാനന്തര ബിരുദ സിലബസ് കാലാനുസൃതമായി പരിഷ്‌കരിക്കണമെന്ന് മന്ത്രി

വിസിമാരുടെ യോഗം ചേര്‍ന്നു; വിദ്യാര്‍ഥി സേവനങ്ങള്‍ ആറുമാസത്തിനകം ഓണ്‍ലൈനാക്കാന്‍ നിര്‍ദേശം

ബിരുദാനന്തര ബിരുദ സിലബസ് കാലാനുസൃതമായി പരിഷ്‌കരിക്കണമെന്ന് മന്ത്രി
X

തിരുവനന്തപുരം: സര്‍വകലാശാല പഠനവകുപ്പുകളിലെ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളുടെ സിലബസ് കാലാനുസൃതമായി പരിഷ്‌കരിക്കണമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ.കെ ടി ജലീല്‍ നിര്‍ദേശിച്ചു. അഫിലിയേറ്റഡ് കോളജുകളുടെ ഗുണനിലവാരം നിലനിര്‍ത്തുന്നതില്‍ വിട്ടുവീഴ്ച പാടില്ലെന്നും അദ്ദേഹം പറഞ്ഞു. ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള വൈസ് ചാന്‍സലര്‍മാരുടെ യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി. വിദ്യാര്‍ഥികളുടെ തൊഴിലവസരവും ഉപരിപഠന സാധ്യതകളും പ്രയോജനപ്പെടുത്തുന്നതിന് എല്ലാവര്‍ഷവും 'അക്കാദമിക കാര്‍ണിവല്‍' സംഘടിപ്പിക്കണം. ഇതില്‍ പരമാവധി അന്താരാഷ്ട്ര പ്രശസ്തിയാര്‍ജ്ജിച്ച ഗവേഷണ/അക്കാദമിക സ്ഥാപനങ്ങളെ പങ്കെടുപ്പിക്കണം. വിദ്യാര്‍ഥികള്‍ക്കാവശ്യമായ അപേക്ഷ സ്വീകരിക്കല്‍ മുതല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതുവരെയുള്ള എല്ലാ സേവനങ്ങളും ആറുമാസത്തിനുള്ളില്‍ ഓണ്‍ലൈനാക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. വൈസ് ചാന്‍സലര്‍മാര്‍ എല്ലാമാസവും ഇതിന്റെ പ്രവര്‍ത്തനം വിലയിരുത്തി ഉന്നതവിദ്യാഭ്യാസ വകുപ്പിന് പുരോഗതി റിപോര്‍ട്ട് സമര്‍പ്പിക്കണം. പിഎച്ച്ഡി പ്രബന്ധങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ സംവിധാനം വേണം. പ്രബന്ധങ്ങളുടെ മൂല്യനിര്‍ണയത്തിനായി വിദേശ റഫറിയെ നിയോഗിക്കണം. കോളജുകളില്‍ പ്രവേശനത്തിനായാലും പരീക്ഷാനടത്തിപ്പിനായാലും സിലബസ് പരിഷ്‌കരണമായാലും സര്‍വകലാശാലയുടെ നേരിട്ടുള്ള മേല്‍നോട്ടം കര്‍ശനമായി ഉണ്ടാകണം. സിലബസ് പരിഷ്‌കരണ സമിതികളില്‍ ഏറ്റവും പ്രഗത്ഭ അധ്യാപകരെ ഉള്‍പ്പെടുത്തണം. സ്വയംഭരണ കോളജുകളുടെ പ്രവര്‍ത്തനം വിലയിരുത്തുന്നതിന് സ്ഥിരം സംവിധാനം നടപ്പാക്കണം. ഇതിനായി ആട്ടോണമി അപ്രൂവര്‍ കമ്മിറ്റി 16ന് സര്‍ക്കാര്‍ വിളിച്ചുചേര്‍ക്കും. അഫിലിയേറ്റഡ് കോളജുകളില്‍ അധികഫീസ് ഈടാക്കുന്നത് തടയാന്‍ സംവിധാനം കാര്യക്ഷമമാക്കണം. ഒഴിഞ്ഞുകിടക്കുന്ന അധ്യാപക തസ്തികകള്‍ അടിയന്തരമായി നികത്തണം. സര്‍വകലാശാലകളുടെ നേതൃത്വത്തില്‍ സംസ്ഥാന പുനര്‍നിര്‍മാണത്തിനായി കര്‍മപദ്ധതി തയാറാക്കണമെന്നും മന്ത്രി പറഞ്ഞു. കേരള, എംജി, കുസാറ്റ്, കാലിക്കറ്റ്്, കണ്ണൂര്‍, കെടിയു, മലയാളം, ന്യൂവാന്‍സ്, സംസ്‌കൃതം എന്നീ സര്‍വകലാശാലകളിലെ വിസിമാരാണ് പങ്കെടുത്തത്. അടുത്തയോഗം ഏപ്രില്‍ അഞ്ചിന് ചേരും.


Next Story

RELATED STORIES

Share it