Kerala

കാത്തിരിപ്പിന് അറുതി; പെരുമ്പിലാവ് നിലമ്പൂര്‍ റോഡ് വികസനം ഉടന്‍

കാത്തിരിപ്പിന് അറുതി;  പെരുമ്പിലാവ് നിലമ്പൂര്‍ റോഡ് വികസനം ഉടന്‍
X

തൃശൂര്‍: വര്‍ഷങ്ങളായുള്ള ജനങ്ങളുടെ കാത്തിരിപ്പിന് വിരാമം. പെരുമ്പിലാവ് നിലമ്പൂര്‍ സംസ്ഥാനപാതയില്‍ റോഡ് വികസനം ഉടന്‍. സംസ്ഥാനപാത 39ന്റെ ഭാഗമായി കടവല്ലൂര്‍ പഞ്ചായത്തിലെ പെരുമ്പിലാവ് മുതല്‍ തൃശൂര്‍ ജില്ലാതിര്‍ത്തിയായ തണത്ര പാലം വരെയാണ് റോഡ് നവീകരണത്തിന് സംസ്ഥാന സര്‍ക്കാരിന്റെ ഭരണാനുമതി ലഭിച്ചിട്ടുള്ളത്.

3.372 കിലോ മീറ്റര്‍ റോഡ് ആധുനിക രീതിയില്‍ ബി എം ബി സി നിലവാരത്തിലാണ് നിര്‍മിക്കുക. സാങ്കേതിക അനുമതി കൂടി ലഭിച്ചാല്‍ ഉടന്‍ പണി ആരംഭിക്കുമെന്ന് സ്ഥലം എം എല്‍ എ കൂടിയായ എ സി മൊയ്തീന്‍ അറിയിച്ചു. 2021-22 ലെ സംസ്ഥാന ബജറ്റില്‍ കുന്നംകുളം നിയോജക മണ്ഡലത്തിന് വേണ്ടി പ്രഖ്യാപിച്ച പദ്ധതികളില്‍ ഒന്നു കൂടിയാണ് പെരുമ്പിലാവ് മുതല്‍ ജില്ലാതിര്‍ത്തിയായ തണത്ര പാലം വരെയുള്ള റോഡ് വികസനം.

നിലവില്‍ രണ്ടുവരി പാതയാണിത്. ദിവസേന ആയിരക്കണക്കിന് ചെറുതും വലുതുമായ വാഹനങ്ങള്‍ കടന്നു പോകുന്ന ഈ റോഡില്‍ പെരുമ്പിലാവ് മുതല്‍ തണത്ര പാലം വരെയുള്ള പലയിടങ്ങളിലും റോഡ് തകര്‍ന്നു കിടക്കുകയാണ്. പെരുമ്പിലാവ് മസ്ജിദിന് സമീപത്തും അറയ്ക്കല്‍ ഭാഗത്തും റോഡിന് തകര്‍ച്ചയുണ്ട്. കൂടാതെ തൃത്താല പാവറട്ടി ശുദ്ധജല പദ്ധതിയുടെ പൈപ്പ് ഈ റോഡിനടിയിലൂടെയാണ് മിക്കയിടത്തും കടന്നുപോകുന്നത്. റോഡ് ആധുനിക നിലവാരത്തില്‍ അല്ലാത്തതിനാല്‍ തന്നെ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ ശുദ്ധജല വിതരണ പൈപ്പ് പൊട്ടാറുണ്ട്.

ആധുനിക രീതിയില്‍ റോഡ് വികസനം പൂര്‍ത്തിയാവുമ്പോള്‍ ഇത്തരം പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരമാവുമെന്നാണ് പ്രതീക്ഷ. പ്രദേശത്തെ ആളുകളുടെ നിരന്തരമായ ആവശ്യമായിരുന്നു ഇടുങ്ങിയതും എന്നാല്‍ ഏറെ വാഹനങ്ങള്‍ കടന്നു പോകുന്നതുമായ റോഡിന്റെ വികസനം. ഇത് യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നത് പ്രദേശവാസികള്‍ക്ക് ആശ്വാസമാകുന്നു.

പാലക്കാട്, ഒറ്റപ്പാലം, ഷൊര്‍ണൂര്‍, പട്ടാമ്പി, കൂറ്റനാട് തുടങ്ങിയ പാലക്കാട് ജില്ലയിലെ പ്രധാന സ്ഥലകളിലേക്കും നിലമ്പൂര്‍, പെരിന്തല്‍മണ്ണ, മലപ്പുറം തുടങ്ങിയ സ്ഥലങ്ങളിലേക്കുമെല്ലാം ഈ റോഡ് വഴിയാണ് തൃശൂര്‍, കുന്നംകുളം, ഗുരുവായൂര്‍ ഭാഗത്തുനിന്ന് ബസ് സര്‍വീസുകള്‍ ഉള്ളത്.

ഇതിനു പുറമെ തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള പാഴ്‌സല്‍ സര്‍വീസ് വാഹനങ്ങളും നിത്യേന ഈ പാതയിലൂടെയാണ് കടന്നു പോകാറുള്ളത്. കഴിഞ്ഞ ബജറ്റില്‍ സംസ്ഥാന സര്‍ക്കാര്‍ പെരുമ്പിലാവ് നിലമ്പൂര്‍ റോഡ് വികസനത്തിന് തുക പ്രഖ്യാപിച്ചതോടെ നാട്ടുകാര്‍ ഏറെ ആഹ്ലാദം പ്രകടിപ്പിച്ചിരുന്നു.

Next Story

RELATED STORIES

Share it