Kerala

കോണ്‍ഗ്രസ് ഓഫിസിന് നേരേ ആക്രമണം; പേരാമ്പ്രയില്‍ ഹര്‍ത്താല്‍

പേരാമ്പ്ര പ്രസിഡന്‍സി കോളജ് റോഡില്‍ നിര്‍മാണം പൂര്‍ത്തിയായ ഓഫിസ് കെട്ടിടത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ഓഫിസിന്റെ ഒന്നാം നിലയിലെ ജനല്‍ചില്ലുകളും ഗ്ലാസ് വാതിലും പൂര്‍ണമായി തകര്‍ത്തു. ടൈലുകളും നശിച്ചിട്ടുണ്ട്.

കോണ്‍ഗ്രസ് ഓഫിസിന് നേരേ ആക്രമണം; പേരാമ്പ്രയില്‍ ഹര്‍ത്താല്‍
X

പേരാമ്പ്ര: മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഓഫിസിന് നേരേ ആക്രമണം. പേരാമ്പ്ര പ്രസിഡന്‍സി കോളജ് റോഡില്‍ നിര്‍മാണം പൂര്‍ത്തിയായ ഓഫിസ് കെട്ടിടത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ഓഫിസിന്റെ ഒന്നാം നിലയിലെ ജനല്‍ചില്ലുകളും ഗ്ലാസ് വാതിലും പൂര്‍ണമായി തകര്‍ത്തു. ടൈലുകളും നശിച്ചിട്ടുണ്ട്. പേരാമ്പ്ര പോലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. രാത്രിയാണ് സംഭവം നടന്നതെന്ന് സംശയിക്കുന്നു. ഓഫിസ് ആക്രമിച്ചതില്‍ പ്രതിഷേധിച്ച് ഇന്ന് വൈകീട്ട് 6 വരെ പേരാമ്പ്രയില്‍ ഹര്‍ത്താലിന് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ആഹ്വാനം ചെയ്തു. ആഗസ്ത് ഒന്നിന് നടക്കേണ്ടിയിരുന്ന ഓഫിസിന്റെ ഉദ്ഘാടനം ഉമ്മന്‍ചാണ്ടിയുടെ അസൗകര്യത്തെത്തുടര്‍ന്ന് മാറ്റിവയ്ക്കുകയായിരുന്നു.

സംഭവത്തിന് പിന്നില്‍ എസ്ഡിപിഐയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ചാവക്കാട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത്തില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം പേരാമ്പ്രയില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രകടനത്തിനിടയില്‍നിന്ന് എസ്ഡിപിഐ ഓഫിസിനുനേരേ കല്ലേറുണ്ടായിരുന്നു. ഇതെത്തുടര്‍ന്ന് കോണ്‍ഗ്രസിനെതിരേ എസ്ഡിപിഐയും പ്രകടനം നടത്തിയിരുന്നു. ഓഫിസ് അക്രമത്തില്‍ പ്രതിഷേധിച്ച് പേരാമ്പ്രയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. ബ്ലോക്ക് പ്രസിഡന്റ് രാജന്‍ മരുതേരി, ഡിസിസി ജനറല്‍ സെക്രട്ടറിമാരായ സത്യന്‍ കടിയങ്ങാട്, മുനീര്‍ എരവത്ത്, യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ് പി കെ രാഗേഷ്, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ബാബു തത്തക്കാടന്‍ നേതൃത്വം നല്‍കി.

Next Story

RELATED STORIES

Share it