Kerala

പൗരത്വ പ്രക്ഷോഭം: കേരളത്തിലെ മൂന്ന് എയര്‍പോര്‍ട്ടുകള്‍ ഉപരോധിക്കുമെന്ന് പിഡിപി

ജനതയുടെ പൗരത്വം ചോദ്യം ചെയ്യപ്പെടുകയും, സ്വാതന്ത്ര്യാനന്തര ഭാരതം കണ്ട ഏറ്റവും വലിയ പ്രതിഷേധങ്ങള്‍ നടന്നിട്ടും, ജനങ്ങളുടെ ആശങ്ക പോലും പരിഹരിക്കാന്‍ തയ്യാറാകാതെ ജുഡീഷ്യറി പോലും കേന്ദ്രസര്‍ക്കാരിന്റെ ചട്ടുകമായി മാറുന്നത് ജനാധിപത്യത്തിന്റെ മരണമണിയാകും.

പൗരത്വ പ്രക്ഷോഭം: കേരളത്തിലെ മൂന്ന് എയര്‍പോര്‍ട്ടുകള്‍ ഉപരോധിക്കുമെന്ന് പിഡിപി
X

കോഴിക്കോട്: സിഎഎ പിന്‍വലിക്കുക, എന്‍ആര്‍സിയും എന്‍പിആറും റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് നടക്കുന്ന ജനാധിപത്യ പ്രതിഷേധങ്ങളുടെ ഭാഗമായി ജനുവരി 30 ന് രക്തസാക്ഷി ദിനത്തില്‍ പിഡിപിയുടെ നേതൃത്വത്തില്‍ ബഹുജനങ്ങളെ പങ്കെടുപ്പിച്ച് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം ഉപരോധിക്കുമെന്ന് പിഡിപി കേന്ദ്രകമ്മിറ്റി. പൗരത്വനിഷേധത്തിനെതിരേ രാജ്യത്തുയര്‍ന്ന് വരുന്ന ബഹുജനപ്രതിഷേധങ്ങളെ കണ്ടില്ലെന്ന് നടിക്കുന്ന കേന്ദ്രസര്‍ക്കാരിനെതിരേ ശക്തമായ ഉപരോധ, ബഹിഷ്‌കരണ സമരങ്ങള്‍ക്ക് നേതൃത്വം കൊടുക്കാനുള്ള പാര്‍ട്ടി തീരുമാനപ്രകാരം കേരളത്തിലെ മൂന്ന് എയര്‍പോര്‍ട്ടുകളും സമ്പൂര്‍ണമായി ഉപരോധിക്കുക എന്നതാണ് തീരുമാനം. ഒന്നാംഘട്ടമെന്ന നിലയിലാണ് ജനുവരി 30 ന് കരിപ്പൂര്‍ എയര്‍പോര്‍ട്ട് ഉപരോധിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്.

തെരുവുകളില്‍ അരങ്ങേറുന്ന കേവല പ്രതിഷേധങ്ങള്‍ക്കപ്പുറം കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, റെയില്‍വേകള്‍, എയര്‍പോര്‍ട്ടുകള്‍ ഉള്‍പ്പെടെ അനിശ്ചിത കാലത്തേക്ക് ജനകീയ ഉപരോധങ്ങളാല്‍ സ്തംഭിപ്പിക്കുന്ന ജനാധിപത്യ സമരമുറകള്‍ സ്വീകരിക്കാന്‍ രാഷ്ട്രീയ സാമൂഹിക സംഘടനകള്‍ ഒറ്റക്കെട്ടായി അണിനിരക്കണമെന്നും, പൗരത്വ ഭേദഗതി നിയമത്തിനെതിരെ അണിനിരക്കുന്ന മുഴുവന്‍ ജനങ്ങളേയും സംഘടിപ്പിച്ച് നിര്‍ത്താന്‍ കഴിയേണ്ടതുണ്ടെന്നും പിഡിപി കേന്ദ്ര കമ്മിറ്റി അഭിപ്രായപ്പെട്ടു.

രാജ്യത്തെ ജനതയുടെ പൗരത്വം ചോദ്യം ചെയ്യപ്പെടുകയും, സ്വാതന്ത്ര്യാനന്തര ഭാരതം കണ്ട ഏറ്റവും വലിയ ജനാധിപത്യ പ്രതിഷേധങ്ങള്‍ രാജ്യത്തൊട്ടാകെ നടന്നിട്ടും, ജനങ്ങളുടെ ആശങ്ക പോലും പരിഹരിക്കാന്‍ തയ്യാറാകാതെ ജുഡീഷ്യറി പോലും കേന്ദ്രസര്‍ക്കാരിന്റെ ചട്ടുകമായി മാറുന്നത് ജനാധിപത്യത്തിന്റെ മരണമണിയാകും. പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങള്‍ രൂപപ്പെടുത്തും മുന്‍പ് തന്നെ യുപിയില്‍ 40 ലക്ഷത്തിലധികം പേരെ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിക്കൊണ്ട് നിയമം നടപ്പിലാക്കി തുടങ്ങിയ സാഹചര്യത്തെപ്പോലും ഗൗരവമായിക്കാണാന്‍ സുപ്രീം കോടതി തയ്യാറാകാതിരുന്നത് ജുഡീഷ്യറിയില്‍ അവശേഷിക്കുന്ന വിശ്വാസം പോലും നഷ്ടപ്പെടുത്തും.

ജനങ്ങളെ മതത്തിന്റെയോ, ജാതിയുടെയോ മറ്റേതെങ്കിലും കാരണത്താലോ വേര്‍തിരിക്കുക എന്നത് ഭരണഘടനയുടെ ഹൃദയവും ആത്മാവുമായ അടിസ്ഥാന തത്വങ്ങളുടെ നഗ്‌നമായ ലംഘനമാണ്.

കേന്ദ്ര ഗവണ്‍മെന്റ് കൊണ്ടുവന്ന എന്‍പിആര്‍, എന്‍ആര്‍സി, സിഎഎ തുടങ്ങിയവ ഭരണഘടന ലംഘനവും പൗരവിവേചനവുമാണ്. മതം മാനദണ്ഡമാക്കി പൗരത്വം നിര്‍വചിക്കുന്നത് അംഗീകരിക്കാനാവില്ല.

ജനാധിപത്യത്തേയും ഭരണഘടനയേയും വെല്ലുവിളിച്ച് അധികാരത്തിന്റെ ഹുങ്കില്‍ ആര്‍എസ്എസിന്റെ ഹിന്ദുത്വ രാഷ്ട്ര നിര്‍മിതിക്കായി രാജ്യത്തെ ഗവര്‍മെന്റ് നിലകൊള്ളുന്നത് അംഗീകരിക്കാന്‍ കഴിയില്ല.

പൗരത്വ ഭേദഗതി നിയമത്തിനെതിരേ രാജ്യത്തുയര്‍ന്ന് വരുന്ന മുഴുവന്‍ ജനാധിപത്യ പോരാട്ടങ്ങളോടും പിഡിപി ഐക്യദാര്‍ഢ്യം അറിയിക്കുന്നതായും ജനുവരി 26ന് എല്‍ഡിഎഫ് പ്രഖ്യാപിച്ചിട്ടുള്ള മനുഷ്യ ശൃംഖലയില്‍ കണ്ണികളാകാന്‍ പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം കൊടുക്കാനും കോഴിക്കോട് ബെന്‍സി പാലസില്‍ ചേര്‍ന്ന കേന്ദ്രകമ്മിറ്റി യോഗം തീരുമാനിച്ചതായി പിഡിപി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വൈസ്‌ചെയര്‍മാന്‍ വര്‍ക്കല രാജ്, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ സാബു കൊട്ടാരക്കര, നൗഷാദ് തിക്കോടി, യൂസുഫ് പാന്ത്ര, മജീദ് ചേര്‍പ്പ്, സംസ്ഥാന സെക്രട്ടറി അന്‍വര്‍ താമരക്കുളം തുടങ്ങിയവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it