Kerala

ചികില്‍സയ്‌ക്കെത്തിയ യുവാക്കള്‍ സംഘര്‍ഷാവസ്ഥയുണ്ടാക്കി; ഒപി ബ്ലോക്കിന്റെ ചില്ലുകള്‍ തകര്‍ത്തു

ചികില്‍സയുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്ന് വനിതാ ഡോക്ടറോട് വാക്കേറ്റമുണ്ടാകുകയായിരുന്നു. ആനമങ്ങാട് സ്വദേശികളായ നാല് യുവാക്കളെ പോലിസ് കസ്റ്റഡിയിലെടുത്തു.

ചികില്‍സയ്‌ക്കെത്തിയ യുവാക്കള്‍ സംഘര്‍ഷാവസ്ഥയുണ്ടാക്കി; ഒപി  ബ്ലോക്കിന്റെ ചില്ലുകള്‍ തകര്‍ത്തു
X

പെരിന്തല്‍മണ്ണ: പരിക്കേറ്റയാളുമായി ഗവ. ജില്ലാ ആശുപത്രിയില്‍ ചികിയ്‌ക്കെത്തിയ യുവാക്കള്‍ സംഘര്‍ഷാവസ്ഥയുണ്ടാക്കി. ഒ പി ബ്ലോക്കിന്റെ ചില്ലുകള്‍ തകര്‍ത്തു. ഇന്നലെ വൈകീട്ട് ആറോടെയാണ് സംഭവം. ചികില്‍സയുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്ന് വനിതാ ഡോക്ടറോട് വാക്കേറ്റമുണ്ടാകുകയായിരുന്നു.

സംഭവത്തില്‍ നാല് പേരെ പോലിസ് കസ്റ്റഡിയിലെടുത്തു. വാളക്കുളം ചോക്കാട് വല്ലാഞ്ചിറ വീട്ടില്‍ ഉമര്‍(20), പാലക്കാട് കൂടല്ലൂര്‍ മോഴികുന്ന് പറമ്പില്‍ വീട്ടില്‍ ജോസഫ്(26), മണലായ മങ്കമ്പറ്റ അമൃതഭവനത്തില്‍ അനിനാശ്(22), സഹോദരന്‍ അക്ഷയ്(20) എന്നിവരേയാണ് പോലിസ് കസ്റ്റഡിയില്‍ എടുത്തത്.

കാല്‍മുട്ടില്‍ മുറിവുമായെത്തിയ യുവാവിനെ ഡോക്ടര്‍ പരിശോധിക്കുകയും മുറിവില്‍ തുന്നലിടണമെന്ന് നിര്‍ദേശിച്ചു. തുടര്‍ന്ന് യുവാവ് വിസമ്മതം അറിയിച്ചു. പുറത്തിറങ്ങിയതോടെ സംഘത്തിലെ മറ്റൊരാളെത്തി ഡോക്ടറെ അസഭ്യം പറയുകയും വാക്കേറ്റമുണ്ടാവുകയും ചെയ്തു. ഇതിനിടെ സംഘത്തിലെ ബാക്കിയുള്ളവര്‍കൂടിയെത്തി ഭീഷണി മുഴക്കുകയും ഒപി. ബ്ലോക്കിന്റെ ചില്ല് കല്ലെറിഞ്ഞ് തകര്‍ക്കുകയും ചെയ്തു. രക്ഷപ്പെടാന്‍ ശ്രമിച്ച ഇവരെ സുരക്ഷാജീവനക്കാരനും നഴ്‌സിങ് അസിസ്റ്റന്റും ചേര്‍ന്ന് തടഞ്ഞു. ഇവരെയും സംഘം മര്‍ദിച്ചു. തുടര്‍ന്ന് പോലിസെത്തി ഇവരെ കസ്റ്റഡിയിലെടുത്തു. ആശുപത്രി അധികൃതരുടെ പരാതിയില്‍ യുവാക്കളുടെ പേരില്‍ കേസെടുത്തു. ആശുപത്രിയുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തതെന്ന് പോലിസ് അറിയിച്ചു.


Next Story

RELATED STORIES

Share it