Kerala

കെ വി തോമസിനെ ഒഴിവാക്കിയത് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ എതിര്‍പ്പു മൂലമെന്ന് സൂചന;രാജ്യ സഭാ സീറ്റ് വാഗ്ദാനം ചെയ്ത് തോമസിനെ അനുനയിപ്പിക്കാന്‍ നീക്കം

തുടക്കം മുതല്‍ എറണാകുളത്ത് സ്ഥാനാര്‍ഥി കെ വി തോമസ് തന്നെയായിരിക്കുമെന്നാണ് പറഞ്ഞിരുന്നത്. ഇടയ്ക്ക് ഹൈബി ഈഡനെയും പരിഗണിക്കുന്നതായി വാര്‍ത്തകള്‍ വന്നിരുന്നുവെങ്കിലും ഹൈബി ഈഡന്റെ പേരു പ്രഖ്യാപിക്കുന്നതു വരെ കെ വി തോമസ് പോലും പ്രതീക്ഷിച്ചിരുന്നില്ലെന്നതാണ് വാസ്തവം. ബിജെപി,സിപിഎം നേതാക്കളുമായി കെ വി തോമസിനുള്ള അടുപ്പം കോണ്‍ഗ്രസ് നേതൃത്വത്തിന് അറിയാം. കെ വി തോമസ് പോയാല്‍ അത് ടോം വടക്കന്‍ പോയതിനേക്കാള്‍ കുടുതല്‍ പ്രതികൂലമായി ബാധിക്കൂമെന്ന തിരിച്ചറിവിനെ തുടര്‍ന്നാണ് കെ വി തോമസിനെ അനുനയിപ്പിക്കാന്‍ ഹൈക്കമാന്റ് നീക്കം ആരംഭിച്ചത്

കെ വി തോമസിനെ ഒഴിവാക്കിയത് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ എതിര്‍പ്പു മൂലമെന്ന് സൂചന;രാജ്യ സഭാ സീറ്റ്  വാഗ്ദാനം ചെയ്ത് തോമസിനെ അനുനയിപ്പിക്കാന്‍  നീക്കം
X

കൊച്ചി: എറണാകുളത്ത് സിറ്റിംഗ് എംപിയായ പ്രഫ കെ വി തോമസിന് സീറ്റ് നിഷേധിക്കപ്പെട്ടത് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ കടുത്ത നിലപാടു മൂലമെന്ന് സൂചന.നേതൃത്വത്തിനെതിരെ പൊട്ടിത്തെറിച്ച കെ വി തോമസിന്റെ തുടര്‍ നീക്കം വീക്ഷിച്ച് കോണ്‍ഗ്രസ്. കെ വി തോമസിനെ അനുനയിപ്പിക്കാന്‍ ഹൈക്കമാന്റ് ഇടപെട്ടു. സോണിയാ ഗാന്ധി അടക്കമുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ കെ വി തോമസുമായി കൂടിക്കാഴ്ച നടത്തും. രാജ്യസഭാ സീറ്റും പാര്‍ടിയില്‍ ഉന്നത സ്ഥാനവും തോമസിന് നല്‍കിയേക്കുമെന്നും സൂചന.

തുടക്കം മുതല്‍ എറണാകുളത്ത് സ്ഥാനാര്‍ഥി കെ വി തോമസ് തന്നെയായിരിക്കുമെന്നാണ് പറഞ്ഞിരുന്നത്. ഇടയ്ക്ക് ഹൈബി ഈഡനെയും പരിഗണിക്കുന്നതായി വാര്‍ത്തകള്‍ വന്നിരുന്നുവെങ്കിലും ഹൈബി ഈഡന്റെ പേരു പ്രഖ്യാപിക്കുന്നതു വരെ കെ വി തോമസ് പോലും പ്രതീക്ഷിച്ചിരുന്നില്ലെന്നതാണ് വാസ്തവം. എറണാകുളത്ത് നിന്നും തന്റെ പേരു മാത്രമാണ് സ്ഥാനാര്‍ഥി ലിസ്റ്റില്‍ പോയിരിക്കുന്നതെന്ന് കെ വി തോമസ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. കെപിസിസി നേതൃത്വവും തന്നോട് ഇതാണ് പറഞ്ഞതെന്നും കെ വി തോമസ് പറഞ്ഞിരുന്നു. എന്നാല്‍ കെ വി തോമസിനോട് ഇങ്ങനെ പറഞ്ഞപ്പോഴും അദ്ദേഹത്തിനെ ലിസ്റ്റില്‍ നിന്നും നീക്കാനുള്ള തന്ത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുകയായിരുന്നുവെന്നാണ് വ്യക്തമാക്കപെടുന്നത്.ഇതിന്റെ ഭാഗമായിട്ടായിരുന്നു സിറ്റിംഗ് എംഎല്‍എ കൂടിയായിട്ടും ഹൈബി ഈഡന്റെ പേര് കോണ്‍ഗ്രസിലെ ഒരു വിഭാഗം ഉയര്‍ത്തിയതെന്നാണ് വ്യക്തമാക്കപ്പെടുന്നത്.

കെ വി തോമസിന് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളേക്കാളും സ്വാധീനം ഹൈക്കമാന്റിലുണ്ടായിരുന്നു. അതു കൊണ്ടു തന്നെ കേരളത്തിലെ ഒരു ഗ്രൂപ്പുമായും അടുത്ത കാലത്തായി കെ വി തോമസിന് കാര്യമായ അടുപ്പമുണ്ടായിരുന്നില്ല.കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പിന്തുണയില്ലെങ്കിലും ഹൈക്കമാന്റിലെ സ്വാധീനം മുലം സീറ്റ് ലഭിക്കുമെന്നാണ് കെ വി തോമസ് വിശ്വസിച്ചിരുന്നത്. എന്നാല്‍ ഇത്തവണ കെ വി തോമസിന് സീറ്റ് നല്‍കുന്നതിനെ കേരളത്തിലെ നേതാക്കള്‍ ഗ്രൂപ്പ് വ്യത്യസമില്ലാതെ എതിര്‍ത്തുവെന്നും ഒടുവില്‍ ഹൈക്കമാന്റ് ഇത് അംഗീകരിക്കുകയായിരുന്നുവെന്നുമാണ് പുറത്തു വരുന്ന റിപോര്‍ടുകള്‍.തനിക്ക് സ്ഥാനാര്‍ഥിത്വം നഷ്ടപ്പെട്ടതിനു പ്രധാന കാരണം ഗ്രൂപ്പില്ലാത്തതാണെന്ന് വാര്‍ത്താ സമ്മേളനത്തില്‍ കെ വി തോമസ് വ്യക്തമാക്കുകയും ചെയ്തു.

കെ വി തോമസിന് വീണ്ടും സീറ്റു നല്‍കുന്നതിനെതിരെ എറണാകുളത്ത് കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന് എതിര്‍പ്പുണ്ടെന്ന് കേരളത്തിലെ നേതാക്കള്‍ ഹൈക്കമാന്റിനെ ധരിപ്പിച്ചുവെന്നാണ് അറിയുന്നത്.നേരത്തെ എറണാകുളത്ത് നടന്ന ഒരു സ്വകാര്യ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കെ വി തോമസ് പുകഴ്ത്തി സംസാരിച്ചിരുന്നുവെന്നും ഇത് വലിയ പ്രതിഷേധമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ ഉണ്ടാക്കിയിരിക്കുന്നതെന്നും ഹൈക്കമാന്റിനെ നേതാക്കള്‍ ധരിപ്പിച്ചുവെന്നും പറയപ്പെടുന്നു.സിപിഎം സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നത് പി രാജീവിനെയാണെന്നും രാജിവിനെ തോല്‍പിക്കാന്‍ കെ വി തോമസിന് കഴിയില്ലെന്നും സീറ്റു നഷ്ടപ്പെടുമെന്നും നേതാക്കള്‍ ഹൈക്കമാന്റിനെ ധരിപ്പിച്ചുവത്രെ. രാജീവിനെ തോല്‍പ്പിക്കണമെങ്കില്‍ കെ വി തോമസിനേക്കാള്‍ ശക്തനായ സ്ഥാനാര്‍ഥി വേണമെന്നും നിലവില്‍ ഹൈബി ഈഡനാണ് അതിന് പറ്റിയ സ്ഥാനാര്‍ഥിയെന്നും നേതാക്കള്‍ പറഞ്ഞുവെന്നാണ് വിവരം. ഹൈബി ഈഡന് രാഹൂല്‍ ഗാന്ധിയുമായി ബന്ധമുള്ളതിനാല്‍ ഈ നിര്‍ദേശം ഹൈക്കമാന്റ് അംഗീകരിക്കുകയായിരുന്നുവത്രെ.

ഉറപ്പിച്ചിരുന്ന സീറ്റ് അപ്രതീക്ഷിതമായി നഷ്ടപ്പെട്ടതോടെ രോഷാകുലനായി നില്‍ക്കുകയാണ് കെ വി തോമസ്. തനിക്ക് സീറ്റില്ലെന്ന് ഒരു ഘട്ടത്തില്‍ പോലും തന്നോട് പറഞ്ഞില്ലെന്നും ഇത് വലിയ വേദനയുണ്ടാക്കിയെന്നും കെ വി തോമസ് വ്യക്തമാക്കി. തന്നെ പാര്‍ടിക്കു വേണ്ടങ്കില്‍ എന്തു ചെയ്യണമെന്ന് തനിക്കറിയാമെന്നും കെ വി തോമസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. ബിജെപി,സിപിഎം നേതാക്കളുമായി കെ വി തോമസിനുള്ള അടുപ്പം കോണ്‍ഗ്രസ് നേതൃത്വത്തിന് അറിയാം. കെ വി തോമസ് പോയാല്‍ അത് ടോം വടക്കന്‍ പോയതിനേക്കാള്‍ കുടുതല്‍ പ്രതികൂലമായി ബാധിക്കൂമെന്ന തിരിച്ചറിവിനെ തുടര്‍ന്നാണ് കെ വി തോമസിനെ അനുനയിപ്പിക്കാന്‍ ഹൈക്കമാന്റ് നീക്കം ആരംഭിച്ചത്. പാര്‍ടിയില്‍ ഉന്നത സ്ഥാനവും രാജ്യസഭാ സീറ്റും തോമസിന് ഹൈക്കമാന്റ് വാഗ്ദാനം ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം. ഈ വിവരം കൂടിക്കാഴ്ചയില്‍ സോണിയാ ഗാന്ധി തോമസിനെ അറിയിക്കുമെന്നും സൂചനയുണ്ട്.

Next Story

RELATED STORIES

Share it