Kerala

കോണ്‍ഗ്രസ് സീറ്റ് വിട്ടു നല്‍കിയേക്കില്ല; ഇടുക്കിയില്‍ യുഡിഎഫ് പൊതുസ്വതന്ത്രനാകാനുള്ള ജോസഫിന്റെ നീക്കം പാളുന്നു

തന്റെ നിലപാട് നാളെ പ്രഖ്യാപിക്കുമെന്ന് പി ജെ ജോസഫ്. ഇടുക്കിയില്‍ ജോസഫ് വിജയസാധ്യതയുള്ള സ്ഥാനാര്‍ഥിയെന്ന് ജോസ് കെ മാണി

കോണ്‍ഗ്രസ് സീറ്റ് വിട്ടു നല്‍കിയേക്കില്ല; ഇടുക്കിയില്‍ യുഡിഎഫ് പൊതുസ്വതന്ത്രനാകാനുള്ള ജോസഫിന്റെ നീക്കം പാളുന്നു
X

കൊച്ചി: സ്ഥാനാര്‍ഥിത്വത്തെച്ചൊല്ലി മാണിയുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഇടുക്കിയില്‍ യുഡിഎഫ് പൊതു സ്വതന്ത്രനായി മല്‍സരിക്കാനുള്ള പി ജെ ജോസഫിന്റെ നീക്കം പാളി. ഇടുക്കി സീറ്റ് വിട്ടു നല്‍കില്ലെന്ന കോണ്‍ഗ്രസിന്റെ നിലപാടാണ് പി ജെ ജോസഫിന് തിരിച്ചടിയായിരിക്കുന്നത്.കോണ്‍ഗ്രസിന്റെ ഒരു സീറ്റും വിട്ടു നല്‍കില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും സ്ഥിരീകരിച്ചു.നാളെ വൈകിട്ടു വരെ കാത്തിരിക്കുമെന്നും അതിനു ശേഷം നിലപാട് പറയാമെന്നും പി ജെ ജോസഫ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.പല കാര്യങ്ങളും ചര്‍ച്ച ചെയ്യുന്നുണ്ട്. നാളെ വൈകുന്നേരത്തോടെ എല്ലാം വ്യക്തമാകുമെന്നും പി ജെ ജോസഫ് പറഞ്ഞു.അതേ സമയം പി ജെ ജോസഫിന് യുഡിഎഫ് ഇടുക്കി സീറ്റ് നല്‍കിയാല്‍ അതിനെ കേരള കോണ്‍ഗ്രസ്(എം) പൂര്‍ണമായും സ്വാഗതം ചെയ്യുമെന്ന് ജോസ് കെ മാണി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഇടുക്കി സീറ്റില്‍ മറ്റാരേക്കാളും വിജയ സാധ്യതയുള്ള സ്ഥാനാര്‍ഥിയാണ് പി ജെ ജോസഫ്. അതു കൊണ്ടാണ് കോട്ടയത്തിനു പുറമെ ഇടുക്കി സീറ്റു കൂടി പാര്‍ടി ആവശ്യപ്പെട്ടത്.ഇടുക്കിയില്‍ യുഡിഎഫ് പൊതുസ്വതന്ത്രനായി മല്‍സരിക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നാണ് പറയപ്പെടുന്നത്.അത് ശരിയാണെങ്കില്‍ തങ്ങള്‍ക്ക് അതില്‍ സന്തോഷം മാത്രമെയുള്ളുവെന്നും ജോസ് കെ മാണി പറഞ്ഞു.

അതേ സമയം കോട്ടയം സീറ്റില്‍ മല്‍സരിക്കാന്‍ പി ജെ ജോസഫ് താല്‍പര്യം പ്രകടിപ്പിച്ചുവെങ്കിലും ഇതിനെ തള്ളിക്കൊണ്ട് കെ എം മാണി തോമസ് ചാഴികാടനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെ മാണിയുമായി ഇടഞ്ഞു നില്‍ക്കുന്ന പി ജെ ജോസഫ് പാര്‍ടി വിടാന്‍ തയാറെടുപ്പു നടത്തുന്നതിനിടയിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ ജോസഫിനെ കണ്ട് മുന്നണി വിടരുതെന്നും കാര്യങ്ങള്‍ക്ക് തീരുമാനമുണ്ടാക്കാമെന്നും പറഞ്ഞത്. തുടര്‍ന്ന് കോട്ടയത്ത് ജോസഫിനെ സ്ഥാനാര്‍ഥിയാക്കണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ കെ എം മാണിയോട് ആവശ്യപ്പെട്ടെങ്കിലും മാണി വഴങ്ങിയില്ല. ഇതേ തുടര്‍ന്നാണ് ഇടുക്കി സീറ്റ് വിട്ടു നല്‍കണമെന്നും യുഡിഎഫ് പൊതുസ്വതന്ത്രനായി മല്‍സരിക്കാമെന്നും ജോസഫ് കോണ്‍ഗ്രസ് നേതാക്കള്‍ക്കു മുന്നില്‍ നിര്‍ദേശം വെച്ചത്. തുടര്‍ന്ന് ഈ വിവരം ലീഗുമായും മാണിയുമായും കോണ്‍ഗ്രസ് നേതാക്കള്‍ സംസാരിച്ചു.തുടര്‍ന്ന് വിവരം ഹൈക്കമാന്റിനെയും ധരിപ്പിച്ചു. എന്നാല്‍ കോണ്‍ഗ്രസിന്റെ സീറ്റ് വിട്ടു നല്‍കേണ്ടെന്ന ഹൈക്കമാന്റിന്റെ നിലപാടാണ് വീണ്ടും ജോസഫിന് തിരിച്ചടിയായിരിക്കുന്നത്. എന്നാല്‍ വിഷയത്തില്‍ കോണ്‍ഗ്രസ് നേതാക്കളുമായി ജോസഫ് വിഭാഗം ചര്‍ച്ച തുടരുന്നുണ്ടെന്നാണ് വിവരം. ഇതേ തുടര്‍ന്നാണ് തുടര്‍ നിലപാട് നാളെ വൈകുന്നേരത്തോടെ പ്രഖ്യാപിക്കാമെന്ന് പി ജെ ജോസഫ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞിരിക്കുന്നതത്രെ.നാളെ വൈകുന്നേരത്തോടെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമാകും. കോണ്‍ഗ്രസ് സീറ്റു നല്‍കുന്നില്ലെങ്കില്‍ പി ജെ ജോസഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി ഇടുക്കിയിലോ കോട്ടയത്തോ മല്‍സരിച്ചേക്കുമെന്നാണ് സൂചന.അങ്ങനെ വന്നാല്‍ അത് ഏറ്റവും അധികം ബാധിക്കുന്നതും യുഡിഎഫിനെ തന്നെയായിരിക്കും.



Next Story

RELATED STORIES

Share it