- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ വിടപറഞ്ഞിട്ട് 13 വര്‍ഷം
2009 ആഗസ്ത് ഒന്നിനായിരുന്നു അദ്ദേഹത്തിന്റെ വിടവാങ്ങല്‍. അദ്ദേഹത്തിന്റെ അഭാവത്തില്‍ മുസ്ലിംലീഗ് വലിയ പ്രതിസന്ധികള്‍ ആണ് ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്.

മലപ്പുറം: പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ വിട പറഞ്ഞിട്ട് നാളേക്ക് പതിമൂന്ന് വര്‍ഷം പൂര്‍ത്തിയാകുന്നു. നീണ്ട 34 വര്‍ഷം മുസ്‌ലിംലീഗിനെ സമര്‍ത്ഥമായി മുന്നോട്ടു നയിച്ച വലിയ മനുഷ്യനായിരുന്നു അദ്ദേഹം. 2009 ആഗസ്ത് ഒന്നിനായിരുന്നു അദ്ദേഹത്തിന്റെ വിടവാങ്ങല്‍. അദ്ദേഹത്തിന്റെ അഭാവത്തില്‍ മുസ്ലിംലീഗ് വലിയ പ്രതിസന്ധികള്‍ ആണ് ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ നേതൃത്വത്തെ ശരിക്കും പാര്‍ട്ടിയും കേരളവും ഇപ്പോള്‍ തിരിച്ചറിഞ്ഞു കൊണ്ടിരിക്കുകയാണ്. കേരള രാഷ്ട്രീയ ചരിത്രത്തില്‍ അവഗണിക്കാനാവാത്ത വ്യക്തിത്വമായിരുന്നു തങ്ങള്‍. അദ്ദേഹത്തിനു ശേഷം വന്ന ലീഗ് പ്രസിഡന്റുമാര്‍ക്ക് പൊതുസമൂഹത്തില്‍ അദ്ദേഹത്തോളം പൊതു സ്വീകാര്യത നേടാനായില്ലെന്നത് സത്യം.
മുഹമ്മദലി ശിഹാബ് തങ്ങള്‍ രാഷ്ട്രീയസാമൂഹ്യസാംസ്‌കാരിക രംഗങ്ങളില്‍ സമൂഹത്തിന് ഒരേ സമയം നേതൃത്വം കൊടുക്കാന്‍ ഭാഗ്യം സിദ്ധിച്ച അപൂര്‍വ വ്യക്തിത്വങ്ങളിലൊരാളായിരുന്നു. അണുവിട തെറ്റാത്ത നീതിശാസ്ത്രം, ഉറവ വറ്റാത്ത സ്‌നേഹം, നിലക്കാത്ത ശാന്തിമന്ത്രം തുടങ്ങിയവയായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്രകള്‍. തീരെ മായാത്ത മന്ദഹാസം, പ്രസന്നത നിറഞ്ഞ മുഖം, സൗമ്യ ഭാവം, പതിഞ്ഞ സ്വരം, കുറിയ പ്രസംഗം, പ്രാര്‍ത്ഥന, തനിക്ക് മുമ്പിലെത്തുന്നവര്‍ക്ക് നേരെ കൊട്ടിയടക്കാത്ത ഹൃദയ കവാടം, പരസ്പരം പോരടിച്ച കേസ്സുകള്‍, വസ്തു തര്‍ക്കങ്ങള്‍, ഇതര വിഷയങ്ങള്‍ എല്ലാം അദ്ദേഹത്തിന്റെ വിധികല്പനയില്‍, മധ്യസ്ഥതയില്‍ അവസാനിക്കുന്നത് പതിവായിരുന്നു. സ്വന്തം സമയം സാധാരണക്കാരനു വേണ്ടി വീതിച്ച് നല്‍കിയ നേതാവ്ഇതൊക്കെയാണ് മുഹമ്മദലി ശിഹാബ് തങ്ങളുടെ സവിശേഷതകള്‍.
ശിഹാബ് തങ്ങളുടെ സാമീപ്യമാഗ്രഹിച്ചവര്‍, അനുഗ്രഹം തേടി വന്നവര്‍, പ്രാര്‍ത്ഥനക്ക് വേണ്ടിയെത്തുന്നവര്‍, എല്ലാവരും ആശ്വാസം കണ്ടെത്തിയിരുന്നത് ആ മഹാ മനീഷിയിലായിരുന്നു. മനശ്ശാന്തിക്കായും രോഗ നിവാരണത്തിനായും നാനാ ദിക്കുകളില്‍ നിന്നും ആളുകള്‍ ശിഹാബ് തങ്ങളെ കാണാനായി പാണക്കാട് കൊടപ്പനക്കല്‍ വീട്ടിലെത്തുക പതിവായിരുന്നു.
കേരളത്തിലെ നാനൂറില്‍ പരം മഹല്ലിന്റെ ഖാസിയായിരുന്നു തങ്ങള്‍. കേരളത്തിലെ മെട്രോ നഗരങ്ങള്‍ തൊട്ട് ഗ്രാമങ്ങളില്‍ വരെ ചെറുതും വലുതുമായ ഒരുപാട് സ്ഥാപനങ്ങള്‍ ഇതില്‍ പെടും. കേരളത്തിലെ ആദ്യത്തെ ഉന്നതാത്മീയ കലാലയമായ ജാമി അനൂരിയ അറബിക്കോളേജ് മുതല്‍ നിരവധി സ്ഥാപനങ്ങളുടെ പ്രസിഡന്റും അമരക്കാരനുമായിരുന്നു അദ്ദേഹം. ഇതിന് പുറമെ അനാഥാലയങ്ങള്‍, മദ്രസ്സകള്‍,പള്ളി കമ്മറ്റികള്‍, കോളജുകള്‍, സ്‌കൂളുകള്‍, മറ്റനുബന്ധ സ്ഥാപനങ്ങള്‍ തുടങ്ങിയവയും ഇതില്‍ പെടും.
മുസ്‌ലിംലീഗിന്റെ അത്യുന്നത പദവിയിലിരിക്കെ തന്നെ സമഭാവനയുടെ, സാഹോദര്യത്തിന്റെ, മതേതരത്വത്തിന്റെ പ്രചാരകരാവാന്‍ കഴിഞ്ഞ മഹല്‍ വ്യക്തിത്വമായിരുന്നു സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍. മൂന്ന് പതിറ്റാണ്ടിനിടെ മുസ്‌ലിംലീഗ് കൈവരിച്ച അഭൂതപൂര്‍വമായ വളര്‍ച്ചയില്‍ അദ്ദേഹത്തിന്റെ നേതൃപാടവത്തിന്റെ പരിവേഷമുണ്ട്. ആശയാദര്‍ശത്തിന്റെ സന്ദേശവുമുണ്ട്.
1975ല്‍ പൂക്കോയ തങ്ങളുടെ മരണത്തെ തുടര്‍ന്ന് ഏറ്റെടുത്ത പ്രസിഡണ്ട് സ്ഥാനം മരിക്കും വരെ നിലനിന്നു. സെപ്റ്റംബര്‍ ഒന്നിന് 39ാം വയസ്സില്‍ ഈ പദവിയില്‍ അവരോധിതനായി. രാജ്യത്തപ്പോള്‍ അടിയന്തരാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യമായിരുന്നു. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് ഭരണത്തിന് അവസാനം കുറിച്ച്‌കൊണ്ട് തെരഞ്ഞെടുപ്പ് നടന്നത് 1977ലാണ്.കേരളത്തിലും ആ സമയത്ത് തെരഞ്ഞെടുപ്പുണ്ടായി. ശിഹാബ് തങ്ങളുടെ രാഷ്ട്രീയത്തിന്റെ അരങ്ങേറ്റമായിരുന്നു ഈ തെരഞ്ഞെടുപ്പില്‍ സംഭവിച്ചത്.
മുസ്‌ലിംലീഗ് ഉള്‍പ്പെടുന്ന മുന്നണിയുടെ വിജയസൂചന കൂടിയായിരുന്നു ഇത്. ഈ സമയത്ത് കോഴിക്കോട് വെച്ച് നടന്ന മുസ്‌ലിംലീഗ് സംസ്ഥാന സമ്മേളനത്തില്‍ നിറഞ്ഞ്‌നിന്ന ശിഹാബ് തങ്ങളുടെ നേതൃപരമായ കഴിവും ഇതോടെ ദൃശ്യമായി. കാര്യങ്ങള്‍ പക്വതയോടെ നോക്കിക്കാണുകയും അതിനനുസൃതമായി തീരുമാനങ്ങളെടുക്കുകയും ചെയ്തിരുന്ന ശിഹാബ് തങ്ങള്‍ അധികാര രാഷ്ട്രീയത്തില്‍ നിന്നകന്ന് കഴിഞ്ഞിരുന്ന രാഷ്ട്രീയ നേതാവായിരുന്നു. ഒരു കാറ്റിലും കോളിലും ഇളകാത്ത വിളക്ക് പോലെ മുന്നില്‍ നിന്ന് വെളിച്ചം പ്രസരിപ്പിക്കുകയും ചെയ്തു.
സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങളെ'ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്' മുഖലേഖനത്തില്‍ വിശേഷിപ്പിച്ചത് 'മതേതര രാഷ്ട്രീയത്തിന്റെ പ്രവാചകന്‍' എന്നാണ്. ആകാര വടിവുള്ളവരും ഉച്ചത്തില്‍ സംസാരിക്കുന്നവരും ജനസഞ്ചയത്തെ ആകര്‍ഷിക്കുന്ന ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സൗമ്യനും ശാന്തനും പ്രതിഭാശാലിയുമായ ശിഹാബ് തങ്ങള്‍ അപൂര്‍വതയായിരുന്നു. കേന്ദ്രത്തിലും സംസ്ഥാനത്തിലും മുന്നണി രാഷ്ട്രീയം തകര്‍ന്നുടയാതെ മുന്നോട്ട് കൊണ്ടുപോകുന്നതിലും മതേതര മൂല്യങ്ങള്‍ കാത്ത് സൂക്ഷിക്കുന്നതിലും ശിഹാബ് തങ്ങള്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ടെന്നുള്ളത് എല്ലാവരും അംഗീകരിച്ചതാണ്.
ഇന്ദ്രപ്രസ്ഥത്തിന്റെ ഇടനാഴികളില്‍ അദ്ദേഹമൊരിക്കലും ഉണ്ടായിരുന്നില്ല. ശിഹാബ് തങ്ങളെ ഇന്ദ്രപ്രസ്ഥത്തിലെല്ലാവര്‍ക്കും ആവശ്യമുണ്ടായിരുന്നെങ്കിലും തെരഞ്ഞെടുപ്പുകളിലൊന്നും മത്സരിച്ചിരുന്നില്ല. നിര്‍ണ്ണായക തീരുമാനങ്ങളെല്ലാം അവിടുന്നായിരുന്നെങ്കിലും കിംഗ് മേക്കറുടെ റോള്‍ ഒരിക്കലുമദ്ദേഹം എടുത്തണിഞ്ഞിരുന്നില്ല. നേതാക്കളെയും ഭരണ കക്ഷിയെയും നിയന്ത്രിച്ച നിശബ്ദ ശക്തിയായിരുന്നു അദ്ദേഹമെങ്കിലും.
കേരള സംസ്ഥാനത്തെ മലപ്പുറത്തെ തറവാട്ടു വീട്ടിലിരുന്ന് രാജ്യത്തിന്റെ രാഷ്ട്രീയ ഭൂപടത്തിലെ സാമൂഹികരാഷ്ട്രീയ മാറ്റങ്ങളുടെ ചാലക ശക്തിയായി ശിഹാബ് തങ്ങള്‍ വര്‍ത്തിച്ചു.മസില്‍ പവറുപയോഗിച്ച് രാഷ്ട്രീയത്തെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്ന പ്രാദേശിക നേതാക്കളില്‍ നിന്ന് വ്യത്യസ്തമായിരുന്നു ഇത്.ധാര്‍ഷ്ട്യം കാണിച്ചും പ്രക്ഷുബ്ധാവസ്ഥ സൃഷ്ടിച്ചും പലരും നേടിയ കാര്യങ്ങള്‍ കേവലം ഒരു നോട്ടത്തിലൂടെയും പുഞ്ചിരിയിലൂടെയും ശിഹാബ് തങ്ങള്‍ നേടി. അതദ്ദേഹത്തിന്റെ നിശ്ശബ്ദതയുടെയും സൗമ്യതയുടെയും ശക്തിയായിരുന്നു.
വാചാലത കൊണ്ട് കൈയടി നേടിയ ഒരു സന്ദര്‍ഭവും അദ്ദേഹത്തിന്റെ ജീവിതത്തിലുണ്ടായിട്ടില്ല. എന്നാല്‍, ഈജിപ്തടക്കമുള്ള വിദേശ രാഷ്ട്രങ്ങളില്‍ പോയി വര്‍ഷങ്ങളോളം ഖനനം ചെയ്‌തെടുത്ത അറിവിന്റെ മണിമുത്തുകള്‍ അദ്ദേഹത്തില്‍ നിന്ന് പലപ്പോഴും പ്രവഹിക്കുമായിരുന്നു. ഏതൊരു ജനസഞ്ചയത്തെയും നിയന്ത്രിക്കാനുള്ള ശേഷിയുണ്ടായിരുന്നു ആ വാക്കുകള്‍ക്ക്. ശരീരഭാഷയായിരുന്നില്ല, മറിച്ച് ശിഹാബ് തങ്ങളുടെ പ്രസംഗങ്ങളെ വ്യത്യസ്തമാക്കിയത് ഉപയോഗിക്കുന്ന ഭാഷയുടെയും ആശയങ്ങളുടെയും ഗാംഭീര്യമായിരുന്നു. അറബിയിലും ഇംഗ്ലീഷിലും അഗാധമായ പരിജ്ഞാനമുണ്ടായിരുന്ന അദ്ദേഹം പ്രാദേശിക മലബാരീ ഭാഷയുപയോഗിച്ച് തന്നെ ജാതിരാഷ്ട്രീയ ഭേദമന്യേ ലക്ഷക്കണക്കിന് ജനങ്ങളുടെ ഹൃദയങ്ങളിലേക്കിറങ്ങിച്ചെന്നു.
കേരളത്തിന്റെ മതേതര ചട്ടക്കൂടിന് പോറലേല്‍ക്കുമെന്ന് തോന്നിയ ഓരോ ഘട്ടങ്ങളിലും കരുത്ത് പകരാന്‍ ശിഹാബ് തങ്ങളുടെ സാന്നിധ്യമുണ്ടായിരുന്നു.ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ പൊതുസ്വഭാവമായ സമ്മര്‍ദ്ദ രാഷ്ട്രീയമായിരുന്നില്ല ശിഹാബ് തങ്ങളുടെ ശൈലി.
നൂനപക്ഷങ്ങളുടെ, മുസ്‌ലിംങ്ങളടക്കമുള്ള പിന്നോക്ക വിഭാഗങ്ങളുടെ ഭരണഘടനാവകാശങ്ങള്‍ സംരക്ഷിക്കുകയും രാഷ്ട്ര നിര്‍മ്മാണത്തില്‍ ഫലപ്രദമായ പങ്ക് നിര്‍വ്വഹിക്കാനവരെ പ്രാപ്തരാക്കുകയും ചെയ്യുന്ന ദേശീയ കടമയാണ് മുസ്‌ലിംലീഗിന് പ്രയോഗവല്‍കരിക്കാനുള്ളതെന്ന് ഉറച്ചു വിശ്വസിച്ച സമാദരണീയനായിരുന്നു ശിഹാബ് തങ്ങള്‍. ഇന്ത്യാ മഹാരാജ്യത്ത് വിവിധ മതസാമൂഹികസാംസ്‌കാരിക വിഭാഗങ്ങളുടെ അധിവാസമുള്ളതിനാല്‍ മുസ്‌ലിംങ്ങള്‍ക്ക് സ്വീകരിക്കാവുന്ന ഏറ്റവും ഫലപ്രദവും പ്രായോഗികവുമായ മാര്‍ഗമാണ് ഖാഇദേമില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബ്,കെ.എം സീതി സാഹിബ്,സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങള്‍,പി.എം.എസ്.എ പൂക്കോയ തങ്ങള്‍,ബി പോക്കര്‍ സാഹിബ്,കെ ഉപ്പി സാഹിബ്,സി.എച്ച് മുഹമ്മദ് കോയ തുടങ്ങിയ നേതാക്കള്‍ കാണിച്ച് തന്നതെന്ന് ആവര്‍ത്തിച്ച് പറയാറുള്ള ശിഹാബ് തങ്ങള്‍ ജനാധിപത്യത്തിലും മതേതരത്വത്തിലും സാമൂഹ്യ നീതിയിലും അധിഷ്ഠിതമായ ഒരു കാഴ്ചപ്പാടാണ് നേതൃസ്ഥാനത്തിരുന്ന് നടപ്പാക്കിയത്.
സാംസ്‌കാരികവും വിശ്വാസപരവുമായ വ്യക്തിത്വം നിലനിര്‍ത്താനുള്ള അവകാശം എല്ലാ രാഷ്ട്രങ്ങളും അംഗീകരിച്ച മൗലികാവകാശമാണെന്ന് സമര്‍ഥിക്കാനും അതിന് വേണ്ടി പട നയിക്കാനും മതേതരജനാധിപത്യ വിശ്വാസികളുമായി സഹകരിച്ച് രാഷ്ട്രീയ ദൗത്യം നിര്‍വ്വഹിക്കാനും അദ്ദേഹം മുന്നിട്ടിറങ്ങി.സാമുദായിക മൈത്രിയുടെ ദീപശിഖ ഉയര്‍ത്തിപ്പിടിച്ച് ഹിന്ദുമുസ്‌ലിം ഐക്യത്തിന്റെ പ്രതിപുരുഷനായി.മതസൗഹാര്‍ദ്ദം കാത്ത് സൂക്ഷിക്കുന്നതിന് അനുയായികളെ സജ്ജമാക്കി.നന്മയുടെ കൂട്ടായ്മകളും പരസ്പര സ്‌നേഹവും ജീവിതത്തില്‍ പകര്‍ത്താനും കൊണ്ട്‌നടക്കാനുമുള്ള ആര്‍ജ്ജവമുണ്ടാക്കിയെടുത്തു.പൂര്‍വ്വീകര്‍ ചൊരിഞ്ഞ ചിന്തയുടെ കനല്‍ പൂക്കള്‍ മനസ്സില്‍ കൊണ്ട്‌നടന്നു.ദേശീയ ജീവിതധാരയില്‍ നിന്ന് ഒറ്റപ്പെടാതെ ന്യൂനപക്ഷ സമൂഹത്തെ അന്തസ്സും അഭിമാനവും ആഭിജാത്യവുമുള്ള സമുദായമാക്കി മുസ്‌ലിംങ്ങളെ മുന്നോട്ട് നയിച്ചു.സ്വദേശ സ്‌നേഹവും സമുദായ സ്‌നേഹവും തീരെ കൂട്ടിമുട്ടാത്ത രണ്ട് നേര്‍രേഖകളായിരുന്നുവെന്ന് തെളിയിച്ചു.സ്വതന്ത്ര ഭാരതത്തില്‍,വിശിഷ്യാ കേരളത്തില്‍ മുസ്‌ലിം രാഷ്ട്രീയത്തിന്റെ പ്രസക്തിയെ ന്യായീകരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെച്ചു.കേരളത്തിലെ വളരെ സങ്കീര്‍ണമായ വിഷയങ്ങളില്‍ അദ്ദേഹമെടുത്ത നിലപാട് സാമുദായിക സൗഹൃദത്തിന് വലിയ മുതല്‍ക്കൂട്ടായി.പാണക്കാട് സന്ദര്‍ശിച്ചവര്‍ക്കിത് നേരില്‍ കാണാനായി.എന്നും എപ്പോഴും അവിടെയുണ്ടായിരുന്നത് വ്യത്യസ്ത സമുദായങ്ങളുടെ പരിച്ഛേദമാണ്.ഒരുപക്ഷെ,ഒരു നിയോഗമായിരിക്കണം,ഒരിക്കല്‍ അയ്യപ്പഭക്തന്മാര്‍ ഹൈവേയില്‍ അപകടത്തില്‍ പെട്ട സന്ദര്‍ഭം,സാന്ത്വന സന്ദേശവുമായി ശിഹാബ് തങ്ങള്‍ അവിടെയെത്തി.
പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ ഇല്ലാത്ത മുസ്‌ലിംലീഗ് കടുത്ത വെല്ലുവിളികളാണ് കേരളരാഷ്ട്രീയത്തില്‍ ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. രണ്ടാംതവണയും ഭരണത്തില്‍ നിന്ന് പുറത്തായ മുസ്ലിംലീഗിന്റെ നിലനില്‍പ്പ് പോലും ഭീഷണിയിലാണെന്ന് പ്രവചിക്കുന്ന രാഷ്ട്രീയ നിരീക്ഷകരുടെ ശിഹാബ് തങ്ങള്‍ ഉണ്ടായിരുന്ന കാലം മുസ്ലിം ലീഗിന്റെ സുവര്‍ണ്ണ കാലഘട്ടമായിരുന്നു എന്നതാണ് സത്യം.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















