Kerala

പാലാരിവട്ടം മേല്‍പാലം: വി കെ ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് വീണ്ടും ചോദ്യം ചെയ്‌തേക്കും; ക്രമക്കേടില്‍് ഉത്തരവാദിത്വമില്ലെന്ന നിലപാട് ആവര്‍ത്തിച്ച് ഇബ്രാഹിംകുഞ്ഞ്

സര്‍ക്കാര്‍ നയം അനുസരിച്ചുള്ള ജി.ഒ ഫയല്‍ മാത്രമാണ് മന്ത്രി കണ്ടിട്ടുള്ളതെന്നും കമ്പനിക്ക് നേരിട്ട് തുക കൊടുക്കാനുള്ള ഒരു ഫയലും മന്ത്രി കണ്ടിട്ടിട്ടില്ലെന്നും പൊതുമരാമത്ത് വകുപ്പ്് മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് എംഎല്‍എ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു

പാലാരിവട്ടം മേല്‍പാലം: വി കെ ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് വീണ്ടും ചോദ്യം ചെയ്‌തേക്കും; ക്രമക്കേടില്‍് ഉത്തരവാദിത്വമില്ലെന്ന നിലപാട് ആവര്‍ത്തിച്ച് ഇബ്രാഹിംകുഞ്ഞ്
X

കൊച്ചി:പാലാരിവട്ടം മേല്‍പാലം നിര്‍മാണ അഴിമതിക്കേസില്‍ പൊതുമരാമത്ത് മുന്‍ സെക്രട്ടറി ടി ഒ സൂരജ് ഉള്‍പ്പെടെ നാലുപേരെ വിജിലന്‍സ് അറസ്റ്റുചെയ്തതിനു പിന്നാലെ മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ വീണ്ടും വിജിലന്‍സ് ചോദ്യം ചെയ്യുമെന്ന് സൂചന. അതിനിടയില്‍ നിര്‍മാണത്തിലെ ക്രമക്കേടില്‍ തനിക്ക് ഉത്തരവാദിത്വമില്ലെന്ന നിലപാടുമായി ഇബ്രാഹിംകുഞ്ഞ് വീണ്ടും രംഗത്തെത്തി.പാലം നിര്‍മാണ കരാറുകാരായ ആര്‍ഡിഎസ് പ്രോജക്ട്‌സ് മാനേജിങ് ഡയറക്ടര്‍ സുമിത് ഗോയല്‍, കണ്‍സള്‍ട്ടന്റായിരുന്ന കിറ്റ്‌കോയുടെ ജനറല്‍ മാനേജര്‍ ബെന്നി പോള്‍, നിര്‍മാണ മേല്‍നോട്ടചുമതലയുണ്ടായിരുന്ന റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷന്‍(ആര്‍ബിഡിസികെ) അഡീഷണല്‍ ജനറല്‍ മാനേജരായിരുന്ന എം ടി തങ്കച്ചന്‍ എന്നിവരെയാണ് വിജിലന്‍സ് കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തത്.ഇവരെ കോടതി അടുത്തമാസം രണ്ടു വരെ റിമാന്റു ചെയ്തിരുന്നു.നിര്‍മാണത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് നാലുപേരെയും കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് കാട്ടി വിജിലന്‍സ് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഇന്ന് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.

ബിനാമി ഇടപാടുകളടക്കം കണ്ടെത്തുന്നതിനായി ഇവരെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് വിജിലന്‍സിന്റെ വാദം.ഹരജി തിങ്കളാഴ്ച പരിഗണിക്കാനായി കോടതി മാറ്റി. ഇതിനിടയില്‍ വി കെ ഇബ്രാഹിം കുഞ്ഞ് എംഎല്‍എയെ വീണ്ടും ചോദ്യം ചെയ്യാനും വിജിലന്‍സ് തീരുമാനിച്ചുവെന്നാണ് വിവരം. ഏതാനും ദിവസം മുമ്പ് വിജിലന്‍സ് അദ്ദേഹത്തെ മൂന്നു മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു.വിജിലന്‍സ് ചോദിച്ച കാര്യങ്ങള്‍ക്ക് സത്യസന്ധമായി താന്‍ മറുപടി പറഞ്ഞിട്ടുണ്ടെന്ന് ചോദ്യം ചെയ്യലിനു ശേഷം പുറത്തിറങ്ങിയ വി കെ ഇബ്രാഹിംകുഞ്ഞ് എംഎല്‍എ അന്ന് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.ഏതന്വേഷണവുമായി സഹകരിക്കാന്‍ താന്‍ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.നിര്‍മാണത്തില്‍ വീഴ്ച വന്നിട്ടുണ്ട്. വീഴ്ചയില്ലാതെ പാലത്തിന് കേടുപറ്റില്ലല്ലോയെന്നും ചോദ്യത്തിന് മറുപടിയായി വി കെ ഇബ്രാഹിം കുഞ്ഞ് പറഞ്ഞിരുന്നു.ഇതിനു ശേഷമായിരുന്നു കഴിഞ്ഞ ദിവസം ടി ഒ സൂരജ് അടക്കം നാലു പേരെ അറസ്റ്റു ചെയ്തത്.അറസ്റ്റിലായ നാലുപേരില്‍ നിന്നും ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യാന്‍ വിജിലന്‍സ് ഒരുങ്ങുന്നതെന്നാണ് വിവരം. സര്‍ക്കാര്‍ നയം അനുസരിച്ചുള്ള ജി.ഒ ഫയല്‍ മാത്രമാണ് മന്ത്രി കണ്ടിട്ടുള്ളതെന്നും കമ്പനിക്ക് നേരിട്ട് തുക കൊടുക്കാനുള്ള ഒരു ഫയലും മന്ത്രി കണ്ടിട്ടിട്ടില്ലെന്നും വി കെ ഇബ്രാഹിംകുഞ്ഞ എംഎല്‍എ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.

Next Story

RELATED STORIES

Share it