Kerala

പാലാരിവട്ടം മേല്‍പ്പാലത്തില്‍ നിരവധി വിള്ളലുകള്‍; സാമഗ്രികളുടെ സാമ്പിളുകള്‍ പ്രത്യേക ലാബില്‍ പരിശോധിക്കും

പാലത്തിലെ ഗര്‍ഡറുകളിലാണ് വ്യാപകമായി വിള്ളലുകള്‍ കണ്ടെത്തിയത്. ഒരു മീറ്റര്‍ പോലും ഇടതടവില്ലാതെയാണ് വിള്ളലുകള്‍. ഇവിടെനിന്നുള്ള കോണ്‍ക്രീറ്റ് സാമ്പിളുകളും പരിശോധനയ്ക്കായി ശേഖരിച്ചു. നേരത്തെ ചെന്നൈ ഐഐടിയിലെ വിദഗ്ധ സംഘം നടത്തിയ പരിശോധനയിലും വിള്ളലുകള്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് അറ്റകുറ്റപ്പണിക്കായി നിര്‍ദേശിച്ചത്

പാലാരിവട്ടം മേല്‍പ്പാലത്തില്‍ നിരവധി വിള്ളലുകള്‍; സാമഗ്രികളുടെ   സാമ്പിളുകള്‍ പ്രത്യേക ലാബില്‍ പരിശോധിക്കും
X

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലത്തില്‍ വിജിലന്‍സിന്റെ നേതൃത്വത്തില്‍ നടത്തിയ വിശദപരിശോധനയില്‍ നിരവധി വിള്ളലുകള്‍ കണ്ടെത്തി.എന്‍ജിനീയര്‍മാര്‍ അടക്കമുള്ള വിദഗ്ധ സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.ഇത്തരത്തില്‍ വ്യാപകമായി വിള്ളല്‍വന്നതിനു പിന്നില്‍ രൂപരേഖയും പരിശോധിക്കാനാണ് വിജിലന്‍സിന്റെ തീരുമാനം. നിര്‍മാണ സാമഗ്രികളുടെ സാമ്പിളുകളും അന്വേഷണ സംഘം ശേഖരിച്ചു. ഇത് പ്രത്യേക ലാബില്‍ പരിശോധിക്കും. നിര്‍മാണസാമഗ്രികളുടെ ഗുണമേന്മയിലോ അളവിലോ കുറവുണ്ടായോ എന്ന് ഈ പരിശോധനയ്ക്കുശേഷമേ വ്യക്തമാകൂ. അന്വേഷണസംഘത്തിനു നേതൃത്വം നല്‍കുന്ന വിജിലന്‍സ് ഡിവൈഎസ്പി ആര്‍ അശോക്കുമാറിന്റെ നേതൃത്വത്തില്‍ ഇന്നലെ ഉച്ചയയോടെ ആരംഭിച്ച പരിശോധന രാത്രി വരെനീണ്ടു. കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ നടത്തിയ പരിശോധനയുടെ തുടര്‍ച്ചയായിട്ടായിരുന്നു ഇന്നലത്തെ പരിശോധനയും.

പാലത്തിലെ ഗര്‍ഡറുകളിലാണ് വ്യാപകമായി വിള്ളലുകള്‍ കണ്ടെത്തിയത്. ഒരു മീറ്റര്‍ പോലും ഇടതടവില്ലാതെയാണ് വിള്ളലുകള്‍. ഇവിടെനിന്നുള്ള കോണ്‍ക്രീറ്റ് സാമ്പിളുകളും പരിശോധനയ്ക്കായി ശേഖരിച്ചു. നേരത്തെ ചെന്നൈ ഐഐടിയിലെ വിദഗ്ധ സംഘം നടത്തിയ പരിശോധനയിലും വിള്ളലുകള്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് അറ്റകുറ്റപ്പണിക്കായി നിര്‍ദേശിച്ചത്. ഐഐടി അധികൃതരുടെ മേല്‍നോട്ടത്തിലാണ് അവര്‍ നിര്‍ദേശിച്ച ജോലികള്‍ നടക്കുന്നതെങ്കിലും ഇത് പരിശോധിക്കുന്നതിനും കൃത്യത ഉറപ്പുവരുത്തുന്നതിനും മൂന്നംഗ വിദഗ്ധ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്.പൊതുമരാമത്ത് വകുപ്പിലെ ദേശീയപാത വിഭാഗം ചീഫ് എന്‍ജിനീയര്‍ അശോക് കുമാര്‍ കണ്‍വീനറായും ബ്രിഡ്ജസ് വിഭാഗം ചീഫ് എന്‍ജിനീയര്‍ മനോമോഹന്‍, പൊതുമരാമത്ത് വകുപ്പില്‍നിന്നു ചീഫ് എന്‍ജിനീയറായി വിരമിച്ച ജീവരാജ് എന്നിവരാണ് വിദഗ്ധ സമിതിയിലെ അംഗങ്ങള്‍.കഴിഞ്ഞ ദിവസം വിജിലന്‍സ് സംഘം പാലത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട ഫയലുകള്‍ ശേഖരിച്ചിരുന്നു. റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍, കിറ്റ്‌കോ, പാലം പണിചെയ്ത ആര്‍ഡിഎസ് കമ്പനി എന്നിവയിലെ ഉദ്യോഗസ്ഥരുടെ അടക്കം പട്ടിക വിജിലന്‍സ് തയ്യാറാക്കുന്നുണ്ട്. ഇവരില്‍നിന്ന് മൊഴിയെടുക്കും. പാലം അറ്റകുറ്റപണി നടത്തുന്നതിന് പകരം പുനസ്ഥാപിക്കലാണ് നടത്തുന്നതെന്ന് കഴിഞ്ഞ ദിവസം മന്ത്രി ജി സുധാകരന്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മെയ് ഒന്നു മുതല്‍ പാലം അടച്ചിട്ടിരിക്കുകയാണ്.ഇതേ തുടര്‍ന്ന് രൂക്ഷമായ ഗതാഗതകുരുക്കാണ് അനുഭവപ്പെടുന്നത്

Next Story

RELATED STORIES

Share it