Kerala

സര്‍വകക്ഷിയോഗം പരാജയമല്ല; പോലിസിന്റെ ശക്തമായ ഇടപെടലുണ്ടാവും: മന്ത്രി കൃഷ്ണന്‍കുട്ടി

സര്‍വകക്ഷിയോഗം പരാജയമല്ല; പോലിസിന്റെ ശക്തമായ ഇടപെടലുണ്ടാവും: മന്ത്രി കൃഷ്ണന്‍കുട്ടി
X

പാലക്കാട്: പോപുലര്‍ ഫ്രണ്ട്, ആര്‍എസ്എസ് പ്രവര്‍ത്തകരുടെ കൊലപാതകങ്ങളെത്തുടര്‍ന്ന് പാലക്കാട്ട് ചേര്‍ന്ന സര്‍വകക്ഷിയോഗം പരാജയമല്ലെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി. അക്രമം ആവര്‍ത്തിക്കാതിരിക്കാന്‍ പോലിസിന്റെ ശക്തമായ ഇടപെടലുണ്ടാവും. തീവ്രവാദ സ്വഭാവമുള്ള അക്രമമാണ് നടന്നത്. ജനങ്ങളുടെ ഭീതി അകറ്റുകയെന്നതാണ് പ്രധാനമെന്നും യോഗത്തിന് ശേഷം മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം യോഗം ബഹിഷ്‌കരിച്ച ബിജെപിയെ മന്ത്രി വിമര്‍ശിച്ചു. ബിജെപി യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോവാന്‍ തീരുമാനിച്ച് വന്നതാണ്. അതുകൊണ്ട് അവരെ തടയാനാവില്ലെന്ന് മന്ത്രി പറഞ്ഞു.

സമൂഹത്തിന്റെ പൊതു അഭിപ്രായം ചര്‍ച്ച ചെയ്തു. ഇനിയും ചര്‍ച്ച സംഘടിപ്പിക്കും. യോഗത്തില്‍ തര്‍ക്കമുണ്ടായിട്ടില്ല. ജില്ലയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. സമാധാനത്തിന് എല്ലാവരുടെയും സഹകരണം ആവശ്യമാണ്. ബിജെപി ഇറങ്ങിപ്പോയതില്‍ വേദനയുണ്ട്. അവര്‍ക്ക് പരാതിയുണ്ടെങ്കില്‍ കേള്‍ക്കും. രണ്ടുസംഘടനകളെയും ജില്ലാ ഭരണകൂടം വീണ്ടും വിളിച്ച് സംസാരിക്കും. സമാധാനന്തരീക്ഷം പുനസ്ഥാപിക്കുകയാണ് ലക്ഷ്യം. സമാധാന ശ്രമങ്ങളുമായി സഹകരിക്കുമെന്നാണ് സര്‍വകക്ഷി യോഗത്തിനുശേഷം എസ്ഡിപിഐ പ്രതികരിച്ചത്.

ബിജെപി നിലപാട് സമാധാന ശ്രമങ്ങള്‍ക്ക് തടസ്സം നില്‍ക്കുന്നതായും അവര്‍ പറഞ്ഞു- കൃഷ്ണന്‍കുട്ടി ചൂണ്ടിക്കാട്ടി. യോഗം പ്രഹസനമാണെന്ന് ആരോപിച്ചാണ് ബിജെപി നേതാക്കളുടെ ബഹിഷ്‌കരണം. സഞ്ജിത്ത് വധക്കേസില്‍ ഗൂഢാലോചന നടത്തിയവരെ പിടിക്കാന്‍ പോലിസിന് കഴിഞ്ഞില്ലെന്നും ജില്ലയിലെ ബിജെപി നേതാക്കളെയെല്ലാം കേസില്‍ കുരുക്കാന്‍ പോലിസ് ശ്രമിക്കുകയാണെന്നും നേതാക്കള്‍ ആരോപിച്ചു. സഞ്ജിത്ത് വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ സര്‍ക്കാര്‍ പ്രതികള്‍ക്ക് അനുകൂലമായ നിലപാടാണ് എടുത്തത്.

സമാധാന യോഗത്തില്‍ നിലവില്‍ എംപിയും മുന്‍ എംപിയും തമ്മില്‍ മൂപ്പിളമ തര്‍ക്കമാണ് നടക്കുന്നതെന്നും മന്ത്രിക്ക് വരെ നിര്‍ദേശം നല്‍കുന്നത് മുന്‍ എംപി എന്‍ എന്‍ കൃഷ്ണദാസ് ആണെന്നും ബിജെപി നേതാക്കള്‍ ആരോപിച്ചു. പാലക്കാട് കലക്ടറേറ്റിലാണ് വൈകീട്ട് മൂന്നരയോടെ മന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ആരംഭിച്ചത്. എന്നാല്‍, കൊലപാതകവുമായി ബന്ധപ്പെട്ടുള്ള പോലിസ് നടപടി തൃപ്തികരമല്ലെന്ന് പറഞ്ഞ് ബിജെപി പ്രതിനിധികള്‍ ഇറങ്ങിപ്പോവുകയായിരുന്നു.

പോപുലര്‍ ഫ്രണ്ട് നേതാവ് സുബൈറിന്റെ കൊലപാതകത്തില്‍ മൂന്ന് പേര്‍ കസ്റ്റഡിയിലുണ്ടെന്ന് പാലക്കാട് എസ്പി പറഞ്ഞു. കൊലപാതകം പുറത്തുനിന്നുള്ളവര്‍ വന്നു ചെയ്തു പോയതാണ്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാനാവില്ല. തിരിച്ചറിയല്‍ പരേഡ് അടക്കം നടക്കാനുണ്ട്. ശ്രീനിവാസന്‍ വധക്കേസില്‍ ചിലരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ലെന്നും എസ്പി കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it