Kerala

ബിജെപി ഹര്‍ത്താലില്‍ പാലക്കാട് ആക്രമണം; ജനം തള്ളിയെന്ന് ദേവസ്വം മന്ത്രി

കെഎസ്ആര്‍ടിസി ഡിപ്പോയ്ക്കു പുറത്തുനിര്‍ത്തിയിട്ട മൂന്ന് ബസുകളുടെ ചില്ലുകള്‍ അടിച്ചുതകര്‍ത്തു. ഹര്‍ത്താല്‍ സമയം തുടങ്ങുന്നതിനു മണിക്കൂറുകള്‍ക്കു മുമ്പ് പുലര്‍ച്ചെ 3.30 ഓടെയാണു ആക്രമണം.

ബിജെപി ഹര്‍ത്താലില്‍ പാലക്കാട് ആക്രമണം; ജനം തള്ളിയെന്ന് ദേവസ്വം മന്ത്രി
X

തിരുവനന്തപുരം: ബിജെപി സമരപ്പന്തലിനു മുന്നില്‍ പെട്രോളൊഴിച്ച് തീക്കൊളുത്തിയ മധ്യവയസ്‌കന്‍ മരണപ്പെട്ട സംഭവത്തില്‍ സംസ്ഥാനവ്യാപകമായി ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ പാലക്കാട്ട് കെഎസ്ആര്‍ടിസി ബസ്സുകള്‍ക്കു നേരെ ആക്രമണം. കെഎസ്ആര്‍ടിസി ഡിപ്പോയ്ക്കു പുറത്തുനിര്‍ത്തിയിട്ട മൂന്ന് ബസുകളുടെ ചില്ലുകള്‍ അടിച്ചുതകര്‍ത്തു. ഹര്‍ത്താല്‍ സമയം തുടങ്ങുന്നതിനു മണിക്കൂറുകള്‍ക്കു മുമ്പ് പുലര്‍ച്ചെ 3.30 ഓടെയാണു ആക്രമണം. ഹര്‍ത്താലില്‍ ബസ്സുകള്‍ സര്‍വീസ് നടത്തുന്നത് തടയുകയെന്നതാണു ആക്രമണലക്ഷ്യമെന്നാണു നിഗമനം. പലയിടത്തും വാഹനങ്ങള്‍ തടയാനും ശ്രമം നടന്നു.

ഇന്നു രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെയാണ് ഹര്‍ത്താല്‍. അയ്യപ്പ ഭക്തരെ ഹര്‍ത്താലില്‍ ഒഴിവാക്കിയതായി അറിയിച്ചെങ്കിലും ശബരിമലയിലേക്കും തിരിച്ചും യാത്ര ചെയ്യുന്ന നിരവധി തീര്‍ത്ഥാകര്‍ വഴിയില്‍ കുടുങ്ങി. എറണാകുളം, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ തുടങ്ങിയ ജില്ലകളില്‍ ഹര്‍ത്താല്‍ ഭാഗികമാണ്. സ്വകാര്യ വാഹനങ്ങള്‍ പലയിടത്തും നിരത്തിലിറങ്ങിയിട്ടുണ്ട്.

അതേസമയം, ബിജെപി ഹര്‍ത്താല്‍ ജനം തള്ളിക്കളഞ്ഞെന്നും ഇത്തരം ഹര്‍ത്താലുകള്‍ക്കെതിരേ ജനകീയ മുന്നേറ്റം വരണമെന്നും ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഹര്‍ത്താല്‍ അപഹാസ്യകരമാണെന്നും ബിജെപി കേന്ദ്രനേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കുക, അയ്യപ്പവേട്ട അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ബിജെപി സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം നടത്തുന്ന പന്തലിനു സമീപം തീകൊളുത്തി മുട്ടട സ്വദേശി വേണുഗോപാലന്‍ നായര്‍ മരണപ്പെട്ടതില്‍ അനുശോചിച്ചാണ് ഹര്‍ത്താല്‍ ആചരിക്കുന്നത്.

Next Story

RELATED STORIES

Share it