Kerala

മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന്‍ പി പരമേശ്വരന്‍ അന്തരിച്ചു

ഇന്ന് വൈകിട്ട് നാലുവരെ ഭൗതിക ശരീരം കൊച്ചിയിലെ ആര്‍എസ്എസ് സംസ്ഥാന കാര്യാലയത്തില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. തുടര്‍ന്ന് ആലപ്പുഴ മുഹമ്മയിലെ അദേഹത്തിന്റെ വസതിയില്‍ അന്ത്യകര്‍മ്മകള്‍ നടക്കും.

മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന്‍ പി പരമേശ്വരന്‍ അന്തരിച്ചു
X

പാലക്കാട്: മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകനും ഭാരതീയ വിചാരകേന്ദ്രം ഡയറക്ടറുമായ പി പരമേശ്വരന്‍(94) അന്തരിച്ചു.ഒരുമാസത്തോളമായി ഒറ്റപ്പാലത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ കേരളത്തിലെ ബൗദ്ധിക മുഖമായിരുന്നു പി പരമേശ്വരന്‍.

ഇന്ന് രാവിലെ ആറു മുതല്‍ വൈകിട്ട് നാലുവരെ ഭൗതിക ശരീരം കൊച്ചിയിലെ ആര്‍എസ്എസ് സംസ്ഥാന കാര്യാലയത്തില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. തുടര്‍ന്ന് ആലപ്പുഴ മുഹമ്മയിലെ അദേഹത്തിന്റെ വസതിയില്‍ അന്ത്യകര്‍മ്മകള്‍ നടക്കും.

1927ല്‍ ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയില്‍ ജനിച്ചു. ചാരമംഗലം താമരശ്ശേരി ഇല്ലത്ത് പരമേശ്വരന്‍ ഇളയതിന്റെയും സാവിത്രി അന്തര്‍ജ്ജനത്തിന്റെയും ഇളയമകനായാണ് ജനനം. ചങ്ങനാശ്ശേരി എസ്ബി കോളജില്‍ പ്രീഡിഗ്രിയും, തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജില്‍ നിന്ന് ചരിത്രത്തില്‍ ബിരുദവും പൂര്‍ത്തിയാക്കി. ചെറുപ്പം മുതല്‍ സംഘപരിവാര്‍ പ്രസ്ഥാനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചു. 1950 ല്‍ മുഴുവന്‍ സമയപ്രവര്‍ത്തകനായി. 57 ല്‍ ജനസംഖത്തിന്റെ സംഘടനാ സെക്രട്ടറി ചുമതല വഹിച്ചു. തുടര്‍ന്ന് ഓള്‍ ഇന്ത്യ ജനറല്‍ സെക്രട്ടറിയായും വൈസ് പ്രസിഡന്റായും പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചു. പിന്നീട് കക്ഷിരാഷ്ട്രീയത്തില്‍ നിന്ന് പിന്‍വാങ്ങി ആര്‍എസ്എസ് പ്രചാരകനായി തുടര്‍ന്നു.

1977 മുതല്‍ 1982 വരെ ദല്‍ഹി കേന്ദ്രമായി ദീനദയാല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഡയറക്ടറായിരുന്നു. 1982ല്‍ തിരുവനന്തപുരത്ത് ഭാരതീയ വിചാരകേന്ദ്രം സ്ഥാപിച്ചു. കന്യാകുമാരി വിവേകാനന്ദ കേന്ദ്രത്തിന്റെ ഉപാദ്ധ്യക്ഷനായ അദ്ദേഹം പിന്നീട് അധ്യക്ഷനായി പ്രവര്‍ത്തിച്ച് വരികയായിരുന്നു. 2004ല്‍ പത്മശ്രീ പുരസ്‌കാരവും 2018ല്‍ പത്മവിഭൂഷണ്‍ പുരസ്‌കാരവും പരമേശ്വരനെ തേടിയെത്തി.

Next Story

RELATED STORIES

Share it