Kerala

സംസ്ഥാനത്തിന് പുറത്തേക്ക് യാത്രാനുമതി നല്‍കല്‍; മാര്‍ഗനിര്‍ദേശങ്ങളായി

കുടുങ്ങിപ്പോയ വ്യക്തികള്‍ക്ക് പാസുകള്‍ പരിശോധിച്ച് അനുവദിക്കുന്നത് ജില്ലാ കലക്ടര്‍മാരാണ്. ഇതിനൊപ്പം നിശ്ചിത ഫോര്‍മാറ്റില്‍ ആരോഗ്യ സര്‍ട്ടിഫിക്കറ്റും നല്‍കും.

സംസ്ഥാനത്തിന് പുറത്തേക്ക് യാത്രാനുമതി നല്‍കല്‍; മാര്‍ഗനിര്‍ദേശങ്ങളായി
X

തിരുവനന്തപുരം: കേരളത്തില്‍ കുടുങ്ങിപ്പോയ അതിഥിത്തൊഴിലാളികൾ അല്ലാത്തവര്‍ക്ക് സംസ്ഥാനത്തിന് പുറത്തേക്കുള്ള യാത്രാനുമതി സംബന്ധിച്ച് പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങളായി. കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിന് വിധേയമായി സംസ്ഥാനത്തിന് പുറത്തേക്ക് പോകേണ്ടവര്‍ക്കുള്ള പാസ് അനുവദിക്കുന്നതു സംബന്ധിച്ച് ജില്ലാ കലക്ടര്‍മാര്‍ പാലിക്കേണ്ട നിര്‍ദേശങ്ങളാണിവ.

കൊവിഡ് ലക്ഷണങ്ങളില്ലാത്തവര്‍ക്കാണ് യാത്രാനുമതി നല്‍കുക. കാറുകളുള്‍പ്പെടെയുള്ള വാഹനങ്ങളില്‍ സാമൂഹ്യ അകലം പാലിച്ചേ യാത്ര ചെയ്യാവൂ. എത്തുന്ന സ്ഥലങ്ങളില്‍ /സംസ്ഥാനങ്ങളില്‍ ഇവരുടെ ആരോഗ്യനില പരിശോധിക്കുകയും വേണം. കുടുങ്ങിപ്പോയ വ്യക്തികള്‍ക്ക് പാസുകള്‍ പരിശോധിച്ച് അനുവദിക്കുന്നത് ജില്ലാ കലക്ടര്‍മാരാണ്. ഇതിനൊപ്പം നിശ്ചിത ഫോര്‍മാറ്റില്‍ ആരോഗ്യ സര്‍ട്ടിഫിക്കറ്റും നല്‍കും.

ആവശ്യാനുസരണം ജില്ലാ ഭരണകൂടം ആരോഗ്യ പരിശോധനയ്ക്കുള്ള കേന്ദ്രങ്ങള്‍ നിശ്ചയിക്കും. ഈ കേന്ദ്രങ്ങള്‍ സംബന്ധിച്ച് ആവശ്യമായ അറിയിപ്പും പ്രചാരണവും ജില്ലാ ഭരണകൂടം നല്‍കണം. രോഗലക്ഷണങ്ങളില്ലാത്ത വ്യക്തികള്‍ക്ക് യാത്രാനുമതിക്കായാണ് മെഡിക്കല്‍ പരിശോധന. സര്‍ട്ടിഫിക്കറ്റില്‍ കൊവിഡ് പോസിറ്റീവ് സമ്പര്‍ക്ക ചരിത്രം ഉള്‍പ്പെടെ വ്യക്തിയുടെ സെല്‍ഫ് ഡിക്ലറേഷന് അനുസൃതമായി രേഖപ്പെടുത്തും. യാത്രാ പാസില്‍ വാഹന നമ്പര്‍, യാത്രക്കാരുടെ വിവരം തുടങ്ങിയവ രേഖപ്പെടുത്തും.

അഞ്ചു സീറ്റ് കാറുകളില്‍ നാലു യാത്രക്കാര്‍ക്കും ഏഴു സീറ്റ് കാറുകളില്‍ അഞ്ചു യാത്രക്കാര്‍ക്കും സാമൂഹ്യ അകലം പാലിച്ച് യാത്രചെയ്യാം. സാനിറ്റൈസറും മാസ്‌കും യാത്രക്കാര്‍ നിര്‍ബന്ധമായി ഉപയോഗിക്കണം. പാസ് അനുവദിച്ച തീയതി മുതല്‍ രണ്ടുദിവസത്തിനുള്ളിലാകണം യാത്ര ആരംഭിക്കേണ്ടത്. യാത്രാനുമതി സംബന്ധിച്ച് വിവരങ്ങള്‍ ജില്ലാ കലക്ടര്‍ സൂക്ഷിക്കണം. ദൈനംദിന റിപ്പോര്‍ട്ട് സംസ്ഥാനതല വാര്‍ റൂമില്‍ നല്‍കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

Next Story

RELATED STORIES

Share it