Kerala

ഗവര്‍ണറെ തടഞ്ഞ് പ്രതിപക്ഷം, ഗോ ബാക്ക് വിളി; നിയമസഭയില്‍ പ്രക്ഷുബ്ധരംഗങ്ങള്‍

വാച്ച് ആന്റ് വാര്‍ഡിന്റെ വലയത്തിലാണ് ഗവര്‍ണറെ നയപ്രഖ്യാപനത്തിനായി സ്പീക്കറുടെ ഡയസിലെത്തിച്ചത്. തുടര്‍ന്ന് പ്രതിപക്ഷം ഒന്നടങ്കം നിയമസഭ ബഹിഷ്‌കരിച്ച് പുറത്തുപോയി.

ഗവര്‍ണറെ തടഞ്ഞ് പ്രതിപക്ഷം, ഗോ ബാക്ക് വിളി; നിയമസഭയില്‍ പ്രക്ഷുബ്ധരംഗങ്ങള്‍
X

തിരുവനന്തപുരം: 14ാം കേരള നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന്റെ ഭാഗമായുള്ള നയപ്രഖ്യാപനപ്രസംഗത്തിനായി നിയമസഭയിലെത്തിയ ഗവര്‍ണറെ തടഞ്ഞ് പ്രതിപക്ഷത്തിന്റെ പ്രതിഷേധം. പ്ലക്കാര്‍ഡുകളും ബാനറുമായി നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷ അംഗങ്ങള്‍ ഗവര്‍ണര്‍ക്ക് ഗോ ബാക്ക് വിളിച്ചു. ഗവര്‍ണര്‍ കടന്നുവരുന്ന വഴിതടഞ്ഞ് ബാനറുമായി പ്രതിപക്ഷ അംഗങ്ങള്‍ നിലയുറപ്പിച്ചത് നിയമസഭയില്‍ പ്രക്ഷുബ്ധരംഗങ്ങള്‍ക്കിടയാക്കി. നിയമസഭയുടെ ചരിത്രത്തില്‍ അസാധാരണമായ സംഭവങ്ങള്‍ക്കാണ് 14ാം കേരള നിയമസഭയുടെ 18ാം സമ്മേളനം സാക്ഷിയായത്. കെ എം മാണി ബജറ്റ് അവതരിപ്പിക്കുന്നതിനെതിരേ അന്നത്തെ പ്രതിപക്ഷം നിയമസഭയില്‍ ഉയര്‍ത്തിയ പ്രതിഷേധങ്ങള്‍ക്കുശേഷമുണ്ടായ ഏറ്റവും വലിയ പ്രതിഷേധമാണ് ഇന്ന് അരങ്ങേറിയത്.

മുഖ്യമന്ത്രി, സ്പീക്കര്‍, ചീഫ് സെക്രട്ടറി എന്നിവര്‍ക്കൊപ്പമാണ് ഗവര്‍ണര്‍ എത്തിയത്. അല്‍പനേരത്തേക്ക് മുഖ്യമന്ത്രിയടക്കമുള്ളവര്‍ പ്രതിപക്ഷ നീക്കത്തില്‍ സ്തംഭിച്ചുനിന്നു. കൂപ്പുകൈകളുമായി ഗവര്‍ണറും നില്‍ക്കുന്നുണ്ടായിരുന്നു. സ്പീക്കറിന്റെ നിര്‍ദേശം ലഭിക്കാത്തതിനാല്‍ വാച്ച് ആന്റ് വാര്‍ഡും എന്തുചെയ്യണമെന്നറിയാതെ കുഴങ്ങി. തുടര്‍ന്ന് വഴിയില്‍നിന്ന് പിന്‍മാറണമെന്ന് സ്പീക്കര്‍ പ്രതിപക്ഷ അംഗങ്ങളോട് അഭ്യര്‍ഥിച്ചെങ്കിലും അവര്‍ വഴങ്ങിയില്ല. മുഖ്യമന്ത്രിയും അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. നിയമസഭയില്‍ ഔദ്യോഗിക നടപടിക്രമങ്ങള്‍ തുടങ്ങാത്തതിനാല്‍ സ്പീക്കര്‍ക്ക് റൂളിങ് നല്‍കാന്‍ കഴിയുമായിരുന്നില്ല. ഗവര്‍ണര്‍ക്ക് ഗോ ബാക്ക് വിളിയുമായി പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചതോടെ സ്പീക്കര്‍ വാച്ച് ആന്റ് വാര്‍ഡിനെ ക്ഷണിക്കുകയായിരുന്നു.

തുടര്‍ന്ന് പ്രതിപക്ഷ എംഎല്‍എമാരെ ബലപ്രയോഗത്തിലൂടെ വാച്ച് ആന്റ് വാര്‍ഡ് നീക്കി. ഇതിനുശേഷം വാച്ച് ആന്റ് വാര്‍ഡിന്റെ വലയത്തിലാണ് ഗവര്‍ണറെ നയപ്രഖ്യാപനത്തിനായി സ്പീക്കറുടെ ഡയസിലെത്തിച്ചത്. തുടര്‍ന്ന് സ്പീക്കര്‍ ഗവര്‍ണറെ നയപ്രഖ്യാപനത്തിനായി ക്ഷണിച്ചു. ഗവര്‍ണര്‍ നയപ്രഖ്യാപനപ്രസംഗം ആരംഭിച്ചപ്പോള്‍തന്നെ പ്രതിപക്ഷം മുദ്രാവാക്യം വിളി തുടങ്ങി. ഗവര്‍ണര്‍ക്കും സര്‍ക്കാരിനുമെതിരേ ആയിരുന്നു മുദ്രാവാക്യം വിളികള്‍. തുടര്‍ന്ന് പ്രതിപക്ഷം ഒന്നടങ്കം നിയമസഭ ബഹിഷ്‌കരിച്ച് പുറത്തുപോവുകയായിരുന്നു. ഭരണഘടന സംരക്ഷിക്കുക, സിഎഎ പിന്‍വലിക്കുക, ഗവര്‍ണര്‍ ഗോ ബാക്ക് തുടങ്ങിയ പ്ലക്കാര്‍ഡുകളുമായാണ് പ്രതിപക്ഷം നിയമസഭയിലെത്തിയത്. ഭരണഘടനയുടെ ആമുഖമുയര്‍ത്തിയാണ് അംഗങ്ങള്‍ നിയമസഭയില്‍ പ്രതിഷേധമുയര്‍ത്തിയത്. നിയമസഭയില്‍ ഗവര്‍ണറുടെ നയപ്രഖ്യാപനപ്രസംഗം പുരോഗമിക്കുകയാണ്.

Next Story

RELATED STORIES

Share it