Top

ഓണ്‍ലൈന്‍ പഠനം നാളെ തുടങ്ങും; നിസഹായരായി ആദിവാസി വിദ്യാര്‍ഥികള്‍

അധ്യയന വര്‍ഷം ആരംഭിച്ച് ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങിയാലും ആദിവാസി കുടികളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് ബദല്‍ സംവിധാനമൊരുക്കിയില്ലെങ്കില്‍ ഇവരുടെ വിദ്യാഭ്യാസം പൂര്‍ണമായി നിലക്കുമെന്ന അവസ്ഥയാണുള്ളത്.

ഓണ്‍ലൈന്‍ പഠനം നാളെ തുടങ്ങും; നിസഹായരായി ആദിവാസി വിദ്യാര്‍ഥികള്‍

തിരുവനന്തപുരം: കൊവിഡിന്റെ പശ്ചാത്തലത്തില്‍ നിശ്ചലമായ വിദ്യാഭ്യാസ മേഖലക്ക് പുത്തന്‍ ഉണര്‍വ് പകരാന്‍ ഒരുങ്ങുകയാണ് ഓണ്‍ലൈന്‍ ക്ലാസുകളിലൂടെ സര്‍ക്കാര്‍. സര്‍ക്കാര്‍ സ്‌കൂളുകളിലെ ക്ലാസുകള്‍ നാളെ ആരംഭിക്കാനിരിക്കെ സംസ്ഥാനത്തെ ആദിവാസി വിദ്യാര്‍ത്ഥികളുടെ പഠനത്തിനുള്ള സൗകര്യങ്ങള്‍ ഇതുവരെ തയ്യാറായിട്ടില്ല.

ഇന്റര്‍നെറ്റ് സൗകര്യത്തിന്റെ അപര്യാപ്തത ഉള്ളവര്‍ക്ക് തദ്ദേശസ്ഥാപനങ്ങളുടെ സഹായത്തോടെ വാര്‍ഡ് തലത്തില്‍ ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യം ഒരുക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ആദിവാസി ഗ്രാമങ്ങളില്‍ നടപടികളെത്തിയിട്ടില്ലെന്നാണ് വിവരം. ഇത്തരം ക്ലാസുകളെ കുറിച്ചുള്ള പ്രാഥമിക വിവരം പോലും ഇല്ലാത്തവരാണ് ആദിവാസി ഗ്രാമങ്ങളിലുള്ളത്. സൗകര്യങ്ങള്‍ ഒരുക്കിയാല്‍ തന്നെ ഇവരെ ഈ വിദ്യാഭ്യാസ രീതിയെ കുറിച്ച് ബോധവല്‍ക്കരിക്കേണ്ടതുണ്ട്. കൂടാതെ പഠനം നടക്കുന്നുണ്ടോയെന്ന് പരിശോധിക്കാനും സംവിധാനം വേണ്ടി വരും.

ആധുനിക സംവിധാനത്തിന്റെ സഹായത്തോടെ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ച് സാക്ഷര കേരളം ചരിത്രം കുറിക്കാന്‍ ഒരുങ്ങുമ്പോഴാണ് ഇക്കൂട്ടര്‍ നിസഹായവരാവുന്നത്. സ്മാര്‍ട്ട് ഫോണുകളും ലാപ്‌ടോപ്പും ടാബും ഒന്നുമില്ലാതെ നിസഹായരാണ് ഇവര്‍. ഈ സംവിധാനങ്ങള്‍ ഉണ്ടെങ്കില്‍ പോലും വേണ്ട നെറ്റ്വര്‍ക്ക് കവറേജ് ഇല്ലാത്തതും വെല്ലുവിളിയാണ്. പുതിയ ഫോണും കമ്പ്യൂട്ടറും വാങ്ങി നല്‍കി വിദ്യാര്‍ഥികളെ പഠിപ്പിക്കാന്‍ ആദിവാസി നിര്‍ധന കുടുംബങ്ങള്‍ക്ക് കഴിവില്ല. ആദിവാസി കുടികളിലെ വിദ്യാര്‍ഥികള്‍ക്കായി സര്‍ക്കാര്‍ വേണ്ട നടപടി സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം. അധ്യയന വര്‍ഷം ആരംഭിച്ച് ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങിയാലും ആദിവാസി കുടികളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് ബദല്‍ സംവിധാനമൊരുക്കിയില്ലെങ്കില്‍ ഇവരുടെ വിദ്യാഭ്യാസം പൂര്‍ണമായി നിലക്കുമെന്ന അവസ്ഥയാണുള്ളത്.

ഫസ്റ്റ്ബെല്‍ എന്ന പദ്ധതി വിക്ടേഴ്സ് ചാനല്‍ വഴിയാണ് നടപ്പാക്കുന്നത്. ക്ലാസുകള്‍ സംപ്രേഷണം ചെയ്യുന്നത് സംബന്ധിച്ച വിവരങ്ങള്‍ ജില്ലയിലെ വിദ്യാര്‍ഥികളിലും രക്ഷിതാക്കളിലും സ്‌കൂള്‍ അധ്യാപകതലത്തില്‍ എത്തിക്കും. ടിവി ഇല്ലാത്തവര്‍ക്ക് മറ്റ് സംവിധാനങ്ങള്‍ ഉപയോഗിച്ച് പഠനത്തിലേക്ക് കടക്കുന്നതിനുള്ള മാര്‍ഗങ്ങളും ലഭ്യമാക്കും. ക്ലാസുകളുടെ റിക്കാര്‍ഡിങ് സംസ്ഥാന, ജില്ലാ തലത്തില്‍ ആരംഭിച്ചതായി പൊതുവിദ്യഭ്യാസവകുപ്പ് അധികൃതര്‍ അറിയിച്ചു. ജനപ്രതിനിധികളുടെയും പഞ്ചായത്തിന്റെയും അതത് പ്രദേശത്തെ അധ്യാപകരുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും സഹായത്തോടെയാണ് സജ്ജീകരണങ്ങള്‍ തയ്യാറാക്കുക. വായനശാലകള്‍, കുടുംബശ്രീ, അങ്കണവാടികള്‍ എന്നിവിടങ്ങളില്‍ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചായിരി്ക്കും ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യം ഒരുക്കുക. അതത് സ്‌കൂളുകളിലെ ക്ലാസ് ടീച്ചര്‍മാര്‍ വിദ്യാര്‍ഥികളുമായും രക്ഷിതാക്കളുമായും ബന്ധപ്പെട്ട് ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കുന്ന വിവരം എത്തിക്കും.

വിക്ടേഴ്സ് ചാനലില്‍ ക്ലാസുകള്‍ ലൈവായി കാണാന്‍ സൗകര്യങ്ങള്‍ ഇല്ലെങ്കില്‍ യു ട്യൂബ് ഉള്‍പ്പടെയുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് ക്ലാസുകള്‍ എങ്ങനെ കാണാന്‍ കഴിയുമെന്ന കാര്യം വിശദീകരിക്കും. ഇന്റര്‍നെറ്റ് സൗകര്യം ഇല്ലാത്ത കോളനികള്‍ ഉള്‍പ്പടെയുള്ള ഇടങ്ങളില്‍ താമസിക്കുന്നവര്‍ക്കാണ് ബദല്‍ സംവിധാനത്തിലൂടെ ക്ലാസ് ലഭ്യമാക്കുക. ഇതിനുള്ള നിര്‍ദേശങ്ങള്‍ അധ്യാപകര്‍ക്കും സ്‌കൂള്‍ അധികൃതര്‍ക്കും നല്‍കിയിട്ടുണ്ട്. വിക്ടേഴ്സ് ചാനലില്‍ രാവിലെ 8.30 മുതല്‍ വൈകീട്ട് ആറുവരെയാണ് ഓരോ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേകം ക്ലാസ് നല്‍കുന്നത്. ഓരോ വിഷയത്തിനും പ്രൈമറി തലത്തില്‍ അരമണിക്കൂറും ഹൈസ്‌കൂള്‍ തലത്തില്‍ ഒരു മണിക്കൂറുമാണ് ക്ലാസ്. തിങ്കള്‍ മുതല്‍ വെള്ളി വരെയാണ് ക്ലാസ്. കൈറ്റിന്റെ സാങ്കേതിക പിന്തുണയോടെയാണ് ക്ലാസുകള്‍ നടത്തുന്നത്.

Next Story

RELATED STORIES

Share it