Kerala

ഒരാള്‍ക്കുകൂടി കുരങ്ങുപനി സ്ഥിരീകരിച്ചു; വയനാട്ടില്‍ രോഗബാധിതരുടെ എണ്ണം 28 ആയി

മൂന്നുപേരാണ് ജില്ലയില്‍ ഈ വര്‍ഷം കുരങ്ങുപനി ബാധിച്ച് മരിച്ചത്. നിലവില്‍ രോഗലക്ഷണങ്ങളോടെ മൂന്നുപേര്‍ ചികില്‍സയിലാണ്. ഇതുവരെ 58 പേരുടെ സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

ഒരാള്‍ക്കുകൂടി കുരങ്ങുപനി സ്ഥിരീകരിച്ചു; വയനാട്ടില്‍ രോഗബാധിതരുടെ എണ്ണം 28 ആയി
X

കല്‍പ്പറ്റ: വയനാട്ടിലെ തിരുനെല്ലി പഞ്ചായത്തില്‍ ഒരാള്‍ക്കുകൂടി കുരങ്ങുപനി സ്ഥിരീകരിച്ചു. അപ്പപ്പാറയിലെ ബേഗൂര്‍ കോളനിയിലെ 32കാരനാണ് രോഗം സ്ഥിരീകരിച്ചത്. കുരങ്ങുപനി പ്രത്യേക ചികില്‍സാകേന്ദ്രമായ ബത്തേരി താലൂക്കാശുപത്രിയില്‍ ചികില്‍സയിലാണ് യുവാവ്. ഏപ്രില്‍ 29നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. യുവാവിന്റെ സാംപിള്‍ പരിശോധനാഫലം വെള്ളിയാഴ്ചയാണ് കിട്ടിയത്. ജില്ലയില്‍ ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 28 ആയി.

മൂന്നുപേരാണ് ജില്ലയില്‍ ഈ വര്‍ഷം കുരങ്ങുപനി ബാധിച്ച് മരിച്ചത്. നിലവില്‍ രോഗലക്ഷണങ്ങളോടെ മൂന്നുപേര്‍ ചികില്‍സയിലാണ്. ഇതുവരെ 58 പേരുടെ സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 28 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയായിരുന്നു. 29 പേരുടെ ഫലം നെഗറ്റീവാണ്. ഇനി ചെതലയം പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ പരിധിയിലെ ഒരാളുടെ ഫലംകൂടി വരാനുണ്ട്. രോഗം സ്ഥിരീകരിച്ച ബേഗൂര്‍ സ്വദേശിയും, രോഗലക്ഷണങ്ങളോടെ ചികില്‍സയിലുള്ള ചെതലയം പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ പരിധിയിലുള്ള ഒരാളുമാണ് ഇപ്പോള്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നത്.

തിരുനെല്ലി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലായി ഇന്നലെ 382 പേര്‍ക്ക് കൂടി കുരങ്ങുപനിക്ക് എതിരേയുള്ള കുത്തിവയ്പ് നല്‍കി. തിരുനെല്ലി ഗുണ്ടിക കാപ്പ് കോളനി, പനവല്ലി കോളനി എന്നിവിടങ്ങളിലായിരുന്നു ഇന്നലെ ക്യാംപ് നടന്നത്. ഇതോടെ തിരുനെല്ലി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി 1,1651 പേര്‍ക്ക് കുത്തിവയ്പ്പ് നല്‍കി. കുരങ്ങുപനി പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി തിരുനെല്ലി പഞ്ചായത്തില്‍ 2 കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. ബേഗൂര്‍ വായനശാല, ചേലൂര്‍ വായനശാല എന്നിവിടങ്ങളിലാണ് കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കുന്നത്. സബ് കലക്ടര്‍ ഓഫിസില്‍ ജില്ലാതല കണ്‍ട്രോള്‍ റൂം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ട്.

Next Story

RELATED STORIES

Share it