Kerala

ഇന്ധന വിലവർധനവ്: ട്രക്ക് ഉടമകൾ സമരത്തിലേക്ക്

ഓൾ കേരളാ ട്രക്ക് ഓണേഴ്‌സ് അസോസിയേഷനാണ് വെള്ളിയാഴ്ച മുതൽ അനിശ്ചിതകാല പണിമുടക്കിന് ആഹ്വാനം ചെയ്തത്.

ഇന്ധന വിലവർധനവ്: ട്രക്ക് ഉടമകൾ സമരത്തിലേക്ക്
X

തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിക്ക് പുറമേ ഇന്ധന വിലവർധനവും താങ്ങാനാകാതെ വന്നതോടെ ട്രക്ക് ഉടമകൾ സമരത്തിലേയ്ക്ക്. ചരക്കുവാഹനങ്ങളുടെ വാടകയും കുറഞ്ഞുവരുന്നതിനാൽ കനത്ത നഷ്ടമാണ് ഉടമകൾ നേരിടുന്നത്. കൊവിഡ് കാലത്തും കൃത്യമായി നടക്കുന്ന ചരക്കുനീക്കം നിലയ്ക്കുന്നതോടെ അവശ്യസാധനങ്ങളുടെ വിലക്കയറ്റമുണ്ടായേക്കുമെന്നാണ് വിലയിരുത്തൽ.

ഓൾ കേരളാ ട്രക്ക് ഓണേഴ്‌സ് അസോസിയേഷനാണ് വെള്ളിയാഴ്ച മുതൽ അനിശ്ചിതകാല പണിമുടക്കിന് ആഹ്വാനം ചെയ്തത്. പതിനയ്യായിരത്തോളം ചരക്കു ലോറികൾ സമരത്തിന്റെ ഭാഗമാകും. ഡീസൽ വില വർധനവ് പിൻവലിക്കുക, ചരക്കു വാഹനങ്ങളുടെ ത്രൈമാസ നികുതി 25 ശതമാനം ഒഴിവാക്കി നൽകുക, ജിപിഎസ് സ്ഥാപിക്കുന്നതിന് ചരക്കുവാഹനങ്ങളോട് കാണിക്കുന്ന വിവേചനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ട്രക്ക് ഉടമകൾ ഉന്നയിക്കുന്നത്.

കൊവിഡ് പ്രതിസന്ധിമൂലം ചരക്കുവാഹന ഉടമകൾക്കും കനത്ത സാമ്പത്തിക നഷ്ടമാണുണ്ടായത്. ഇതിനിടെ വർധിപ്പിച്ച ക്ഷേമ നിധി ഉടമവിഹിതം പലരെയും കടക്കെണിയിലാക്കി. അനിശ്ചിതകാലം സമരം നീണ്ടാൽ സംസ്ഥാനത്തെ ചരക്കു നീക്കം അവതാളത്തിലാകും, ഇത് അവശ്യ സാധനങ്ങളുടെ വിലവർധനവിലേക്കാകും നയിക്കുക.

Next Story

RELATED STORIES

Share it