Kerala

ബൈക്കിലെത്തി കവര്‍ച്ച; ഇതര സംസ്ഥാനക്കാരായ മൂന്ന് പേര്‍ പിടിയില്‍

ബൈക്കിലെത്തി കവര്‍ച്ച; ഇതര സംസ്ഥാനക്കാരായ മൂന്ന് പേര്‍ പിടിയില്‍
X
തൃശൂര്‍: പെരിഞ്ഞനത്ത് റിട്ട. അധ്യാപികയുടെ സ്വര്‍ണ മാല കവര്‍ന്ന കേസില്‍ ഇതര സംസ്ഥാനക്കാരായ മൂന്ന് പേര്‍ പിടിയില്‍. ഡല്‍ഹി, ഉത്തര്‍ പ്രദേശ് സ്വദേശികളാണ് പിടിയില്‍ ആയത്. ഉത്തരേന്ത്യയില്‍ നിന്ന് ട്രെയിനിലാണ് പ്രതികള്‍ ബൈക്ക് കേരളത്തില്‍ എത്തിച്ചതെന്ന് പോലിസ് പറഞ്ഞു.

ഡല്‍ഹി സ്വദേശികളായ മുഹമ്മദ് മഹ്ഫൂസ് , മുഹമ്മദ് അക്വില്‍, ഉത്തര്‍പ്രദേശ് സ്വദേശി അങ്കുര്‍ എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ച്ച വൈകീട്ട് അഞ്ചരയോടെയാണ് പെരിഞ്ഞനം ചക്കാലക്കല്‍ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ശ്രീദേവിയുടെ അഞ്ചു പവന്‍ തൂക്കമുള്ള മാല ആഡംബര ബൈക്കിലെത്തി പ്രതികള്‍ കവര്‍ന്നത്.

ഉടന്‍ തന്നെ പോലിസെത്തി സമീപത്തെ വീട്ടിലെ സിസിടിവി പരിശോധിച്ച് ദ്യശ്യങ്ങള്‍ ശേഖരിച്ചു. ഉടന്‍ അയല്‍ ജില്ലകളിലെ പോലിസ് സ്‌റ്റേഷനിലേക്കും നിര്‍ദ്ദേശങ്ങള്‍ നല്‍കി. ഇരിങ്ങാലക്കുട ഇന്‍സ്‌പെക്ടര്‍ എംജെ ജിജോയും സംഘവും അതു വഴി പാഞ്ഞു വന്ന ബൈക്ക് തടയുകയും ഒരു പ്രതിയെ പിടികൂടുകയും ചെയ്തു.

ഇതിനിടയില്‍ രണ്ടാമന്‍ ബൈക്കുമായി രക്ഷപ്പെട്ടിരുന്നു. പിടിയിലായയാളെ ചോദ്യം ചെയ്തപ്പോള്‍ എറണാകുളത്ത് സംഘത്തിലുള്ളവര്‍ ഉണ്ടെന്നു കണ്ടെത്തി. തുടര്‍ന്ന് എറണാകുളത്തെ പോലിസിനും വിവരം നല്‍കി. രണ്ടു സംഘങ്ങളായി തിരിഞ്ഞ് പോലിസ് റെയില്‍വേ പോലിസിനും കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കും ഓട്ടോ റിക്ഷ തൊഴിലാളികള്‍ക്കും പ്രതികളുടെ ലഭ്യമായ ക്യാമറാ ദൃശ്യങ്ങളും, വിവരങ്ങളും നല്‍കി.

ഓരോ ബസുകളിലും കയറി ആളുകളെ നിരീക്ഷിച്ചു. ഇരിങ്ങാലക്കുടയില്‍ നിന്നു രക്ഷപ്പെട്ടയാള്‍ ബൈക്കില്‍ ഈ സമയം എറണാകുളത്ത് എത്തിയിരുന്നു. എറണാകുളത്തേക്ക് എത്തിയ പോലീസ് സംഘം ആലുവ അമ്പാട്ടുകാവില്‍ വച്ച് ബൈക്കില്‍ പോകുകയായിരുന്ന പ്രതിയെ പിടികൂടുകയായിരുന്നു. ബൈക്ക് തടഞ്ഞ പോലിസിനെ കണ്ട് വാഹനം ഉപേക്ഷിച്ച് ഇയാള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചുവെങ്കിലും പോലിസ് കീഴടക്കി. ഇവരുടെ കൂട്ടു പ്രതിയെ പിന്നീട് ആലുവയില്‍ വച്ചു പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലില്‍ തൃശൂര്‍ ജില്ലയിലെ അന്തിക്കാട്, മുളന്തുരുത്തി എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ, ബിനാനി പുരം എന്നിവിടങ്ങളില്‍ സമാനമായ കുറ്റം ചെയ്തതായി പ്രതികള്‍ സമ്മതിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it